വിവാഹമോചനത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ നിരവധിയാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ചെറിയ കാര്യങ്ങളില്‍ തുടങ്ങുന്ന പ്രശ്നങ്ങള്‍ തുടര്‍ച്ചയായുള്ള കലഹത്തിനും അഭിപ്രായവ്യത്യാസങ്ങള്‍ക്കും കാരണമാകുമ്പോള്‍ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും പ്രത്യേകിച്ചു കുട്ടികളെ അതു സാരമായി ബാധിക്കും. വിവാഹ ജീവിതത്തില്‍ സന്തോഷമില്ലായ്മ, ദേഷ്യം, ഭയം, ദുഃഖം, അവഗണന എന്നീ അവസ്ഥകള്‍ നീണ്ടകാലം നിലനില്‍ക്കുന്നത് വിവാഹമോചനമെന്ന തീരുമാനത്തിലേക്ക് കൊണ്ടെത്തിക്കാന്‍ കാരണമാകും.

വിവാഹബന്ധം പ്രതിസന്ധിയിലാണ് എന്നതിന്‍റെ സൂചനകള്‍...

1.    ജീവിതം വഴിമുട്ടി നില്‍ക്കുന്നു എന്ന തോന്നല്‍

പങ്കാളി ഒരു സ്വാതന്ത്ര്യവും അനുവദിക്കാത്ത അവസ്ഥ. സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒന്നു പോലും നടക്കാതെ വരുമ്പോള്‍“ഇങ്ങനെ വിവാഹ ജീവിതം മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ടോ?”എന്ന ചിന്തയിലേക്കതു നയിക്കും. എന്നാല്‍ ചിലര്‍ വിവാഹബന്ധം തുടരാന്‍ തീരെ ആഗ്രഹിക്കുന്നില്ല എങ്കില്‍ പോലും കുട്ടികളുടെ ഭാവിയെ ഓര്‍ത്തും സാമ്പത്തിക ആശ്രയത്തിനായും മാത്രം ബന്ധം തുടരുന്ന അവസ്ഥയുമുണ്ട്. പങ്കാളി ശാരീരികമായി ഉപദ്രവമേല്‍പ്പിക്കുന്ന ആളാണെങ്കില്‍ ബന്ധത്തില്‍ നിന്നും പിന്മാറിയാല്‍ ഏല്‍ക്കേണ്ടി വരുന്ന ഉപദ്രവം/ പങ്കാളിയുടെ ആത്മഹത്യാ ഭീഷണി എന്നിവ ഭയന്നും ഇഷ്ടമില്ലാത്ത ബന്ധം തുടരുന്ന നിരവധിപ്പേരുണ്ട്.

2.    അവസാനമായി വിട്ടുവീഴ്ച നടത്താനുള്ള ശ്രമം

എങ്ങനെ വിവാഹമോചനം ഒഴിവാക്കാം എന്നതിനെപ്പറ്റി പുസ്തകങ്ങള്‍ വായിക്കുക, അവസാന ശ്രമമെന്ന നിലയില്‍ പങ്കാളിക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന പെരുമാറ്റ രീതികളില്‍ മാറ്റം വരുത്താമെന്ന് വാക്കു നൽകുകയും അതു പാലിക്കാന്‍ കഴിയാതെയും വരിക. പങ്കാളി ആഗ്രഹിക്കും പോലെ തന്‍റെ വ്യക്തിത്വത്തെ മാറ്റിയെടുത്താല്‍ ജീവിതം സന്തോഷകരമാകും എന്ന ചിന്തയില്‍ സ്വന്തം ഇഷ്ടങ്ങള്‍ എല്ലാം പൂര്‍ണ്ണമായും വേണ്ടെന്നുവച്ചു കഴിയാന്‍ ശ്രമിക്കുകയും ഒടുവില്‍ വീര്‍പ്പുമുട്ടുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യുക.

3.    പരസ്പരം കുറ്റപ്പെടുത്തല്‍

എപ്പോഴും പങ്കാളിയെ കുറ്റപ്പെടുത്തുന്ന രീതി അവരില്‍ അസംതൃപ്തിക്കു കാരണമാകും. കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടി വരുമെന്നതിനാല്‍ അവര്‍ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയും, തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്യും. പങ്കാളിയുടെ ഈ സമീപനം മാനസിക സമ്മര്‍ദ്ദമുണ്ടാക്കും. പ്രശ്നങ്ങള്‍ വഷളാകുമ്പോള്‍ പരിഹാരത്തിനു ശ്രമിക്കുന്നതിനു പകരം രൂക്ഷമായി വിമര്‍ശിക്കുന്നതും, വഴക്കിനിടയില്‍ പരസ്പരം ശാരീരിക ഉപദ്രവങ്ങള്‍ ഏല്‍പ്പിക്കുന്നതും വിവാഹം തകര്‍ച്ചയുടെ വക്കിലാണെന്നതിന്‍റെ സൂചനയാണ്.

4.    ഇഷ്ടമില്ലാതെ ഒപ്പം ജീവിക്കുക

കുട്ടികളുടെ ഭാവിയെയും സ്വന്തം വീട്ടുകാരെയും ഓര്‍ത്തു ഇഷ്ടമില്ലെങ്കിലും വിവാഹമോചനം വേണ്ട എന്ന് തീരുമാനിക്കുക. വിവാഹമോചനവുമായി ബന്ധപ്പെട്ടു നിയമപരമായി നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ ഭയന്നും, സമൂഹം ഒറ്റപ്പെടുത്തും, സുരക്ഷിതത്വം ഇല്ലാതെയാകും എന്നെല്ലാമുള്ള ആശങ്കയില്‍ പങ്കാളിയുമായി മാനസികമായി പൂര്‍ണ്ണമായും അകന്ന് ഒരു വീട്ടില്‍ അന്യരെപ്പോലെ ജീവിക്കാന്‍ തീരുമാനിച്ചേക്കാം.

5.    പണം അവരവരുടെ പേരിലേക്കു മാത്രം നിക്ഷേപിക്കുക

അതുവരെ എന്‍റെത്-നിന്‍റെത് എന്ന കണക്കുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എങ്കില്‍ പെട്ടെന്നതില്‍ വ്യത്യാസം വരിക. ഇത്രയുമാകുമ്പോള്‍ വിവാഹ മോചനം എന്ന തീരുമാനത്തില്‍ നിന്നും പിന്നോട്ടു പോകാനുള്ള സാധ്യത കുറവാണ്. മാനസികമായി വളരെ അധികം അകന്നു എന്നതിന്‍റെ ലക്ഷണമായി ഇതിനെ കരുതാം. സ്വതന്ത്രമായി ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ തീരുമാനിച്ചിരിക്കുന്നതിന്‍റെ ഭാഗമായി പുതിയ ക്രമീകരണങ്ങള്‍ ഈ ഘട്ടത്തില്‍ വരുത്തും.

6.    ആശയവിനിമയം നടത്താതെ വരിക

കാര്യങ്ങള്‍ തുറന്നു പറയുന്നത് അവസാനിപ്പിക്കുക എന്നത് വിവാഹമോചനത്തിന്‍റെ മുന്നോടിയായുള്ള സൂചനമാണ്. മിണ്ടാതെയിരിക്കുന്നത് അവഗണനയുടെ ലക്ഷണമായി പങ്കാളിക്ക് അനുഭവപ്പെടും. ആശയവിനിമയം അവസാനിക്കുന്നതോടുകൂടി അവര്‍ തമ്മിലുള്ള സ്നേഹവും മങ്ങി തുടങ്ങും. പരസ്പരം മിണ്ടാതെയാകുമ്പോള്‍ ഒരാളുടെ മനസ്സിലെ ചിന്ത എന്തായിരിക്കും എന്നതിനേപ്പറ്റി മറ്റെയാള്‍ ഊഹങ്ങളും തെറ്റായഅനുമാനങ്ങളും നടത്താന്‍ തുടങ്ങും. അങ്ങനെ അവരുടെ മനസ്സുകള്‍ തമ്മില്‍ അകലുകയാവും പിന്നീടു നടക്കുക.

എഴുതിയത്:
പ്രിയ വര്‍ഗീസ് 
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, 
പുഷ്പഗിരി മെഡിക്കല്‍ കോളേജ്
Telephone counselling available
PH:8281933323