സിനിമകളില്‍ കോമാളിയായും അരവട്ടനായും ഒക്കെ പ്രത്യക്ഷപ്പെടുന്ന മന:ശാസ്ത്രജ്ഞരുടെ കഥാപാത്രങ്ങള്‍ നമ്മള്‍ കാണാറുണ്ട്. ഇതിന് ഒരാശ്വാസമായിരുന്നു ‘കുമ്പളങ്ങി നൈട്സ്’ എന്ന സിനിമയിലെ സജി എന്ന കഥാപാത്രം മന:ശാസ്ത്രജ്ഞനെ സമീപിക്കുന്ന രംഗം. 

മന:ശാസ്ത്രജ്ഞരെ പരിചയം ഉണ്ട് എന്നു പറയാനും, അവരോടു വെറുതെ ഒന്നു സംസാരിക്കാന്‍ പോലും പലര്‍ക്കും ഭയമാണ്. അവര്‍ കണ്ണില്‍ നോക്കി ഹിപ്നോട്ടിസം പ്രയോഗിക്കുമോ, മുഖത്തു വെറുതെ ഒന്നു നോക്കിയാല്‍ തന്നെ ഒരാളുടെ മനസ്സിലുള്ളത് മുഴുവനും മനസ്സിലാക്കിക്കളയുമോ എന്നെല്ലാമുള്ള സംശയങ്ങളാണ് അതിനു കാരണം. 

ഒരാള്‍ മന:ശാസ്ത്ര ചികിത്സയ്ക്ക് പോയ വിവരമറിഞ്ഞാല്‍ അയാള്‍ക്ക് ‘ഭ്രാന്തന്‍’ അല്ലെങ്കില്‍ ‘ഭ്രാന്തി’ എന്ന പേരു ചാര്‍ത്തിക്കൊടുക്കുന്ന ഒരു പ്രവണത നമ്മുടെ സമൂഹത്തിനുണ്ട്. സമൂഹത്തിന്‍റെ ഈ ചിന്താഗതിക്ക് മാറ്റം വരേണ്ടിയിരിക്കുന്നു. മറ്റു ശാരീരിക രോഗങ്ങള്‍ക്ക് കിട്ടുന്ന സ്വീകാര്യതയും സഹതാപവും മാനസിക പ്രശ്നങ്ങള്‍ക്ക് കിട്ടാറില്ല. അതിനാല്‍ തന്നെ ചികിത്സ ആവശ്യമാണ് എന്ന് മനസ്സിലാക്കിയാലും അതിനായി തയ്യാറാകാന്‍ പലരും മടിക്കുന്നു.

 സൈക്കോളജിസ്റ്റിനെ കാണാന്‍ തീരുമാനിച്ച് അവസാന നിമിഷം പിന്മാറുന്നവരും നിരവധിയാണ്. ചികിത്സ കൂടാതെ തന്നെ സ്വയം മാനസികപ്രശ്നങ്ങളെ മാറ്റിയെടുക്കാം എന്ന ചിന്തയോ, അല്ലെങ്കില്‍ വീട്ടിലുള്ളവരോ സുഹൃത്തുക്കളോ- “ഇതു നിനക്കു സ്വയം മാറ്റിയെടുക്കാവുന്നതല്ലേ ഉള്ളൂ, എന്തിനാണ് ഇങ്ങനെ സൈക്കോളജിസ്റ്റിന്‍റെയൊക്കെ സഹായം. ചികിത്സയ്ക്ക് പോയി നീ വെറുതെ ഭ്രാന്തുണ്ടെന്ന പേരു കേള്‍പ്പിക്കരുത്”- എന്നു പറയുന്നതുമാവാം പിന്മാറാനുള്ള കാരണങ്ങള്‍.

ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുമായിരുന്ന പല പ്രശ്നങ്ങളും അതിനുള്ള ശ്രമം നടത്താത്തതിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ കൊണ്ടുനടക്കുന്നവരും, ജീവിതത്തില്‍ ഒരിക്കലും സന്തോഷം അനുഭവിക്കാന്‍ പറ്റാതെ പോകുന്നവരുമായ നിരവധിപ്പേരുണ്ട്. പല ആത്മഹത്യകള്‍ക്കും കാരണം തക്കസമയത്തു ചികിത്സ തേടാത്തതാവാം.

