കൊവിഡ് കാലമാണ്, സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ഒരു ജീവിതമാണ് നാം ഇന്ന് നയിക്കുന്നത്. ഒന്ന് പുറത്തിറങ്ങാനോ പ്രിയപ്പെട്ടവരെ കാണാനോ കഴിയാത്ത വിധം കൊറോണ നമ്മുടെ ജീവിതത്തെ വീട്ടുതടങ്കലിലാക്കിക്കഴിഞ്ഞു. പ്രിയപ്പെട്ടവര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കാനോ ഒന്ന് സ്പര്‍ശിക്കാനോ ഒന്ന് ആലിംഗനം ചെയ്യാനോ പോലും ഭയക്കുന്ന സമയം. എന്നാല്‍ പിന്നെ മരങ്ങളെ കെട്ടിപ്പിടിച്ചാലോ ? 

വിദേശരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം പരസ്പരം കാണുമ്പോഴുള്ള  ആലിംഗനം പതിവാണ്. കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യാന്‍ കഴിയാത്തതിനാലാണ് പുതിയൊരു പോംവഴിയുമായി  ഇസ്രായേലിലെ 'നേച്ചർ ആൻഡ് പാർക്‌സ്' എത്തിയിരിക്കുന്നത്. പ്രിയപ്പെട്ടവരെ കെട്ടിപ്പിടിക്കുന്നതിന് പകരം ഇപ്പോള്‍ മരങ്ങളെ ആലിംഗനം ചെയ്യൂ എന്നാണ് നേച്ചര്‍ ആന്‍ഡ് പാര്‍ക്ക് അതോറിറ്റി നല്‍കുന്ന സന്ദേശം.

 

'കൊവിഡ് എന്ന മഹാമാരി ലോകമെങ്ങും ആഞ്ഞടിക്കുമ്പോള്‍ പ്രകൃതിയിലേക്കിറങ്ങി ഒരു ദീര്‍ഘ ശ്വാസമെടുക്കൂ, ഒരു മരത്തെ കെട്ടിപ്പിടിക്കൂ, നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുകയും സ്നേഹിക്കുകയും ചെയ്യൂ' - അതോറിറ്റി മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഒറിറ്റ് സ്റ്റെയിന്‍ഫീല്‍ഡ് പറഞ്ഞു.

 

 

സോഷ്യല്‍ മീഡിയയിലും വൈറലായ ഈ ക്യാംപയിനിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി പേര്‍ മരങ്ങളെ ആലിംഗനം ചെയ്യുന്ന ചിത്രങ്ങളും പങ്കുവച്ചു. 

Also Read: കൊവിഡ് പ്രതിരോധ വാക്സിൻ; എലികളിൽ വിജയകരം, മനുഷ്യരിൽ പരീക്ഷിക്കാൻ ഡിസിജിഐയുടെ അനുമതി തേടിയെന്ന് ഐസിഎംആർ