കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ലോക രാജ്യങ്ങള്‍. സാമൂഹിക അകലം പാലിച്ചുകൊണ്ടും മറ്റ് മുന്‍കരുതലുകള്‍ സ്വീകരിച്ചുമാണ് നാം ഇന്ന് മുന്നോട്ടുപോകുന്നത്. കൊവിഡ് ഭീതിയില്‍ ആളുകള്‍ വീടിനകത്തേക്ക് ഔദ്യോഗിക കൃത്യങ്ങള്‍ മാറ്റിയപ്പോള്‍ ഇതിനൊന്നും കഴിയാത്ത വിഭാഗമാണ് ആരോഗ്യ പ്രവര്‍ത്തകര്‍. രാവും പകലും ഇല്ലാതെ കൊവിഡിനെ പിടിച്ചുകെട്ടാന്‍ പോരാടുകയാണ് ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും.

കൊവിഡ് 19നെ പ്രതിരോധിക്കാന്‍  പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന ആരോ​ഗ്യപ്രവർത്തകരുടെ ജീവിതം നാം ഇന്ന് കാണുന്നതാണ്. ഇതിനിടെ പിപിഇ കിറ്റ് ധരിച്ച് പാർട്ടി നടത്തിയ ഒരു നടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നിരവധി പേരാണ് നടിയെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുന്നത്.

 

പഞ്ചാബി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രശസ്തയായ പരുൾ ​ഗുലാട്ടിയാണ് പിറന്നാൾ പാർട്ടി എന്ന ക്യാപ്ഷനോടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പരുളും സുഹ‍ൃത്തുക്കളും അലസമായി പിപിഇ കിറ്റ് ധരിച്ച് ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുകയാണ്. പിപിഇ കിറ്റ് ആയിരുന്നു ബർത്ഡേ വസ്ത്രത്തിന്റെ തീം എന്നും ക്യാപ്ഷനിൽ പറയുന്നുണ്ട്.

എന്നാല്‍ ഈ പിപിഇ കിറ്റുകൾ ഇത്തരത്തിൽ പാഴാക്കാതെ ആരോ​ഗ്യപ്രവർത്തകർക്ക് നൽകാമായിരുന്നില്ലേ എന്നാണ് പലരും കമന്‍റ് ചെയ്തത്. പാൻഡെമിക് കാലത്ത് പിപിഇ കിറ്റുകൾക്ക് ക്ഷാമം അനുഭവിക്കുന്ന ഇടങ്ങളുണ്ടെന്നും അപ്പോൾ പരുളിനെപ്പോലുള്ളവർ‍ ഇങ്ങനെ ചെയ്യുന്നത് തികച്ചും അസംബന്ധമാണെന്നും ചിലർ പറഞ്ഞു. പിപിഇ കിറ്റ് ഫാഷൻ പരീക്ഷണം നടത്താനുള്ള വസ്ത്രമല്ലെന്നും ആളുകള്‍ കമന്‍റ് ചെയ്തു. 

 

 

Also Read: 'നല്ലൊരു മനുഷ്യന് മാത്രമേ നല്ലൊരു ഡോക്ടറാകാന്‍ കഴിയൂ'; ഡോ. സുല്‍ഫി നൂഹു പറയുന്നു...