ഇന്ന് ലോകമാകമാനം എല്ലാ പ്രായക്കാരിലും വിഷാദരോഗം കൂടിവരുന്നു എന്നാണ് കണക്ക്. സോഷ്യല്‍ മീഡിയയും മറ്റു സാമൂഹിക കൂട്ടായ്മകളും എല്ലാം ഇന്ന് വളരെ ഊര്‍ജ്ജിതമാണെങ്കിലും നല്ല സൗഹൃദങ്ങളുടെ അഭാവം നാം അനുഭവിക്കുന്നു എന്നതാണ് വാസ്തവം. ഒരു പ്രശ്നം വരുമ്പോള്‍ അത് പങ്കുവയ്ക്കാനോ ആശ്വാസം പകരാനോ നമുക്കാരും ഇല്ല. കൗമാരക്കാരുടെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല.

സോഷ്യല്‍ മീഡിയയുടെ ഉപയോഗം തന്നെ ചില കൗമാരക്കാരില്‍ വിഷാദത്തിന് കാരണമാകുന്നു. സഹപാഠികളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കാണുമ്പോള്‍ പലരില്‍ അപകര്‍ഷധാബോധം ഉണ്ടാകുന്നു. അവരെപ്പോലെ തനിക്ക് ജീവിതത്തില്‍ വിജയങ്ങള്‍ നേടാന്‍ കഴിയുന്നില്ലല്ലോ എന്ന ചിന്ത അവരെ വിഷാദത്തിന്‍റെ പടുകുഴിയിലേക്ക് തള്ളിയിടുന്നു.

സോഷ്യല്‍ മീഡിയയില്‍ കാണുന്ന ജീവിതവും യഥാര്‍ത്ഥ ജീവിതവുംതമ്മില്‍ വലിയ അന്തരം ഉണ്ട് എന്നതാണ് സത്യം. ഇത്പ ലപ്പോഴും പലരും ചിന്തിക്കുന്നില്ല. വളരെ നിസ്സാരം എന്ന് തോന്നാവുന്ന കാരണങ്ങള്‍ക്കാണ് പലപ്പോഴും കൗമാരക്കാര്‍ ആത്മഹത്യയ്ക്ക് തുനിയുന്നത്. 

ഇതില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് ചെയ്യാന്‍ വൈകുന്നതും, ആഗ്രഹങ്ങള്‍ നൊടിയിടയില്‍ സാധിക്കാതെ പോകുന്നതും ഒക്കെ പെടും. ഇവയെല്ലാം എടുത്തുചാടി ആത്മഹത്യയ്ക്ക് തുനിയുന്ന കൗമാരക്കാരെ സംബന്ധിച്ചിടത്തോളം വലിയ കാര്യങ്ങള്‍ ആണ്. മിക്ക കൗമാരക്കാരും സെല്‍ഫോണ്‍/ ഇന്റര്‍നെറ്റ് അടിമത്വം ഉള്ളവരാണ്.

മദ്യവും മയക്കുമരുന്നും...

ചെറുപ്പക്കാരുടെ ഇടയിലെ മദ്യം/മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം കൂടുതലാണെന്നാണ് കണക്കുകള്‍ പറയുന്നത്. സുഹൃത്തുക്കള്‍ ചെലുത്തുന്ന സമ്മര്‍ദം, കൗമാരത്തിന്‍റെ അപക്വത, മാതാപിതാക്കളുടെ ഉത്തരവാദിത്വമില്ലായ്മ എന്നിവയാണ് ഇതിനുള്ള പ്രധാന കാരണങ്ങള്‍.കൗതുകത്തിന് ആദ്യം തുടങ്ങുന്ന ഇത്തരം പ്രവൃത്തികൾ സവാധാനം അവരുടെ ജീവനെ കാര്‍ന്നുതിന്നുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. പഞ്ചാബില്‍ 75% യുവാക്കളും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസ്സരിച്ച് 2015ല്‍ 53ഉം, 2016ല്‍ 34ഉം18 വയസ്സില്‍ താഴെയുള്ള കൗമാരക്കാരാണ് അമിത മയക്കുമരുന്ന് ഉപയോഗം മൂലം മരണപ്പെട്ടത്.

അശ്ലീലചിത്രങ്ങളോടുള്ള അടിമത്വം...

അശ്ലീലചിത്രങ്ങള്‍ക്ക് അടിമകളായവരില്‍ സ്ത്രീകളോടുള്ള മനോഭാവം മോശമായിരിക്കും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എത്ര നിരോധനം ഏര്‍പ്പെടുത്തിയാലും അശ്ലീല ചിത്രങ്ങളുടെ വ്യാപനം തടയുക വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. സൈറ്റുകള്‍ ബ്ലോക്ക്‌ ചെയ്താലും വാട്സാപ്പ് വഴിയും മറ്റും കൗമാരക്കാര്‍ക്ക് ഇതു എളുപ്പത്തില്‍ ലഭ്യമാകും. ഇതുമൂലം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ വരികയും പെണ്‍കുട്ടികളുമായി നല്ല സൗഹൃദം ഉണ്ടാക്കിയെടുക്കുന്നതില്‍ ബുദ്ധിമുട്ടനുഭവപ്പെടുകളും ചെയ്യും. 

സൈബര്‍ ആക്രമണങ്ങള്‍...

80 ശതമാനത്തിലേറെ കൗമാരക്കാര്‍ മൊബൈല്‍ഫോണുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത് ഇന്ത്യയില്‍ ഉള്ള കുട്ടികളാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. ഇന്‍റെര്‍നെറ്റ് ഉപയോഗിക്കുന്ന മൂന്നിലൊന്നു കൗമാരക്കാരും സൈബര്‍ ആക്രമണങ്ങളുടെ ഇരകളാണ്. ഭീഷണിപ്പെടുത്തുന്ന മെസേജുകള്‍, അനുവാദം കൂടാതെ തങ്ങളുടെ വ്യക്തിപരമായ മെസേജുകള്‍ ഫോര്‍വേഡ് ചെയ്യുക, വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ കിംവദന്തി പരത്തുക, ഫോട്ടോ പോസ്റ്റ്‌ ചെയ്യുക എന്നിവയാണ് അക്രമം നടത്തുന്നവര്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍.

എഴുതിയത്:

പ്രിയ വര്‍ഗീസ്‌
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
പ്രതീക്ഷ, പുഷ്പഗിരി മെഡിക്കല്‍ കോളേജ്
Email: priyavarghese.cp@gmail.com