വാരണസി: മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണക്കത്തയച്ച റിക്ഷാതൊഴിലാളിക്ക് സമ്മാനമായി മോദിയുടെ കത്ത്. റിക്ഷാ തൊഴിലാളിയായ മംഗള്‍ കെവാത്തിന് മംഗളാശംസകള്‍ അറിയിച്ചുകൊണ്ട് മോദി കത്തയക്കുകയായിരുന്നു. പെണ്‍കുട്ടിക്കും അവളുടെ കുടുംബത്തിനും ആശംസകള്‍ നേരുന്നതാണ് കത്ത്. മോദി ദത്തെടുത്ത ദോംരി ഗ്രാമത്തിലാണ് കെവാത്ത് കഴിയുന്നത്. 

ഫെബ്രുവരി 12നായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. മകളുടെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കെവാത്ത് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ചത്. ഇതിന് മറുപടിയായി ഫെബ്രുവരി എട്ടിന് ആശംസാ കാര്‍ഡ് ലഭിക്കുകയായിരുന്നു. ''പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചതില്‍ ഞങ്ങള്‍ വളരയെധികം ആഹ്ളാദത്തിലാണ്'' കെവാത്ത് പറഞ്ഞു. 

അതേസമയം ഏറ്റവും താഴെ തട്ടിലുള്ളയാളെപ്പോലും പ്രധാനമന്ത്രി ശ്രദ്ധിക്കുന്നുവെന്നതിന്‍റെ തെളിവാണ് ഇതെന്നും കെവാത്ത് കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി ഉത്തര്‍പ്രദേശില്‍ വരുമ്പോള്‍ അദ്ദേഹത്തെ കാണണമെന്ന ആഗ്രഹമാണ് കെവാത്തിന്‍റെ ഭാര്യ റെനു ദേവി പങ്കുവച്ചത്.