ജീവിതത്തില്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഉത്കണ്ഠ എന്ന അവസ്ഥ നേരിടുന്നവരാണ് മിക്ക ആളുകളും. എന്നാല്‍ നീണ്ട കാലം ഉത്കണ്ഠ മനസ്സില്‍ നിലനില്‍ക്കുകയും ജീവിതത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നുണ്ടോ എന്നു പരിശോധിക്കുക. സാധാരണ ആളുകള്‍ പ്രശ്നങ്ങളെ നോക്കിക്കാണുന്നതില്‍ നിന്നും വളരെ വിഭിന്നമായി തീവ്രമായ ആധി നിസ്സാര കാര്യങ്ങളില്‍ പോലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ഉത്കണ്ഠാരോഗത്തിന്‍റെ ലക്ഷണമാണ്.

ഉത്കണ്ഠയും ഭയവും തമ്മിലുള്ള വ്യത്യാസം...

പൊതുവേ ഉത്കണ്ഠയും ഭയവും ഒന്നാണ് എന്നാണ് മിക്കവരുടെയും ധാരണ. ഉദാഹരണത്തിന് ഒരാള്‍ നമ്മെ ഉപദ്രവമേല്‍പ്പിക്കാന്‍ നമുക്ക് നേരെ തിരിഞ്ഞാല്‍ ആ സമയത്ത് നമുക്കുണ്ടാകുന്നത് ഭയമാണ്. എന്നാല്‍ ഇപ്പോള്‍ നമ്മുടെ മുന്‍പില്‍ ഇല്ലാത്തതും എന്നാല്‍ ഭാവിയില്‍ എപ്പോഴെങ്കിലും വരാനിടയുളളതുമായ ഒന്നിനെക്കുറിച്ചു ചിന്തിച്ച് ഇപ്പോള്‍ ആകുലപ്പെടുന്നതിനെയാണ്  ഉത്കണ്ഠ എന്നു പറയുന്നത്.

മരണമോ അതിഭീകരമായ അനുഭവങ്ങളോ ഏതു നിമിഷവും വന്നു ചേരുമെന്നവ്യാകുലതയിലായിരിക്കും ഉത്കണ്ഠാരോഗമുള്ളവര്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെ ഒരവസ്ഥ ആ സമയം നിലനില്‍ക്കുന്നുണ്ടാവില്ല. വ്യാകുലത മൂലം മനസ്സിനെ സ്വസ്ഥമാക്കാനോ സന്തോഷം അനുഭവിക്കാനോ അവര്‍ക്കാവില്ല. 

നിസ്സാര കാര്യങ്ങള്‍പോലും ചെയ്തു തീര്‍ക്കുന്നതില്‍ ഉത്കണ്ഠാരോഗമുള്ളവര്‍ക്ക് വലിയ ബുദ്ധിമുട്ടനുഭവപ്പെടും. ദിവസേന ചെയ്യുന്ന കാര്യങ്ങളില്‍ അമിതമായി ഉത്കണ്ഠ അനുഭവിക്കുന്ന അവസ്ഥ ജോലിയെയും കുടുംബ ജീവിതത്തെയും സാമൂഹിക ഇടപെടലുകളെയും എല്ലാം കാര്യമായി ബാധിക്കും. കാലക്രമേണ ഈ ജീവിതം സുരക്ഷിതമല്ലാത്ത ഒന്നാണെന്നും എന്ത് അപകടവും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്ന ഭീതിനിറഞ്ഞ മാനസികാവസ്ഥയിലേക്ക് ഇത്തരം രോഗാവസ്ഥയുള്ളവര്‍ മാറുകയും ചെയ്യും.

ഉല്‍കണ്‌ഠ ലക്ഷണങ്ങള്‍...

