പലപ്പോഴും ജീവിതക്കാലം മുഴുവന്‍ ഒരുമിച്ച് ജീവിക്കാനാകും എന്ന ഉറപ്പിലാണ് രണ്ട് വ്യക്തികള്‍ തമ്മില്‍ വിവാഹം ചെയ്യുന്നത്. ചില ബന്ധങ്ങള്‍ പാതിവഴിയില്‍ നിന്നുപോകുമ്പോള്‍ ചില അപൂര്‍വ ബന്ധങ്ങളെ മരണത്തിന് മാത്രമേ വേര്‍പിരിക്കാന്‍ കഴിയൂ. ദീര്‍ഘനാളത്തെ വിവാഹജീവിതം ശരിക്കും ജീവിതത്തില്‍ നല്‍കുന്നത് എന്താണ്? ഈ വിഷയത്തില്‍ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ ഒരു പഠനം നടത്തി. പഠനം പറയുന്നത് ദീര്‍ഘനാളത്തെ വിവാഹജീവിതം മനസ്സിന് സന്തോഷവും സ്നേഹവും നല്‍കുന്നു എന്നാണ്.

വിവാഹബന്ധം വേര്‍പ്പെടുത്തിയവരെയും ദീര്‍ഘനാളായി വിവാഹജീവിതം നയിക്കുന്നവരെയും വെച്ചാണ് പഠനം നടത്തിയത്. കുറച്ചധികം പ്രായമാകുമ്പോഴാണ് ഈ സ്നേഹവും സന്തോഷവും അനുഭവിക്കാന്‍ കഴിയുക എന്നും പഠനം പറയുന്നു. വിവാഹം കഴിക്കുന്ന ആദ്യ  ദിനങ്ങളില്‍ പങ്കാളികള്‍ തമ്മില്‍ പരസ്പരം മനസ്സിലാക്കുകയും കുറവുകള്‍ തിരിച്ചറിയുകയും ചെയ്യുന്നു. അപ്പോള്‍ പലപ്പോഴും ഒത്തുപോകാനോ, ബന്ധം തുടര്‍ന്ന് കൊണ്ടുപോകാനോ കഴിയില്ല എന്ന തീരുമാനത്തിലേക്ക് ചിലര്‍ എത്തുന്നു. എന്നാല്‍ ഒരു പ്രായം കഴിയുമ്പോഴാണ് പരസ്പരം മനസ്സിലാക്കുകയും കൂടുതല്‍ സ്നേഹിക്കാനും കഴിയുന്നത് എന്നും പഠനം പറയുന്നു. 

പ്രായം കൂടുന്നത് അനുസരിച്ച് ഒരാളെ മനസ്സിലാക്കാനുള്ള കഴിവും കൂടും എന്നാണ് പഠനം പറയുന്നത്. പക്ഷേ ചില സാഹചര്യങ്ങളില്‍ വേര്‍പിരിയല്‍ അല്ലാതെ മറ്റൊരു പോംവഴിയും ഉണ്ടാകില്ല. എന്നാല്‍ അത്തരം സാഹചര്യങ്ങള്‍ തരണം ചെയ്താല്‍ ഒരുമിച്ച് ദീര്‍ഘനാള്‍ ജീവിക്കുന്നതാണ് ഏറ്റവും നല്ല തീരുമാനം എന്നാണ് പഠനം പറഞ്ഞുവെയ്ക്കുന്നത്.  കുട്ടികളും കുടുംബവുമൊക്കെ അതിന്‍റെ ഭാഗങ്ങളാണ് എന്നാണ് പഠനത്തിന് നേതൃത്വം നടത്തിയ ശ്വേത സിങ് പറയുന്നത്. 

ദീര്‍ഘനാളത്തെ വിവാഹജീവിതം വിഷാദം കുറയ്ക്കുമെന്നും സന്തോഷം നല്‍കുമെന്നും പഠനം പറയുന്നു. ദീര്‍ഘനാളത്തെ വിവാഹജീവിതം നയിക്കുന്ന പ്രായമായവര്‍ ഒറ്റയ്ക്ക് ജീവിക്കുന്നവരെക്കാള്‍ സന്തോഷം അനുഭവിക്കുന്നു എന്നും പഠനം പറയുന്നു.