 വിവാഹ മോചനങ്ങള്‍ പലതും നടക്കുന്നത് എടുത്തു ചാട്ടം കൊണ്ടോ, തെറ്റിധാരണ കൊണ്ടോ ആവാം. നാം'മൂഢന്‍’, ‘മടിയന്‍’ എന്നൊക്കെ മുദ്രകുത്തുന്ന പലരും കഴിവുണ്ടായിട്ടും ടെന്‍ഷനോ, അപകര്‍ഷതാബോധമോ മൂലം ജീവിതത്തില്‍ വിജയിക്കാനാവാതെ പോയവരാകാം. ഇന്ന് മാനസിക പ്രശ്നങ്ങള്‍ മുന്‍പ് ഉള്ളതിലും അധികമാണ് എന്നുള്ളതാണ് വസ്തുത. 

ടെന്‍ഷന്‍ പോലെയുള്ള പ്രശ്നങ്ങള്‍ മാത്രം ഇന്ത്യയില്‍ ഏകദേശം 20 ശതമാനത്തോളം ആളുകള്‍ക്കുണ്ട്. ഇന്ത്യയില്‍ പത്തില്‍ ഒന്‍പതാളുകള്‍ ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നു.
മന:ശാസ്ത്രജ്ഞരെ സമീപിക്കുന്നവര്‍ എല്ലാവരും തന്നെ തീവ്രമായ മാനസികരോഗം ഉള്ളവരോ യാഥാര്‍ഥ്യബോധം പൂര്‍ണ്ണമായും നഷ്ടപ്പെട്ടവരോ അല്ല.

 ഉത്‌ക്കണ്‌ഠ, ജോലിസ്ഥലത്തെ മാനസിക സമ്മര്‍ദ്ദം, ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍, അകാരണ ഭയം, സാമൂഹിക ഭയം, നിരാശ, ലക്ഷ്യബോധമില്ലായ്മ, കുട്ടികളിലെ പെരുമാറ്റപ്രശ്നങ്ങള്‍, പരീക്ഷാപ്പേടി ഇങ്ങനെ നിരവധി പ്രശ്നങ്ങള്‍ വിവരശേഖരണത്തിലൂടെയും ടെസ്റ്റുകളിലൂടെയും ആഴത്തില്‍ മനസ്സിലാക്കി പരിഹാരം നിര്‍ദ്ദേശിക്കാന്‍ മന:ശാസ്ത്ര വിദഗ്ദ്ധര്‍ക്കു കഴിയും.

മാനസിക പ്രശ്നങ്ങള്‍ മാത്രമല്ല, ഇപ്പോഴുള്ള അവസ്ഥയില്‍ നിന്നും ജീവിതം കൂടുതല്‍ ക്രമപ്പെടുത്തി എടുക്കാനും,ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും, ജീവിത വിജയം നേടാനും സഹായകരമായ ശീലങ്ങള്‍ നിര്‍ദ്ദേശിക്കാനുമെല്ലാമുള്ള വൈദഗ്ദ്ധ്യം നേടിയവരാണ് മന:ശാസ്ത്രജ്ഞര്‍.

മന:ശാസ്ത്ര ചികിത്സ ആര്‍ക്കും ചെയ്ത് കൂടെ?

മന:ശാസ്ത്ര ചികിത്സ എന്നാല്‍ വെറുതെ സംസാരിച്ചിരിക്കല്‍ അല്ലെ എന്ന് പൊതുവേ ഒരു ധാരണയുണ്ട്. അതുകൊണ്ടു തന്നെ ഈ മേഖലയില്‍ യോഗ്യത ഇല്ലാത്ത പലരും മുറിവൈദ്യം പ്രയോഗിച്ച് കാര്യങ്ങള്‍ വഷളാക്കുന്ന സംഭവങ്ങള്‍ ഉണ്ട്. മന:ശാസ്ത്ര ചികിത്സയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം ലക്ഷണങ്ങള്‍ മനസ്സിലാക്കി രോഗനിര്‍ണ്ണയം നടത്തുക എന്നതാണ്. ഇത് എല്ലാവര്‍ക്കും സാധ്യമല്ല. 

മന:ശാസ്ത്രത്തില്‍ ആഴമായ അറിവും പ്രവര്‍ത്തി പരിചയവും ഇതിനാവശ്യമാണ്‌. കുറഞ്ഞത്‌ ഏഴു വര്‍ഷം മന:ശാസ്ത്ര പഠനം നടത്തി റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (RCI) അംഗീകാരം നേടിയ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ക്കു മാത്രമാണ് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ യോഗ്യതയുള്ളത്. 

എന്നാല്‍ ഒരാഴ്ചയോ, ആറു മാസമോ, ഇനി സൈക്കോളജി പഠിക്കാതെ തന്നെയോ ചികിത്സ നടത്തുന്ന നിരവധി ‘വ്യാജ മന:ശാസ്ത്രജ്ഞര്‍’ നമ്മുടെ നാട്ടില്‍ ഉണ്ട്. അതിനാല്‍ വിദ്യാഭ്യാസയോഗ്യതയായി M.Phil M&SP അല്ലെങ്കില്‍ M.Phil Clinical Psychology, RCI റെജിസ്റ്റര്‍നമ്പര്‍ എന്നിവ ഉണ്ടോ എന്നും ഉറപ്പുവരുത്തുക.

മന:ശാസ്ത്ര ചികിത്സയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍...

ചിലര്‍ മനശാസ്ത്ര ചികിത്സയെന്നാല്‍ ഹിപ്നോട്ടിസം മാത്രം എന്നു തെറ്റിദ്ധരിക്കാറുണ്ട്. തങ്ങളുടെ അനുവാദമില്ലാതെ മനസ്സിലുള്ള കാര്യങ്ങള്‍ എല്ലാം മന:ശാസ്ത്രജ്ഞര്‍ പിടിച്ചെടുക്കും എന്ന ധാരണയില്‍ ചികിത്സയ്ക്ക് വിസ്സമതിക്കുന്നവരുമുണ്ട്. ഇതെല്ലാം തെറ്റിദ്ധാരണകളാണ്. ഹിപ്നോട്ടിസം ഒരു ചികിത്സാരീതിയാണ്.സിനിമയില്‍ കാണും പോലെ ഒരാളെ ബോധം കെടുത്തി അയാളുടെ അനുവാദം കൂടാതെ മനസ്സിലിരിപ്പു കണ്ടെത്താന്‍ ഉപയോഗിക്കുന്ന തന്ത്രമല്ല അത്.

യഥാര്‍ത്ഥത്തില്‍ മന:ശാസ്ത്ര ചികിത്സയെന്നാല്‍ പ്രശ്നങ്ങള്‍ക്ക് കാരണമായ ചിന്തകളും പെരുമാറ്റ രീതികളും എങ്ങനെ മാറ്റിയെടുക്കാം എന്ന പരിശീലനമാണ്. ജീവിതത്തില്‍ സമ്മർദ്ദങ്ങളും സംഘർഷങ്ങളും നേരിടാൻ വ്യക്തികളെ സജ്ജരാക്കുന്ന ഒരു പ്രക്രിയയാണത്. സഹായം തേടിയെത്തിയ വ്യക്തിയെ അവരുടെ പ്രശ്നം എന്താണെന്നും എങ്ങനെയാണ് ചികിത്സയെന്നുമെല്ലാം പറഞ്ഞു മനസ്സിലാക്കിയതിനു ശേഷമാണ് പ്രതിവിധി നിര്‍ദ്ദേശിക്കുന്നത്.

മന:ശാസ്ത്ര ചികിത്സയെന്നാല്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ മന:ശാസ്ത്രജ്ഞര്‍ തീരുമാനമെടുക്കുക എന്നതല്ല. തീരുമാനങ്ങള്‍ എടുക്കാന്‍ ആ വ്യക്തിയെ പ്രാപ്തനാക്കുക എന്നതാണ്. ചികിത്സ സ്വീകരിക്കുന്ന വ്യക്തിക്ക് ജീവിതം പുതിയ രീതിയില്‍ ക്രമീകരിക്കാന്‍ എത്രമാത്രം ആഗ്രഹം ഉണ്ടെന്നും സ്വയം പ്രചോദിപ്പിക്കാന്‍ അയാള്‍ എത്രമാത്രം ശ്രമിക്കുന്നു എന്നതും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ സാധ്യത ഉയര്‍ത്തുന്ന ഒരു ഘടകമാണ്.

സഹായം തേടിയെത്തുന്ന ആളുടെ വ്യക്തിത്വവും അയാള്‍ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളെപ്പറ്റിയുമെല്ലാം വിശദമായി മനസ്സിലാക്കേണ്ടത് എന്തൊക്കെ വ്യത്യാസങ്ങള്‍ ആ വ്യക്തി വരുത്തേണ്ടതുണ്ട് എന്ന രൂപരേഖ തയ്യാറാക്കാന്‍ ആവശ്യമാണ്. അതിനാല്‍ തന്നെ അഞ്ചു മിനിറ്റില്‍ ചികിത്സ പൂര്‍ത്തിയാക്കാന്‍ സാധ്യമല്ല. ഒരു സന്ദര്‍ശനം ഏതാണ്ട് ഒരു മണിക്കൂര്‍ എങ്കിലും ദൈര്‍ഘ്യമുള്ളതാവും. ക്ഷമയും ചികിത്സയോടു പ്രതിബദ്ധതയും കൂടിയേതീരൂ.

വെറുതെ സംസാരിക്കാന്‍ ഫീസ്സ്‌ കൊടുക്കേണ്ടതുണ്ടോ എന്നു സംശയിക്കുന്നവരുമുണ്ട്. മന:ശാസ്ത്ര ചികിത്സയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാതെ പോകുമ്പോഴാണിത് സംഭവിക്കുന്നത്‌. ഒരു വ്യക്തിയുടെ ശരീരത്തിന്‍റെ ആരോഗ്യം പോലെതന്നെ പ്രധാനമാണ് മനസ്സിന്‍റെ ആരോഗ്യവും. നമ്മുടെ ചിന്തകളിലും, പെരുമാറ്റത്തിലും, വികാരങ്ങളുടെ നിയന്ത്രണത്തിലും എല്ലാം സുസ്ഥിതി ഉള്ള അവസ്ഥയ്ക്കാണ് മാനസികാരോഗ്യം എന്ന് പറയുന്നത്. അത് മാനസികരോഗം ഇല്ലാത്ത അവസ്ഥ എന്ന് മാത്രം കണ്ടാല്‍ പോരാ.

 മാനസികാരോഗ്യം നമ്മുടെ ദൈനംദിന പ്രവര്‍ത്തികളിലും, വ്യക്തിബന്ധങ്ങളിലും, രോഗപ്രതിരോധശേഷിയിലുമെല്ലാം പ്രതിഫലിക്കുന്നു. 2018 ഫെബ്രുവരിയില്‍ ഹെല്‍ത്ത്‌ ആന്‍ഡ്‌ ഫാമിലി വെല്‍ഫെയര്‍ വകുപ്പു മന്ത്രിയായ അനുപ്രിയ പട്ടേല്‍ പാര്‍ലമെന്റിൽ അവതരിപ്പിച്ച കണക്കു പ്രകാരം ഇന്ത്യയില്‍ ആവശ്യമായ മന:ശാസ്ത്രജ്ഞരുടെ എണ്ണം 20,250 ആയിരിക്കെ യോഗ്യതയുള്ള മന:ശാസ്ത്രജ്ഞര്‍ 898 പേര്‍ മാത്രമാണ് ഇപ്പോഴുള്ളത്. എന്നാല്‍ അവരുടെ പോലും സേവനം ശരിയായ അളവില്‍ പ്രയോജനപ്പെടുത്തുന്നില്ല എന്നുള്ളതാണ് വസ്തുത.

എഴുതിയത്:

പ്രിയ വര്‍ഗീസ്(M.Phil M&SP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (RCI Reg.No 40415)
റാന്നി, പത്തനംതിട്ട
PH: 8281933323
Telephone counselling also available from 10am to 2pm