നിത്യോപയോഗ സാധനങ്ങളുടെ രൂപത്തിലുള്ള കേക്കുകളും മിഠായികളുമൊക്കെ ഇപ്പോള്‍ വിപണിയില്‍ ധാരാളമായി കാണാറുണ്ട്. കസ്റ്റമറുടെ ഇഷ്ടത്തിന് അനുസരിച്ച് എങ്ങനെ വേണമെങ്കിലും കേക്ക് ഡിസൈന്‍ ചെയ്തുകൊടുക്കുന്ന ഡിസൈനര്‍മാരും ഇപ്പോള്‍ മിക്കയിടങ്ങളിലുമുണ്ട്.

സത്യം പറഞ്ഞാല്‍ അതിലെ പുതുമ നഷ്ടപ്പെട്ടുതുടങ്ങി. എന്നാല്‍ സംഗതി നേരെ തിരിച്ചായാലോ, കേക്കുകളുടേയും മധുരപലഹാരങ്ങളുടേയും മിഠായികളുടേയും രൂപത്തില്‍ നിത്യോപയോഗ സാധനങ്ങളായാലോ?

ക്രീമും വേഫറും ചെറിയുമൊക്കെ വച്ച്, ഒറ്റനോട്ടത്തില്‍ വായില്‍ വെള്ളമൂറിക്കുന്ന ഒരു കേക്കാണെന്ന് തോന്നിക്കുന്ന ഷൂ. അല്ലെങ്കില്‍ അതുപോലെ കൊതിപ്പിക്കുന്ന പഴ്‌സോ വാളറ്റോ ആകാം. ഒന്നോര്‍ത്തുനോക്കൂ, അതുപോലുള്ള ഷൂവൊക്കെ ധരിച്ച് നടന്നുപോകുന്നത്! ചെറിയ കൗതുകമൊക്കെ തോന്നുന്നില്ലേ?

 

 

ഈ രസകരമായ ചിന്തയില്‍ നിന്നാണ് ഡിസൈനറായ ക്രിസ് കാംബെല്‍ 'ഷൂ ബേക്കറി' എന്ന പുതുമയുള്ള സംരംഭത്തിലേക്കെത്തിയത്. മധുരപ്രേമികളുടെ മനം മയക്കുന്ന ഷൂകളും, ചെരിപ്പുകളും, പഴ്‌സുകളും, ബാഗുകളും, കോഫി മഗ്ഗുകളുമെല്ലാമാണ് 'ഷൂ ബേക്കറി'യിലുള്ളത്.

 

 

2013ല്‍ ഫ്‌ളോറിഡയിലാണ് ക്രിസ് 'ഷൂ ബേക്കറി' തുടങ്ങിയത്. അന്ന് തൊട്ട് ഇന്ന് വരെ കച്ചവടത്തില്‍ ഉയര്‍ച്ചയല്ലാതെ തളര്‍ച്ച നേരിട്ടിട്ടില്ല. ഓരോ വര്‍ഷവും പുതുമയുള്ള ഡിസൈനുകളും മോഡലുകളുമെല്ലാം 'ഷൂ ബേക്കറി' നിര്‍മ്മിക്കുന്നുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ അറിഞ്ഞ് ഓര്‍ഡര്‍ ചെയ്യുന്നവരും ഇപ്പോള്‍ ധാരാളമാണ്.