വിജയകരമായ കുടുംബജീവിതത്തിന് കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്നു സമയം ചിലവഴിക്കേണ്ടത് വളരെ പ്രധാനമാണ്. അതുപോലെ തന്നെ ഭാര്യാ ഭര്‍ത്താക്കന്മാര്‍ മാത്രമായും എല്ലാ ദിവസവും ഏറ്റവും കുറഞ്ഞത് പത്തു മിനിറ്റെങ്കിലും സംസരിക്കേണ്ടതും അവര്‍ തമ്മിലുള്ള മാനസിക ഐക്യം നിലനിര്‍ത്താന്‍ അത്യാവശ്യമാണ്.
വിവാഹം എന്നാല്‍ സ്വാതന്ത്ര്യം ഇല്ലാതെയാകുന്ന അവസ്ഥ എന്നാണ് പൊതുവേ ആളുകള്‍ തമാശയായി പറയാറുള്ളത്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ ചെറുതും വലുതുമായ വഴക്കുകള്‍ നടക്കാറുണ്ട്. ചെറിയ ഒരു കാരണത്തില്‍ അതു തുടങ്ങുമ്പോള്‍ തന്നെ മിക്കവരും പറയാറുള്ള ചില സ്ഥിരം ഡയലോഗുകള്‍...
“ഈ മനുഷ്യനെ കല്യാണം കഴിക്കേണ്ടായിരുന്നു”
“ഏതു നേരത്താണോ ഇവളെ കെട്ടാന്‍ തോന്നിയത്”
“എത്രയെത്ര നല്ല കല്യാണാലോചനകള്‍ വന്നതാ, എന്നിട്ടും എനിക്കു പറ്റിയ അബദ്ധം”
“കല്യാണമേ കഴിക്കേണ്ടിയിരുന്നില്ല”
“പെണ്ണു കാണാന്‍ ചെന്നപ്പോള്‍ ഇവള്‍ പാവത്തെ പോലെ അഭിനയിച്ച് എന്നെ പറ്റിച്ചതാ”
ഈ വ്യക്തിയെ അല്ല മറ്റൊരാളേ വിവാഹം ചെയ്തിരുന്നുവെങ്കില്‍ ജീവിതം സ്വപ്നതുല്യമായി തീരുമായിരുന്നു എന്നു തോന്നുന്നുണ്ടോ? ചില ആളുകളുടെ കാര്യത്തില്‍ ഒത്തുപോകുക ഒരു വിധത്തിലും ചിലപ്പോള്‍ സാധ്യമല്ലായെന്നു വരാം.
എന്നാല്‍ നല്ലൊരു ശതമാനം ആളുകളുടെയും കാര്യത്തില്‍ അവരുടെ പെരുമാറ്റത്തിലും ആശയ വിനിമയത്തിലും ചില മാറ്റങ്ങള്‍ വരുത്താനായാല്‍ കുടുംബ ജീവിതം സന്തോഷകരമാക്കാന്‍ കഴിയും.
സ്ത്രീകളുടെയും പുരുഷന്മാരുടെയും ചിന്താഗതികളും കാഴ്ചപ്പാടുകളും വ്യത്യസ്തമാണ്. അവര്‍ ഓരോ വിഷയത്തിലും വ്യത്യസ്ത നിലപാടുകള്‍ കൈക്കൊള്ളുന്നവരുമാണ്. ഒരേ ഇഷ്ടങ്ങളും താല്പര്യങ്ങളും ഉള്ളവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നതാണ് നല്ലത്.
എന്നാല്‍ എത്ര കണ്ടു സാമ്യം ഇരുവരുടെയും വ്യക്തിത്വങ്ങള്‍ തമ്മില്‍ ഉണ്ട് എങ്കില്‍ പോലും കുടുംബജീവിതത്തിലേക്കു വരുമ്പോള്‍ പിന്നെയും കുറേ കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. ഒരേ വേവ് ലെങ്ങ്ത്, മെയിഡ് ഫോര്‍ ഈച്ച് അതര്‍ എന്നൊക്കെയുള്ള വിശേഷണങ്ങള്‍ നമ്മള്‍ കൊടുക്കുന്നവര്‍ എല്ലാം നൂറുശതമാനം സാമ്യത ഉള്ളവര്‍ ആകണം എന്നില്ല.
