ബുള്ളറ്റ് പ്രൂഫ് ജനലുകൾ, 40  കുപ്പി ആഫ്റ്റർ ഷേവ് ലോഷനുകൾ, 44  ജോഡി റണ്ണിങ് ഷൂ, പ്ലഷ് ഇന്റീരിയർ ഫിറ്റിങ്ങുകൾ, കുളിമുറിയിൽ ഹോട്ട് ബാത്ത് ടബ്ബ്. ചുവരിൽ അൽ പാച്ചിനോയുടെ സ്കാർ ഫേസ് സിനിമയിലെ ടോണി മൊണ്ടാന എന്ന ഡ്രഗ് ലോർഡ് വേഷത്തിന്റെ ഫുൾസൈസ് പോസ്റ്റർ,  ഡബ്ലിനിൽ മയക്കുമരുന്ന് കള്ളക്കടത്തുകാരാണെന്ന് സംശയിച്ച ജെയ്‌സൺ ബോയിലിന്റെ വീട് റെയ്‌ഡ്‌ ചെയ്തപ്പോൾ ഞെട്ടിയത് പോലീസായിരുന്നു.  

രണ്ടു കോടി രൂപയിലധികം വിലമതിക്കുന്ന വില്ലയുടെ കുളിമുറിയിൽ   ജക്കൂസി, സോനാ  തുടങ്ങിയ എല്ലാ അത്യാധുനിക സൗകര്യങ്ങളും ജെയ്‌സൺ ഏർപ്പെടുത്തിയിരുന്നു.  മുറികളിൽ നനുനനുത്ത കുഷ്യനുകളുള്ള  ഇലക്ട്രിക് ചാരുകസേരകൾ, 65  ഇഞ്ച് പ്ലാസ്മാ ടിവി, ഏറ്റവും പുതിയ സറൗണ്ട് സൗണ്ട് സിസ്റ്റം അങ്ങനെ ആ വില്ലയിൽ ഇനി ഇല്ലാത്ത സൗകര്യമൊന്നും തന്നെയില്ല.

എന്നാൽ, അതേ സമയം സോഷ്യൽ വെൽഫെയർ പെൻഷൻ മാത്രമായിരുന്നു ജെയ്‌സന്റെ പ്രഖ്യാപിത വരുമാനം. ആ തുച്ഛമായ സംഖ്യമാത്രം മാസാമാസം ബാങ്ക് അക്കൗണ്ടിൽ വന്നുകൊണ്ടിരുന്ന അയാൾ പക്ഷേ, അടുത്തിടെയാണ് 17,000 യൂറോ ചെലവിട്ടുകൊണ്ട് ഒരു പല്ലുമിനുക്കൽ നടത്തിയത്. അയാളുടെ ഗാരേജിൽ വിശ്രമിച്ചിരുന്നത്47,000 യൂറോ വിലമതിക്കുന്ന ഓഡി A7 ആഡംബരക്കാറായിരുന്നു. 

ഇതിനുപുറമേ, പോലീസ് ബൾഗേറിയയിലെ സണ്ണി ബീച്ചിൽ, റോയൽ ഡ്രീംസ് അപ്പാർട്ട്‌മെന്റിൽ ഒരു ഫ്ലാറ്റിന്റെ രേഖകളും അവിടെ നിന്ന് കണ്ടെടുത്തു. അതും അവർ മരവിപ്പിച്ചിട്ടുണ്ട്. ഇതിനൊക്കെപ്പുറമെ 72,000  യൂറോ ഒരു പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞു വീടിന്റെ കോമ്പൗണ്ടിൽ കുഴിച്ചിട്ട നിലയിൽ ജെയ്‌സൺ  ബോയിലിന്റെ അച്ഛനമ്മമാരുടെ വീട്ടിൽ നിന്നും കണ്ടെടുത്തിരുന്നു പോലീസ്. 

താൻ മയക്കുമരുന്ന് കള്ളക്കടത്തുകാരനോ കൊള്ളക്കാരനോ ഒന്നുമല്ല എന്നാണ് ജെയ്‌സൺ ബോയിൽ ഇപ്പോഴും പൊലീസിനോട് ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ 2004-ൽ സായുധ കൊള്ളയ്ക്ക് പത്തു കൊല്ലത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുള്ള ജെയ്‌സൺ ഒരു പഠിച്ച കള്ളനാണെന്നാണ് പൊലീസ് പറയുന്നത്. കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.