ലണ്ടന്‍: ബെക്കിങ്ഹാം കൊട്ടാരത്തിലെ സംഭവവികാസങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഹാരി രാജകുമാരന്‍റെ ഭാര്യ മേഗന്‍ മാര്‍ക്കിള്‍ ലോകപ്രസിദ്ധ ലൈഫ്സ്റ്റൈല്‍ മാഗസിനായ 'വോഗി'ന്‍റെ സെപ്റ്റംബര്‍ ലക്കത്തില്‍ ഗസ്റ്റ് എഡിറ്ററായി എത്തുന്നു എന്ന വാര്‍ത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ മേഗന്‍റെ 38-ാം ജന്മദിനത്തില്‍ ഹാരി കുറിച്ച വരികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സസെക്സ് റോയലിന്‍റെ ഔദ്യോഗിക  ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഹാരി തന്‍റെ പ്രിയതമയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്.

'ഡച്ചസ് ഓഫ് സസെക്സിന് ജന്മദിനാശംസകള്‍. എന്‍റെ ആശ്ചര്യപ്പെടുത്തുന്ന ഭാര്യയ്ക്ക്. ഈ സാഹസിക യാത്രയില്‍ എനിക്കൊപ്പം ചേര്‍ന്നതിന് വളരെ നന്ദി'- ഹാരി കുറിച്ചു. വിവാഹശേഷമുള്ള ആദ്യത്തെ യാത്രയ്ക്കിടെ എടുത്ത ചിത്രമാണ് കുറിപ്പിനൊപ്പം ഹാരി പങ്കുവെച്ചത്. ഹാരിക്കും മകന്‍ ആര്‍ച്ചിക്കുമൊപ്പം വീട്ടില്‍ തന്നെയാണ് മേഗന്‍ ജന്മദിനം ആഘോഷിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.