പരസ്പരം കരുതാനും, ഇരുവരുടെയും താല്പര്യങ്ങള്‍ക്ക് ഒരേപോലെ പ്രാധാന്യം നല്‍കാനും അവര്‍ക്കു കഴിയുന്നു എന്നുവേണം അവരെപ്പറ്റി മനസ്സിലാക്കാന്‍. ഭര്‍ത്താവ് വാചാലനായി സംസാരിക്കുന്ന വ്യക്തിയാണ് എങ്കില്‍ ഭാര്യയും അങ്ങനെ തന്നെ ആയിരിക്കണം എന്നില്ല. ഭാര്യ എല്ലാകാര്യങ്ങളിലും കൃത്യമായ അടുക്കും ചിട്ടയും പാലിക്കുന്ന വ്യക്തിയാണെങ്കിലും ഭര്‍ത്താവ് അങ്ങനെ ആകണം എന്നില്ല. ഈ വ്യത്യാസങ്ങള്‍ തന്നെ പലപ്പോള്‍ ജീവിതത്തില്‍ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.
ദമ്പതികളുടെ മാനസിക ഐക്യം എങ്ങനെ നിലനിര്‍ത്താം?
വിജയകരമായ കുടുംബജീവിതത്തിന് കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്നു സമയം ചിലവഴിക്കേണ്ടത് വളരെ പ്രധാനമാണ്. അതുപോലെ തന്നെ ഭാര്യാ ഭര്‍ത്താക്കന്മാര്‍ മാത്രമായും എല്ലാ ദിവസവും ഏറ്റവും കുറഞ്ഞത് പത്തു മിനിറ്റെങ്കിലും സംസരിക്കേണ്ടതും അവര്‍ തമ്മിലുള്ള മാനസിക ഐക്യം നിലനിര്‍ത്താന്‍ അത്യാവശ്യമാണ്.
വീട്ടിലെ ജോലികളും എല്ലാ ഉത്തരവാദിത്വങ്ങളും രണ്ടുപേരും ചേര്‍ന്ന്‍ നിര്‍വഹിക്കുന്ന രീതി സ്വീകരിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്മാര്‍ കുടുംബജീവിതത്തില്‍ സന്തോഷമുള്ളവരായി കാണപ്പെടുന്നു. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ ഒരുമിച്ചു പോകാം. എല്ലാ ദിവസവും കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാം. രണ്ടുപേര്‍ക്കും ഒരേപോലെ താല്‍പര്യമുള്ള കാര്യങ്ങള്‍എന്തെല്ലാം എന്നു കണ്ടെത്താം.
ഒരു തവണ ഭര്‍ത്താവിന് ഇഷ്ടമുള്ളതും അടുത്ത തവണ ഭാര്യയ്ക്ക് ഇഷ്ടമുള്ളതുമായ കാര്യങ്ങള്‍ക്കായി സമയം കണ്ടെത്താം. അങ്ങനെ സംതുലിതമായി കാര്യങ്ങള്‍ തിരഞ്ഞെടുക്കാം. പരസ്പരം വാക്കു കൊടുത്തിട്ടുള്ള കാര്യങ്ങള്‍ മുടക്കം വരുത്താതെ പാലിക്കാന്‍ ശ്രമിക്കാം.
പൊതുവേ ഭാര്യമാര്‍ക്കുള്ള പരാതിയാണ് ഭര്‍ത്താക്കന്മാര്‍ തങ്ങളോട് സംസാരിക്കുന്നില്ല, പറയുന്നതു ശ്രദ്ധിക്കുന്നില്ല എന്നൊക്കെ. ഇവര്‍ രണ്ടു പേരുടെയും ചിന്തകളിലുള്ള വ്യത്യാസം ഒരു ഉദാഹരണം വഴി നോക്കാം. ഒരു അവധി ദിവസം. ഭാര്യ രാവിലെ തന്നെ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലാണ്. ഭര്‍ത്താവ് ടിവി കണ്ടുകൊണ്ടിരിക്കുന്നു. ഭക്ഷണ സമയമാകുമ്പോള്‍ ഭര്‍ത്താവ് ഭക്ഷണം എടുത്തുകൊണ്ട് ടിവിയുടെ മുന്‍പിലേക്ക് വീണ്ടും പോകുന്നു.