•    അമിത ഉല്‍കണ്‌ഠ പതിവായി കുറഞ്ഞത്‌ ആറുമാസമായി അനുഭവപ്പെടുക.
•    ഉല്‍കണ്‌ഠ സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ വരിക.
•    അസ്വസ്ഥത
•    നെഞ്ചിടിപ്പുയരുക
•    വിയര്‍ക്കുക
•    ക്ഷീണം
•    തലവേദന
•    ശരീരവേദന
•    ഉറങ്ങാന്‍ കഴിയാതെ വരിക
•    വിറയ്ക്കുക
•    ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക
•    പെട്ടെന്ന് ദേഷ്യം വരിക
•    തലകറക്കം
•    മറ്റുശാരീരിക രോഗങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടുക

ചില ഉദാഹരണങ്ങള്‍...

•    കുട്ടികളില്‍ പരീക്ഷാ സമയത്ത് അനുഭവപ്പെടുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ ഉത്കണ്ഠയുടെ ലക്ഷണമാകാം.
•    ജോലിസ്ഥലത്ത് സമയത്തിന് എത്താന്‍ കഴിയുമോ, വാഹനം പാര്‍ക്കു ചെയ്യാന്‍ സ്ഥലം കിട്ടുമോ എന്നെല്ലാമുള്ള ഉത്കണ്ഠ.
•    ജോലികള്‍ വളരെ കൃത്യമായി ചെയ്യണം എന്ന് ആഗ്രഹിക്കുകയും അതു തനിക്കാവുമോ എന്ന ഉത്കണ്ഠ മൂലം അതു ചെയ്തു തുടങ്ങനാവാതെ ഓരോ ദിവസവും മാറ്റിവയ്ക്കുകയും ചെയ്യുന്ന അവസ്ഥ.
•    ഒരു സുഹൃത്തിനെ ഫോണ്‍ ചെയ്യുന്നു. അവര്‍ കോള്‍ എടുക്കാതെയിരുന്നാല്‍ ഉത്കണ്ഠയുളള ആളുടെ മനസ്സിലേക്കു പെട്ടെന്നു വരുന്ന ചിന്ത അവരുടെ സുഹൃത്ത് ബന്ധം അവസാനിക്കാന്‍ പോകുന്നു എന്നാവും. ആ തോന്നലില്‍ ഉത്കണ്ഠയുടെ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യും.
•    ഉത്കണ്ഠയുളള മാതാപിതാക്കളെ കണ്ടു കുട്ടികളും അതേപോലെ ലക്ഷണങ്ങള്‍ പ്രകടമാക്കുക.
•    ഉല്‍കണ്‌ഠമൂലം ഒരു വ്യക്തിക്ക് തീരുമാനം എടുക്കാന്‍ കഴിയാതെ അനിശ്ചിതത്വം തുടരുകയും മറ്റുള്ളവര്‍ അവര്‍ക്കുവേണ്ടി തീരുമാനം എടുക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ.

മന:ശാസ്ത്ര ചികിത്സ...

ഉത്കണ്ഠാരോഗം കൃത്യമായി നിര്‍ണ്ണയിക്കലും രോഗിയെ അതു ബോധ്യപ്പെടുത്തുകയുമാണ് ആദ്യ പടി. ചിന്തകളെയും പ്രവര്‍ത്തികളെയും കുറിച്ച് അവബോധമുണ്ടാക്കാന്‍ കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി (Cognitive Behaviour Therapy) എന്ന മന:ശാസ്ത്ര ചികിത്സകൊണ്ടു സാധ്യമാകും. എങ്ങനെ ഉത്കണ്ഠയും അതിനോടനുബന്ധിച്ചുള്ള ലക്ഷണങ്ങളെയും നിയന്ത്രിച്ചു ജീവിതത്തെ പുതിയ രീതിയില്‍ ക്രമീകരിക്കാനാകുമെന്ന് അതിലൂടെ മനസ്സിലാക്കാം. മാത്രവുമല്ല, എങ്ങനെ ഈ രോഗത്തില്‍ നിന്നും അകന്നു നില്‍ക്കാമെന്നുകൂടി പഠിക്കാന്‍ മന:ശാസ്ത്ര ചികിത്സ സഹായകരമാകും.

എഴുതിയത്:

പ്രിയ വര്‍ഗീസ് 
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
പ്രതീക്ഷ, പുഷ്പഗിരി മെഡിക്കല്‍ കോളേജ്
Email: priyavarghese.cp@gmail.com
PH: 8281933323