വാഷിങ്ടൺ: ലോകമെമ്പാടും ആരാധകരുള്ള പോപ്പ് ​ഗായികയാണ് ലേഡി ​ഗാ​ഗ. കഴിഞ്ഞ വർഷം ​ഗാ​ഗയുടെ 'ഷാലോ' എന്ന ആൽബത്തിന് മികച്ച ​ഗാനത്തിനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ തന്റെ ആറാമത്തെ ആൽബം പുറത്തിറക്കാനുള്ള തിരക്കിലാണ് ലേഡി ​ഗാ​ഗ. 'എൽ‌ജി6' എന്ന് പേരിട്ടിരിക്കുന്ന ​ആൽബം അടുത്ത വർഷമാണ് പുറത്തിറങ്ങുക.

ഇതിനിടെ, എൽജി6 ഒരുക്കുന്നതിനുള്ള തിരക്കിൽപ്പെട്ട് കുളിക്കാൻ പോലും താൻ മറന്നുപോയെന്ന് വെളിപ്പെടുത്തുകയാണ് ​ഗാ​ഗ. അവസാനമായി കുളിച്ചതെപ്പോഴാണെന്ന് ഓർമ്മയില്ലെന്ന് ​ഗാ​ഗ ട്വിറ്ററിൽ കുറിച്ചു. എപ്പോഴാണ് അവസാനമായി കുളിച്ചതെന്ന അസിസ്റ്റന്റിന്റെ ചോദ്യത്തിന് ​ഗാ​ഗ നൽകിയ മറുപടിയായിരുന്നു ഇത്. തന്റെ ട്വിറ്റർ പേജിലൂടെയാണ് താരം തന്റെ വ്യക്തിശുചിത്വത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

പുറത്തിറങ്ങാനിരിക്കുന്ന ആൽബത്തെ കുറിച്ചുള്ള വിവരങ്ങൾ ആരാധകരെ അറിയിക്കുന്നതിനും അവരുമായി ആശയവിനിമയം നടത്തുന്നതിനും വേണ്ടിയാണ് എൽ‌ജി6 എന്ന് ഹാഷ് ടാ​ഗ് ​ഗാ​ഗ അവതരിപ്പിച്ചത്.