ഭാര്യ വീണ്ടും അടുക്കളയിലേക്കു പോകുന്നു. ഭാര്യയെ സംബന്ധിച്ച് അദ്ദേഹം അവരെ ജോലികളില്‍ ഒന്നു സഹായിച്ചിരുന്നെങ്കില്‍, അല്ലെങ്കില്‍ അവര്‍ ജോലി ചെയ്യുന്നതിനിടയില്‍ കുറച്ചു സമയം അദ്ദേഹം വന്നിരുന്ന് എന്തെങ്കിലുമൊക്കെസംസാരിച്ചിരുന്നെങ്കില്‍ എന്നാവും ചിന്തിക്കുക. അതേ സമയം ഭര്‍ത്താവ് ചിന്തിക്കുന്നത് ഇപ്രകാരമായിരിക്കും- “ഞാന്‍ ഇന്നു മുഴുവന്‍ സമയവും വീട്ടില്‍ തന്നെ ഉണ്ടായിരുന്നു.
വളരെ പാടുപെട്ടാണ് ഇന്നെവിടെയും പോകാതെസമയംകളയാന്‍ടിവിയും കണ്ടിവിടെ തന്നെ ഇരുന്നത്. അതുകൊണ്ട് അവള്‍ക്കിന്നു സന്തോഷമായിക്കാണും”. യാഥാര്‍ഥ്യത്തില്‍ അവര്‍ രണ്ടുപേര്‍ക്കും ആ ദിവസം ഒരു സന്തോഷവും ഇല്ലായിരുന്നു എന്നതാണ് സത്യം. ശരിയായ രീതിയിലുള്ള ആശയവിനിമയം ഇല്ലാതെ പോകുന്നത് കുടുംബജീവിതത്തിന്‍റെ സന്തോഷം നഷ്ടപ്പെടുത്തും.
പങ്കാളിയുടെ മനസ്സു വായിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനു പകരം കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്ന രീതി ഇരുവരും ശീലമാക്കുകയാണ് വേണ്ടത്. ഒരുമിച്ചുള്ള സമയം പോലെതന്നെ പ്രധാനമാണ് ഒഴിവു സമയം എങ്ങനെ ചിലവഴിക്കണം എന്നതും. രണ്ടുപേരും അവരവരുടെ ജോലിത്തിരക്കുകള്‍ക്കിടയില്‍ വിനോദത്തിനും അഭിരുചികള്‍ക്കും വേണ്ടി കൂടി സമയം കണ്ടെത്തേണ്ടത് മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ അത്യാവശ്യമാണ്.
പരസ്പരം സമയം കണ്ടെത്താന്‍ തടസ്സമായി നില്‍ക്കുന്നത് എന്താണെന്ന് മനസ്സിലാക്കുക. സോഷ്യല്‍ മീഡിയയുടെയും മറ്റും അതിപ്രസരം കുടുംബജീവിതത്തില്‍ വില്ലനാകുന്ന അവസ്ഥ ഒഴിവാക്കുക. ഫോണില്‍ നോക്കിക്കൊണ്ട് പങ്കാളിയോട് സംസാരിക്കുന്ന രീതി ഉണ്ടെങ്കില്‍ അതിനു മാറ്റം വരുത്തുക.
ഒരാളെ കുറ്റപ്പെടുത്തിയും അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചും ഒരിക്കലും പ്രശ്ന പരിഹാരം സാധ്യമല്ല. നയത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുക. തെറ്റു പറ്റിയാല്‍ സമ്മതിക്കാനും തിരുത്താനുമുളള മനസ്സു കാണിക്കുക. പങ്കാളിക്കു സംസാരിക്കാന്‍ അവസരം കൊടുക്കാതെ സ്വയം പ്രതിരോധിക്കുന്ന രീതിയും അവസാനിപ്പിക്കുക.
കുറ്റങ്ങള്‍ എണ്ണി പറയാന്‍ കാട്ടുന്ന വ്യഗ്രത പലപ്പോഴും നല്ല വാക്കു പറയാന്‍ നാം കാണിക്കാറില്ല. പിശുക്കു കാട്ടാതെ സ്നേഹവും അംഗീകാരവും ആദരവും എല്ലാം പരസ്പരം പ്രകടിപ്പിക്കാനായാല്‍ ജീവിത പങ്കാളിയുമായി മാനസിക ഐക്യവും സംതൃപ്തമായ കുടുംബജീവിതവും സാധ്യമാക്കാം.
എഴുതിയത്:
പ്രിയ വര്‍ഗീസ്
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
പ്രതീക്ഷ, പുഷ്പഗിരി മെഡിക്കല്‍ കോളേജ്
Email: priyavarghese.cp@gmail.com
