ദുഖകരമായ ഓര്‍മ്മകള്‍ വീണ്ടും വീണ്ടും മനസിനെ വേദനിപ്പിക്കുന്ന അവസ്ഥ ഇന്ന് മിക്കവരിലും കാണാം. മനസ്സിനെ വിഷമിപ്പിക്കുന്ന ഓര്‍മ്മകളില്‍ നിന്നും മുക്തിനേടാൻ നിങ്ങൾ ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം.

കഴിഞ്ഞ കാലങ്ങളില്‍ മനസ്സിനെ വേദനിപ്പിച്ച സംഭവങ്ങള്‍ ഇടയ്ക്കിടെ മനസ്സിലേക്കു കടന്നു വരുന്ന അവസ്ഥയുണ്ടോ? “എനിക്ക് കുറെ നേരം ഒന്നും ചിന്തിക്കാതെ ഇരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍”, “എന്‍റെ ഓര്‍മ്മ നശിച്ചിരുന്നെങ്കില്‍” എന്നെല്ലാം ചിന്തിക്കാറുണ്ടോ? മറവി രോഗത്തെപ്പറ്റിയും ഓര്‍മ്മ വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ചുമെല്ലാം ഇന്നു നാം കൂടുതല്‍ ബോധവാന്മാരാണ്. എന്നാല്‍ ചില ജീവിതാനുഭവങ്ങള്‍ മറക്കാന്‍ കഴിയാതെ ജീവിതത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സം സൃഷ്ടിക്കുന്ന അവസ്ഥ നേരിടുന്ന നിരവധിപ്പേരുണ്ട്.

നിങ്ങൾ ചെയ്യേണ്ടത്...

ഒരു സ്ഥലമോ, ഏതെങ്കിലും ഒരു പാട്ടോ, ഒരു പെര്‍ഫ്യൂമിന്‍റെ സുഗന്ധമോ, ഒരു പുസ്തകമോ ഒക്കെയാകും കഴിഞ്ഞ കാല ഓര്‍മ്മകളെ വീണ്ടും മനസ്സിലേക്ക് കൊണ്ടുവരുന്നത്. കഴിഞ്ഞ കാലത്തെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ക്ക് നല്ല ഓര്‍മ്മകളേക്കാള്‍ കൂടുതല്‍ തീവ്രതയുള്ളതായി നമുക്കനുഭവപ്പെടും.അവ നമ്മുടെ മനസ്സില്‍ ദേഷ്യം, കുറ്റബോധം, നാണക്കേട്‌, വെറുപ്പ്‌, അസൂയ എന്നിവ തോന്നാന്‍ കാരണമാകും.

മറ്റുള്ളവര്‍ നമ്മളെ പരിഹസിച്ചതും, ഒരു വ്യക്തി എന്ന നിലയില്‍ വില നല്‍കാതെ ഇരുന്നതും എല്ലാം ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ മനസ്സിനെ വേദനിപ്പിച്ചേക്കാം. എന്നാല്‍ ആ ചിന്തകളുടെ അടിമത്വത്തില്‍ നിന്നും മുക്തരാകുക എന്നതാണ് ഇന്നീ നിമിഷം നാം ചെയ്യേണ്ടത്. നമ്മുടെ വില നിശ്ചയിക്കുന്നത് നമ്മള്‍ തന്നെയാണ്. എപ്പോഴും എല്ലാ കാര്യങ്ങളിലും മറ്റുള്ളവരുടെ പ്രീതി സമ്പാദിക്കാന്‍ നമുക്ക് കഴിയില്ല എന്ന അവബോധം നമുക്കാദ്യം ഉണ്ടാക്കിയെടുക്കാം.

 നമ്മെ പരിഹസിച്ചവര്‍ നമ്മെ അംഗീകരിക്കാന്‍ എന്തൊക്കെ നേട്ടങ്ങളാണ് ജീവിതത്തില്‍ കൈവരിക്കേണ്ടത് എന്ന നിലയില്‍ ക്രിയാത്മകമായി ചിന്തിക്കാന്‍ മനസ്സിനെ ശീലിപ്പിക്കാം. പത്താംക്ലാസ് പരീക്ഷയില്‍ കൃത്യം ജയിക്കാനുള്ള മാര്‍ക്കുമാത്രം നേടിയവര്‍ സിവില്‍ സര്‍വ്വീസ് നേടുന്നതും, സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ളവര്‍ ലോകത്തിലെ തന്നെ വലിയ വ്യവസായികള്‍ ആയിമാറുന്നതും അങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. വിനാശകരമായ ചിന്തകളെ ക്രിയാത്മകമായ ചിന്തകളാക്കി രൂപാന്തരപ്പെടുത്താന്‍ കഴിഞ്ഞു എന്നുള്ളതാണ് അവരുടെയൊക്കെ വിജയരഹസ്യം.

മനസ്സിനെ വിഷമിപ്പിക്കുന്ന ഓര്‍മ്മകളില്‍ നിന്നും മുക്തിനേടാത്ത അവസ്ഥ മനസികാരോഗ്യത്തെ ഇല്ലാതെയാക്കും. ഉല്‍കണ്‌ഠ, വിഷാദരോഗം എന്നിവയ്ക്കതു കാരണമാകും. ധ്യാനം, റിലാക്സേഷന്‍ ട്രയിനിംഗ് എന്നിവയിലൂടെ മനസ്സിനെ ശാന്തമാക്കി ചിന്തകളില്‍ കാര്യമായ വ്യത്യാസം ഉണ്ടാക്കിയെടുക്കുകയും മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയുമാണ് വേണ്ടത്.

വ്യസനകരമായ ഓര്‍മ്മകള്‍ വീണ്ടും വീണ്ടും മനസ്സിനെ വേദനിപ്പിക്കുന്ന അവസ്ഥയില്‍ നിന്നും മുക്തിനേടേണ്ടത് എങ്ങനെ എന്ന് മനസ്സിലാക്കാന്‍ മന:ശാസ്ത്ര ചികിത്സയിലൂടെ സാധ്യമാണ്. പൊതുവേ ചികിത്സയ്ക്കായി സമീപിക്കുന്നവര്‍ ആദ്യം ചോദിക്കുന്ന ചോദ്യം- “ഇത് മാറ്റിയെടുക്കാന്‍ കഴിയുമോ?” എന്നാണ്. ചിന്തകളെ മാത്രമല്ല, ശീലങ്ങളെയും, പെരുമാറ്റത്തെയും, ആത്മവിശ്വാസത്തിന്‍റെ അളവിനെയും എല്ലാം തന്നെ മന:ശാസ്ത്ര ചികിത്സയിലൂടെ വ്യത്യാസപ്പെടുത്തിയെടുക്കാന്‍ കഴിയും. സ്വയം പ്രചോദിപ്പിക്കാനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനും കഴിഞ്ഞാല്‍ മാറ്റം സുനിശ്ചിതമാണ്.

എഴുതിയത്:
പ്രിയ വര്‍ഗീസ് 
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
Email: priyavarghese.cp@gmail.com
PH: 8281933323