കളിക്കുന്നതിനിടെ ഷോള്‍ കഴുത്തില്‍ കുരുങ്ങി ജീവന്‍ നഷ്ടപ്പെട്ട എത്രയോ കുഞ്ഞുങ്ങളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. ഇന്നും സമാനമായൊരു സംഭവം കോട്ടയത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദാരുണമായി മരിച്ചത്.

ആദ്യം സൂചിപ്പിച്ചത് പോലെ ഇതുപോലുള്ള എത്രയോ സംഭവങ്ങള്‍ നമ്മള്‍ മുമ്പും കേട്ടിട്ടുണ്ട്. എത്ര വാര്‍ത്തകള്‍ പത്രത്തിലൂടെയും ടെലിവിഷനിലൂടെയും അറിയുന്നുണ്ട്. എന്നിട്ടും അത് ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അതില്‍ മാതാപിതാക്കളുടെ അശ്രദ്ധയും ഒരു കാരണമായേക്കാം. 

കോട്ടയത്തെ വിദ്യാര്‍ത്ഥിനിയുടെ മരണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. അതിനാല്‍ ആ കേസില്‍ മാതാപിതാക്കളെ പഴിചാരാനും കഴിയില്ല. എങ്കിലും പൊതുവില്‍ ഇത്തരം സംഭവങ്ങളില്‍ മാതാപിതാക്കളുടെ അശ്രദ്ധ വലിയ പ്രശ്‌നം തന്നെയാണ്. ഇങ്ങനെയുള്ള അപകടങ്ങള്‍ കുട്ടികള്‍ക്ക് സംഭവിക്കാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. 

ഒന്ന്...

കുട്ടികളെ കളിക്കാന്‍ വിടുമ്പോള്‍ അവര്‍ എന്തെല്ലാം തരത്തിലുള്ള കളികളിലാണ് ഏര്‍പ്പെടുന്നത് എന്ന് തീര്‍ച്ചയായും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. തൊട്ടില്‍, ഷോള്‍, കയര്‍ അതുപോലെ തന്നെ തീ, എന്നുതുടങ്ങി അപകടങ്ങള്‍ വിളിച്ചുവരുത്തുന്ന സാധനങ്ങള്‍ ഒരു കാരണവശാലും കുട്ടികള്‍ക്ക് കളിക്കാന്‍ നല്‍കരുത്. 

 

 

ശാസിക്കുകയോ അടിക്കുകയോ ചെയ്യുന്നതിന് പകരം അതിന്റെ അപകടത്തെക്കുറിച്ച് സംയമനത്തോടെ അവരെ ബോധ്യപ്പെടുത്തണം. 

രണ്ട്...

കുട്ടികള്‍ കളിക്കാനായി പോയിക്കഴിഞ്ഞാല്‍ പിന്നീട് തിരിച്ചെത്തും വരെ അവരെ അന്വേഷിക്കാതെ, അവരെ അവരുടെ പാടിന് വിടുന്ന മാതാപിതാക്കളുണ്ട്. ഇത് ഏറെ അപകടം പിടിച്ച പ്രവണതയാണ്. കുട്ടികള്‍ കളിക്കാന്‍ പോയാലും ഇടയ്ക്കിടെ അവര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തണം. അഥവാ എന്തെങ്കിലും അപകടങ്ങള്‍ സംഭവിച്ചാലും സമയത്തിന് കാണുന്നത് കൊണ്ട് രക്ഷപ്പെടുത്താനുള്ള സാധ്യതയെങ്കിലും ലഭിക്കുമല്ലോ. 

മൂന്ന്...

തൂങ്ങിമരണം, കഴുത്തുമുറുക്കി കൊല ചെയ്യുന്നത് തുടങ്ങിയ സംഭവങ്ങളുടെ സിനിമാരംഗങ്ങള്‍ കഴിവതും കുട്ടികളെ കാണിക്കാതിരിക്കുക. കാരണം, അവര്‍ മാത്രമാകുന്ന സമയങ്ങളില്‍ അവര്‍ മറ്റ് ഏത് സിനിമാരംഗങ്ങള്‍ അനുകരിക്കുന്നത് പോലെയും അവയും അനുകരിക്കാന്‍ ശ്രമിക്കും. ഇത് അപകടം വിളിച്ചുവരുത്തിയേക്കും. 

നാല്...

കുട്ടികളുടെ മുന്നില്‍ വച്ച് ആത്മഹത്യയെക്കുറിച്ച് സംസാരിക്കുകയും അരുത്. മുതിര്‍ന്നവര്‍ തമ്മിലുള്ള വഴക്കുകള്‍ക്കിടെ വീണുകിട്ടുന്ന വാക്കുകള്‍ കുട്ടികള്‍ മനസിനകത്തേക്കെടുത്തേക്കാം. പിന്നീട് എന്തെങ്കിലും വാശിയോ നിരാശയോ തോന്നുന്ന സമയങ്ങളില്‍ അവരും അതുപോലെ പറയുകയോ അല്ലെങ്കില്‍ വെറുതെ ചെയ്ത് നോക്കുകയോ ചെയ്‌തേക്കാം. 

 


ഇത്തരം നിസാരമായ ശ്രമങ്ങള്‍ ഒരുപക്ഷേ ഗൗരവമുള്ള അവസ്ഥയിലേക്കെത്താം.

അഞ്ച്...

കുട്ടികള്‍ എന്തെങ്കിലും ചെറിയ തെറ്റ് ചെയ്യുമ്പോഴേക്ക് അവരെ വലിയ രീതിയില്‍ ശാസിക്കുകയോ ഭയപ്പെടുത്തുകയോ അടിക്കുകയോ ചെയ്യരുത്. ഈ ശിക്ഷണം ഒരിക്കലും മാതൃകാപരമല്ലെന്ന് മനസിലാക്കുക. ഇത്തരത്തില്‍ കുട്ടികളെ കൈകാര്യം ചെയ്താല്‍ എന്തെങ്കിലും അപകടങ്ങള്‍ സംഭവിക്കുമ്പോഴും അവര്‍ നിങ്ങളെ വിളിക്കുകയോ, സഹായം ചോദിക്കുകയോ, എന്തിനധികം ഒന്നുറക്കെ കരയാന്‍ പോലും ഭയപ്പെട്ടേക്കാം. അതിനാല്‍ എന്തും തുറന്നുപറയാനും ചര്‍ച്ച ചെയ്യാനുമുള്ള സ്വാതന്ത്ര്യം ചെറുതിലേ മുതല്‍ കുട്ടികള്‍ക്ക് നല്‍കുക. വഴിയില്‍ അവരെ കാത്തിരിക്കുന്ന ഏത് തരത്തിലുള്ള പ്രതിസന്ധികളേയും അപകടങ്ങളേയും കുറിച്ച് ചെറിയ രീതിയില്‍ അവരെ ബോധ്യപ്പെടുത്തുക. 

Also Read:- കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം...