Asianet News Malayalam

മകൻ നുണകൾ പറയാൻ തുടങ്ങി, എപ്പോഴും പണം ആവശ്യപ്പെട്ടു, ഒരു ദിവസം അവൻ അച്ഛനോട് ചെയ്തത്...

വീട്ടിലെ സാഹചര്യങ്ങള്‍ ചോദിച്ചതും ആ അമ്മ പൊട്ടിക്കരയാന്‍ തുടങ്ങി. ചെറുപ്പം മുതലേ അവന്‍ വലിയ വാശിക്കാരനാണ്. വീട്ടില്‍ നിന്നും ചോദിക്കാതെ പണം എടുക്കുന്നതായും ധാരാളം നുണകള്‍ പറയുന്നതായും അവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. 

priya varghese column about common problems of teenager
Author
Trivandrum, First Published Jan 31, 2021, 3:54 PM IST
  • Facebook
  • Twitter
  • Whatsapp

18 വയസ്സുള്ള മകനെ ചികിത്സയ്ക്കായി മാതാപിതാക്കള്‍ കൊണ്ടുവന്നു. അവനു തന്റെ ഇളയ സഹോദരനുമായി ചില പിണക്കങ്ങള്‍ മാത്രമാണ് പ്രശ്നം എന്ന തരത്തിലാണ് മാതാപിതാക്കള്‍ പറഞ്ഞു തുടങ്ങിയത്. അവനോട് അല്പ നേരം സംസാരിച്ചശേഷം അവനോട് കൗണ്‍സിലിങ്ങ് റൂമിന്റെ  പുറത്തു കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. മാതാപിതാക്കളോട് കാര്യം തിരക്കിയപ്പോഴാണ്‌ പ്രശ്നത്തിന്റെ ​ഗൗരവം മനസ്സിലായത്.

അവന്‍ സഹോദരനുമായി കഴിഞ്ഞ ദിവസം ഒരു വഴക്കുണ്ടായി. അമ്മജോലിക്കു പോയിരുന്നതിനാല്‍ അനുജനോട് ചായ എടുത്തുതരാന്‍ അവന്‍ ആവശ്യപ്പെട്ടു. പിറ്റേദിവസം പരീക്ഷയാണ് എന്നതിനാല്‍ പഠിച്ചുകൊണ്ടിരുന്ന ഭാഗം പൂർത്തിയാക്കിയ ശേഷമാണ് അനുജന്‍ ചായ നൽകിയത്. വൈകിയ ദേഷ്യത്തില്‍ അവന്‍ ചായ തട്ടി കളഞ്ഞു.

 അതോടെ അവര്‍ തമ്മില്‍ പ്രശ്നം വഷളായി. വലിയ ബഹളം കേട്ടുകൊണ്ടാണ് അമ്മയും അച്ഛനും വൈകിട്ടു വീട്ടിലേക്കു കയറി വന്നത്. അവന്‍ അനുജനെ അടിക്കാന്‍ കൈ ഉയർത്തിയപ്പോള്‍ ആ സമയം മാതാപിതാക്കള്‍ അവനെ പിടിച്ചുമാറ്റി രണ്ടുപേരെയും അനുനയിപ്പിക്കാന്‍ ശ്രമിച്ചു.

അന്നു വൈകിട്ട് അവരുടെ വീട്ടില്‍ വന്ന ഒരു ബന്ധുവിനോട് ഈ വിവരം സംസാരിച്ചപ്പോള്‍ അദ്ദേഹം നിർദേശിച്ച പ്രകാരമാണ് അവര്‍ ക്ലിനിക്കല്‍സൈക്കോളജിസ്റ്റിനെ സമീപിക്കാം എന്നു തീരുമാനിച്ചത്. ചെറുപ്പം മുതലേയുള്ള അവന്റെ സ്വഭാവരീതികളും കുടുംബ സാഹചര്യങ്ങളും ഒക്കെ എങ്ങനെയായിരുന്നു എന്നു ചോദിച്ചറിഞ്ഞു.

വീട്ടിലെ സാഹചര്യങ്ങള്‍ ചോദിച്ചതും ആ അമ്മ പൊട്ടിക്കരയാന്‍ തുടങ്ങി. ചെറുപ്പം മുതലേ അവന്‍ വലിയ വാശിക്കാരനാണ്. വീട്ടില്‍ നിന്നും ചോദിക്കാതെ പണം എടുക്കുന്നതായും ധാരാളം നുണകള്‍ പറയുന്നതായും അവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അച്ഛനോടതിനെപ്പറ്റി പറയാം എന്നു കരുതിയാല്‍ അദ്ദേഹം അവരോടു ദേഷ്യപ്പെടാന്‍ തുടങ്ങും. അവന്റെ അച്ഛന്‍ നിസ്സാര കാര്യങ്ങൾക്ക് പോലും വീട്ടില്‍ വലിയ ബഹളം ഉണ്ടാക്കുമായിരുന്നു. 

