അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ തരംഗം സൃഷ്ടിച്ച ഒന്നായിരുന്നു 'ഫേസ് ആപ്പ്'. സ്വന്തം ചിത്രങ്ങള്‍ പ്രായം കൂട്ടിയും, ഘടന മാറ്റിയുമൊക്കെ നിരവധി പേരാണ് ആഘോഷിച്ചത്. എന്നാല്‍ സംസാരിക്കാന്‍ പോലും പ്രായമായിട്ടില്ലാത്ത പിഞ്ചുകുഞ്ഞുങ്ങളെങ്ങനെയാണ് ഇത്തരം ആപ്പുകളെല്ലാം ഉപയോഗിക്കുക, അല്ലേ?

എന്നാല്‍ പിഞ്ചുകുഞ്ഞുങ്ങളെയും 'ഫെയ്‌സ് ആപ്പ്' കളികളില്‍ പങ്കെടുപ്പിച്ചിരിക്കുകയാണ് ഒരു അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍. നഴ്‌സ് കൂടിയായ എമി ഹെയ്ല്‍ ആണ് ഇതിന് പിന്നില്‍. 

കുഞ്ഞുങ്ങളെ ഏറെയിഷ്ടമുള്ള എമി, കുഞ്ഞുങ്ങളുടെ ഫോട്ടോഗ്രഫിക്ക് വേണ്ടിയാണ് ഇപ്പോള്‍ മുഴുവന്‍ സമയവും ചിലവിടുന്നത്. അങ്ങനെയിരിക്കെയാണ് 'ഫെയ്‌സ് ആപ്പ്' തരംഗമാകുന്നത്. ഇതുപയോഗിച്ച് കുഞ്ഞുങ്ങളുടെ ചിത്രങ്ങളില്‍ എമി, പല്ലുകള്‍ പിടിപ്പിച്ചു. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ കൃത്രിമമായി കൂട്ടിവച്ചതാണെന്ന് തോന്നുക പോലുമില്ലാത്ത തരത്തിലാണ് എമിയുടെ ഫോട്ടോ പരിഷ്‌കാരങ്ങള്‍. 

ഓരോ കുഞ്ഞിനും യോജിക്കും തരത്തിലുള്ള പല്ലുകള്‍. മോണ കാട്ടിയുള്ള കുഞ്ഞുചിരികള്‍ പോലെ തന്നെ മനോഹരമായിരുന്നു, എമിയുടെ കുഞ്ഞരിപ്പല്ലുകളുള്ള മാലാഖമാരുടേയും ചിത്രങ്ങള്‍. ചുരുങ്ങിയ സമയത്തിനുള്ളില്‍ എമിയുടെ പരീക്ഷണം 'വൈറല്‍' ആയി. ആയിരങ്ങളാണ് എമിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. 

എമിയുടെ ചിത്രങ്ങള്‍...