ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയിലാണ് യുവാക്കളുടെ സ്ഥാനം. ഇന്ന്, സ്മാര്‍ട്ട് ഫോണില്ലാത്ത കോളേജ് വിദ്യാര്‍ത്ഥികള്‍ തന്നെ വിരളമാണ്. രാവിലെ ഉണരുന്നത് മുതല്‍, ഒഴിവുസമയങ്ങളിലെല്ലാം മൊബൈലില്‍ തന്നെ.

എന്നാല്‍ അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം വിദ്യാര്‍ത്ഥികളില്‍ വളരെ വലിയൊരു പ്രശ്‌നത്തിന് ഇടയാക്കുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. 'ജേണല്‍ ഓഫ് കംപ്യൂട്ടര്‍ അസിസ്റ്റഡ് ലേണിംഗ്' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നത്. യുകെയിലെ 'സ്വാന്‍സീ' യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് പഠനം സംഘടിപ്പിച്ചത്.

അതായത്, അമിതമായി ഇന്റര്‍നെറ്റില്‍ സമയം ചിലവിടുമ്പോള്‍ അത് പഠിക്കാനുള്ള മാനസികാവസ്ഥ ഇല്ലാതാക്കുന്നുവെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ഇത് വളരെ ഗൗരവമുള്ള വിഷയമാണെന്നും ശ്രദ്ധിച്ചില്ലെങ്കില്‍ കരിയര്‍ തന്നെ നഷ്ടമായിപ്പോകുന്ന സാഹചര്യം ഇതുണ്ടാക്കിയേക്കുമെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.

മദ്യത്തിനും മറ്റ് ലഹരികള്‍ക്കും അടിപ്പെടുന്നത് പോലെ തന്നെ ഫോണിനും അടിപ്പെടാനുള്ള സാധ്യതകള്‍ കൂടുതലാണ്. എന്നാല്‍ ഇന്റര്‍നെറ്റ് ലോകത്തില്‍ തന്നെ വിഹരിച്ച് നടക്കുമ്പോള്‍ പഠനത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ അകലുന്നു. ഇതോടൊപ്പം തന്നെ അമിത ഇന്റര്‍നെറ്റ് ഉപയോഗം ഏകാന്തതയും ഉത്കണ്ഠയും സൃഷ്ടിക്കുകയും ചെയ്യുമത്രേ. ഇതും വിദ്യാര്‍ത്ഥികളുടെ മാനസികാവസ്ഥയെ മോശമായി ബാധിക്കുന്നു.- പഠനം പറയുന്നു.

പഠനത്തില്‍ പങ്കാളികളായ വിദ്യാര്‍ത്ഥികളില്‍ 25 ശതമാനം പേരും ദിവസത്തില്‍ നാല് മണിക്കൂറിലധികം സമയം ഇന്റര്‍നെറ്റില്‍ ചിലവിടുന്നുണ്ടത്രേ. ഇതില്‍ നാല്‍പത് ശതമാനം ഉപയോഗവും സോഷ്യല്‍ മീഡിയകളുടേതാണെന്നും മുപ്പത് ശതമാനം വിവരശേഖരണത്തിനും ബാക്കി മറ്റ് ഉപയോഗങ്ങള്‍ക്കുമാണെന്നും പഠനം കണ്ടെത്തി.