ഭക്ഷണത്തില്‍ ഉപ്പു കുറഞ്ഞുപോയി എന്നിങ്ങനെയുള്ള നിസ്സാര കാര്യങ്ങള്‍ മതി വലിയ ദേഷ്യം വരാന്‍. അങ്ങനെ കുറേ ദിവസം പിണങ്ങി വീട്ടിലാരോടും മിണ്ടാതെയിരിക്കും. പിന്നെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കില്ല.
മക്കളുടെ കാര്യങ്ങള്‍ സംസാരിക്കാന്‍ ചെന്നാൽ കൂടി അദ്ദേഹം ശ്രദ്ധിക്കില്ല. ആവശ്യത്തിനുള്ള പണം മേശപ്പുറത്തു വച്ചിട്ടു പോകും. അങ്ങനെ അച്ഛന്‍ ശ്രദ്ധിക്കാതെ വന്നപ്പോള്‍ മകന്‍ പണം എടുക്കാനും, മോശമായ കൂട്ടുകെട്ടുകളില്‍ പോയി പെടാനും തുടങ്ങി. 

പിണക്കം മാറുമ്പോള്‍ അച്ഛന്‍ മക്കള്‍ ആവശ്യപ്പെടുന്നതെല്ലാം വാങ്ങികൊടുത്ത്‌ അവരോടുള്ള സ്നേഹം കാണിക്കാന്‍ ശ്രമിച്ചു. അങ്ങനെ ആശിച്ചതെന്തും ഉടന്‍ വേണമെന്ന വാശി അവനില്‍ രൂപപ്പെട്ടു. രണ്ടുമാസം മുമ്പ് ബെെക്ക്  വാങ്ങികൊടുക്കണം എന്നവന്‍ വാശിപിടിച്ചു. അവന്റെ അച്ഛന്‍ ഉടനെ അതു വാങ്ങി കൊടുക്കുകയും ചെയ്തു. എന്നാല്‍ അമിത വേഗതയില്‍ അവന്‍ ആ ബൈക്കോടിക്കുന്നു എന്നു മനസ്സിലാക്കിയ അദ്ദേഹം ബൈക്ക് ഉപയോഗിക്കുന്നതില്‍ നിന്നും അവനെ വിലക്കി.

കുറച്ചു ദിവസം കഴിഞ്ഞ് ബൈക്ക് ഉപയോഗിക്കാതെ ഇരിക്കുകയാണല്ലോ എന്നു കരുതി അച്ഛന്‍ ബൈക്കില്‍ ഓഫീസിലേക്കു പോകാനിറങ്ങി. കുറച്ചു ദൂരം സഞ്ചരിച്ചപ്പോഴാണ് ബൈക്കിന്റെ ബ്രയിക്ക് പ്രവർത്തിക്കുന്നില്ല എന്നദ്ദേഹത്തിനു മനസ്സിലായത്. ബൈക്കൊരു മരത്തില്‍ ചെന്നിടിച്ചു കൈ മുട്ടില്‍ ചെറിയ മുറിവുണ്ടായി. വലിയ അപകടത്തിൽ നിന്ന് അത്ഭുതകരമായി അദ്ദേഹം രക്ഷപെട്ടു.

വീട്ടിലെത്തി ഭാര്യയോട് ഈ വിവരം അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ മകന്‍ അവിടേക്കു കടന്നുവന്നു. നടന്നതെല്ലാം കേട്ട അവന്‍ ഒരു കൂസലുമില്ലാതെ ബ്രയിക്ക് നശിപ്പിച്ചത് താനാണ് എന്നു പറഞ്ഞു. അച്ഛന് അപകടം വല്ലതും സംഭവിച്ചിരുന്നെങ്കിലോ എന്ന ചോദ്യത്തിന്“എന്റെ ഇഷ്ടങ്ങള്‍ അനുവദിക്കാതെയിരുന്നാൽ ഞാൻ ഇനിയും ഇങ്ങനൊക്കെ ചെയ്യും” എന്നായിരുന്നു അവന്റെ മറുപടി. അതു കേട്ട മാതാപിതാക്കള്‍ ഞെട്ടി.

അനുസരണയുള്ള ഒരു കുട്ടിയെപോലെ മറ്റുള്ളവരുടെ മുമ്പിൽ കാണപ്പെടുന്ന അവന്റെ യഥാർത്ഥ സ്വഭാവം എന്താണെന്ന് വെളിവായി. അവന്റെ മാതാപിതാക്കളോടു ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. സാമൂഹിക വിരുദ്ധ വ്യക്തിത്വമാണ് മകനുള്ളത്. 

