വ്യാപകമായ രീതിയിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടുന്നത്. വീഡിയോ കണ്ട മിക്കവരും നായയുടെ ഉടമസ്ഥ ആ കുട്ടിയോട് കാണിച്ച ക്രൂരതെയ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.

തെരുവുനായ്ക്കളുടെ ആക്രമണങ്ങളെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇന്ന് നിത്യവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ നിലവില്‍ ഇത് വലിയ വെല്ലുവിളി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. നായയുടെ കടിയേറ്റ് വാക്സിനെടുത്താലും ജീവൻ സുരക്ഷിതമാക്കാൻ സാധിക്കാത്ത സാഹചര്യം വലിയ തോതിലാണ് ആശങ്ക ഉയര്‍ത്തുന്നത്. ഇത്തരത്തില്‍ ഇന്നലെയും ഒരു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 

പത്തനംതിട്ട സ്വദേശിയായ പന്ത്രണ്ടുകാരിക്കാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. നായയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ കുഞ്ഞിന് വാക്സിനെടുത്തിരുന്നെങ്കിലും ചികിത്സയിലിരിക്കെ അന്ത്യം സംഭവിക്കുകയായിരുന്നു. 

ഈ സംഭവം കൂടിയായപ്പോള്‍ നായ്ക്കളുടെ വര്‍ധിച്ചുവരുന്ന അക്രമവാസന വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. ഇതിനിടെ വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ അക്രമാസക്തരാകുമ്പോള്‍ അവരെ തെരുവിലേക്ക് തുറന്നുവിടുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഏറെ ശ്രദ്ധ നേടുകയാണ് ഉത്തര്‍പ്രദേശിലെ ഗസിയാബാദില്‍ നിന്ന് പുറത്തുവന്നിരിക്കുന്നൊരു വീഡിയോ.

ഒരു ഹൗസിംഗ് സൊസൈറ്റിയിലെ ഫ്ളാറ്റിനുള്ളില്‍ വച്ച് ഉടമസ്ഥ നോക്കിനില്‍ക്കെ കുഞ്ഞിനെ കടിക്കുന്ന വളര്‍ത്തുനായയെ ആണ് സിസിടിവി വീഡിയോയില്‍ കാണുന്നത്. ലിഫ്റ്റിനകത്ത് വളര്‍ത്തുനായയും അതിന്‍റെ ഉടമസ്ഥയും സ്കൂള്‍ വിദ്യാര്‍ത്ഥിയായ കുട്ടിയും മാത്രമാണുള്ളത്. ലിഫ്റ്റ് പോകുന്നതിനിടെ നായ കുട്ടിയുടെ കാലില്‍ കടിക്കുകയായിരുന്നു. വളരെ കാര്യമായ രീതിയില്‍ കുട്ടിക്ക് പരുക്കേറ്റിട്ടില്ലെന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്.

എങ്കിലും കുട്ടിക്ക് നല്ലരീതിയില്‍ വേദന അനുഭവപ്പെട്ടതായി വീഡിയോയില്‍ വ്യക്തമാണ്. വേദന സഹിക്കാനാകാതെ കുട്ടി കാല് പൊക്കിക്കൊണ്ടിരിക്കുന്നതും, നായയുടെ ആക്രമണത്തില്‍ കുട്ടി പേടിച്ചതുമെല്ലാം വീഡിയോയില്‍ കാണാം. എന്നാല്‍ ഇതെല്ലാം കണ്ടിട്ടും കുട്ടിയെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കാതെ നില്‍ക്കുകയാണ് നായയുടെ ഉമസ്ഥ. വീഡിയോ കാണുമ്പോള്‍ ഇതാണ് ഏവരെയും ചൊടിപ്പിക്കുന്നത്. 

വീണ്ടും ഈ നായ ലിഫ്റ്റില്‍ നിന്ന് പുറത്തിറങ്ങവെ കുട്ടിക്ക് നേരെ തിരിയുന്നുണ്ട്. എങ്കിലും ഇത്തവണ ആക്രമിക്കാൻ സാധിച്ചില്ല. കുട്ടിയെ അതേ നിലയില്‍ ലിഫ്റ്റില്‍ ഉപേക്ഷിച്ച് പോവുകയാണ് നായയുടെ ഉടമസ്ഥ. 

വ്യാപകമായ രീതിയിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടുന്നത്. വീഡിയോ കണ്ട മിക്കവരും നായയുടെ ഉടമസ്ഥ ആ കുട്ടിയോട് കാണിച്ച ക്രൂരതെയ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. അതുപോലെ തന്നെ അക്രമവാസനയുള്ള നായ്ക്കളെ എന്ത് ചെയ്യണമെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമാകുന്നു. 

വീഡിയോ കാണാം...

Scroll to load tweet…

Also Read:- സാഹസികമായി കള്ളനെ പിടിച്ച് വീട്ടിലെ വളര്‍ത്തുനായ