ശൈത്യകാലത്തു നദികള്‍ മഞ്ഞുകട്ടകളായി മാറുന്ന കാഴ്ച വടക്കേ അമേരിക്കയിലും യൂറോപ്പിലും മറ്റും സാധാരണമാണ്. എന്നാല്‍ വെള്ളം ഇങ്ങനെ തണുത്തുറയുമ്പോള്‍ ഇതിനുള്ളിലെ ജീവികള്‍ക്ക് എന്ത് സംഭവിക്കും. ഈ സമയങ്ങളില്‍ ജീവികളില്‍ ഭൂരിഭാഗവും മഞ്ഞുറയ്ക്കാത്ത മേഖലയിലേയ്ക്ക് താമസം മാറ്റും. എന്നാല്‍ മുതലകളെ പോലെയുള്ള ജീവികള്‍ വെള്ളത്തിനടിയില്‍ തന്നെ കിടക്കാറുണ്ട്. 

മുഴുവന്‍ മഞ്ഞുകട്ടയായ നദി ജലത്തിനു മുകളില്‍ മൂക്കു മാത്രം പുറത്തേയ്ക്ക് ഉയര്‍ത്തി ശരീരം മുഴുവന്‍ മരവിച്ച അവസ്ഥയില്‍ കിടക്കുന്ന മുതലകളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇങ്ങനെ കിടക്കുമ്പോള്‍ ഇവ ചത്തുപോയതാണെന്ന് കരുതുമെങ്കിലും ഇവര്‍ അതിജീവനത്തിനായി കണ്ടെത്തിയ മാര്‍ഗമാണ് ഇതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

ഉഷ്ണമേഖലാ ജീവികളായ മുതലകള്‍ കാണപ്പെടുന്ന ഏറ്റവും വടക്കേ അറ്റത്തുള്ള പ്രദേശമാണ് നോര്‍ത്ത് കാരലൈന. മഞ്ഞുറയുന്ന പ്രദേശത്തു ജീവിക്കുന്ന ഏക മുതലവര്‍ഗവും ഈ മേഖലയിലെ മിസിസിപ്പി മുതലകളാണ്. ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ പരമാവധി മന്ദീഭവിച്ച് ശ്വാസം പോലും നിയന്ത്രിച്ചുള്ള മുതലകളുടെ ഈ യോഗാ പരിപാടി ഏതാണ്ട് രണ്ടു മാസത്തിലധികം സമയം നീണ്ടു നില്‍ക്കും.