മറ്റുള്ളവരുടെ അവകാശങ്ങൾക്ക് ഒരു വിലയും കല്പിക്കാതെ ഇരിക്കുക, നിയമങ്ങള്‍ ലംഘിക്കുക എന്നീ പ്രശ്നങ്ങൾ കുട്ടിയായിരിക്കുമ്പോഴോ കൗമാരകാലത്തിലോ പല തവണയായി ഇത്തരക്കാര്‍ പ്രകടിപ്പിച്ചു തുടങ്ങും. 18 വയസ്സാകുമ്പോഴേക്കും ഒരാളുടെ വ്യക്തിത്വം രൂപപ്പെട്ടു കഴിയും. അതിനാല്‍ അതിനു മുമ്പ് തന്നെ ഈ ലക്ഷണങ്ങള്‍ ​ഗൗരവത്തോടെ കണ്ട് ചികിത്സ നല്‍കേണ്ടതാണ്.

സാധാരണ കുട്ടികളില്‍ കാണുന്ന വികൃതിൾക്ക് കൗമാരക്കാരില്‍ കാണുന്ന എതിര്‍ മനോഭാവത്തിനും അപ്പുറമാണ് ചെറുപ്പകാലം മുതലേ ഇവരുടെ പ്രവർത്തികള്‍. മനുഷ്യരോടും മൃഗങ്ങളോടുമുള്ള അതിക്രൂരമായ പെരുമാറ്റം, നശീകരണ പ്രവണത, തീ വയ്ക്കുക, നിരവധി നുണകള്‍ പറയുക, മോഷണംനടത്തുക, അനുസരണക്കേട്‌, അനാദരവ്, സ്കൂളിൽ മറ്റ് കുട്ടികളെ ഉപദ്രവിക്കുക, സ്കൂളില്‍ പോകാതെ ഇരിക്കുക എന്നിവ തുടർച്ചയായി അവരുടെ പെരുമാറ്റത്തില്‍ കാണാനാവും. 

ചില കുട്ടികള്‍ വീട്ടില്‍ മാത്രമായും ഇത്തരംപെരുമാറ്റങ്ങള്‍ കാണിക്കാറുണ്ട്. ഭാവിയിൽ ഇവർ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകാനും ക്രിമിനലുകളായി മാറാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഇവരില്‍ ചിലര്‍, ആളുകളെ കയ്യില്‍ എടുക്കാന്‍ സാമർത്ഥ്യമുള്ളവരാണ്. അതുകൊണ്ടു തന്നെ അസാധാരണമായ മാന്യത അഭിനയിച്ച് ആളുകളെ പറ്റിക്കാനുള്ള പ്രവണത ചെറുപ്പം മുതലേ ഇവര്‍ക്കുണ്ടാവും. കുറ്റബോധം എന്നത് ഇവർക്ക് അനുഭവപ്പെടില്ല.

പ്രശ്നത്തിന്റെ ​ഗൗരവം എത്രത്തോളമാണെന്ന് അവന്റെ അമ്മ മനസ്സിലാക്കി എങ്കിലും, ഇതൊന്നും അംഗീകരിക്കാന്‍ അവന്റെ അച്ഛന്‍ മനസ്സുകാണിച്ചില്ല. അവനെ കുറച്ചു ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സിക്കണം എന്ന നിർദേശം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. 

എല്ലാം അച്ഛനെന്ന നിലയിലുള്ള ഉത്തരവാദിത്വം ശരിയായി താന്‍ നിർവഹിക്കാതെ പോയതിന്റെ ഫലമാണ്‌ എന്ന കുറ്റബോധമായിരുന്നു അദ്ദേഹത്തിന്. അപ്പോഴും അവന്റെ സ്വഭാവം ശരിയാക്കാനുള്ള മാർ​ഗങ്ങള്‍ അദ്ദേഹം സ്വീകരിച്ചില്ല. സ്നേഹംകൊണ്ടു മാത്രം അവനെ മാറ്റിയെടുക്കാം എന്ന് ഇപ്പോഴും അദ്ദേഹം വിശ്വസിക്കുന്നു.

ഈ വൈകിയ വേളയിലെങ്കിലും അദ്ദേഹത്തിന് യാഥാർത്ഥ്യ ബോധാത്തോടെ തീരുമാനം എടുക്കാനാവട്ടെ. ഒരുമാനസികാരോഗ്യ ചികിത്സയ്ക്ക് അവനെ പ്രവേശിപ്പിക്കുമ്പോള്‍ സമൂഹം അവനെ എങ്ങനെ കാണും എന്നതാണ് അദ്ദേഹത്തെ പിന്നോട്ടു വലിക്കുന്നത്. ചികിത്സിക്കാതെ ഇരുന്നാല്‍ എത്രയോ വലിയ പ്രത്യാഘാതങ്ങളാവും ഉണ്ടാവുക എന്ന തിരിച്ചറിവ് വരും ദിവസങ്ങളിലെങ്കിലും അദ്ദേഹത്തിന് ഉണ്ടാകട്ടെ.

എഴുതിയത്:

പ്രിയ വർ​ഗീസ് (M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
Consultation near TMM Hospital, Thiruvalla
Telephone consultation available
For appointments call: 8281933323

Follow Us:
Download App:
  • android
  • ios