മുൻപെടുത്ത തീരുമാനങ്ങള്‍ തെറ്റായിപ്പോയി എന്നുവല്ലാതെ ഖേദിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? കഴിഞ്ഞതിനെ അംഗീകരിക്കാന്‍ വല്ലാത്ത ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? വല്ലാത്ത ഖേദം (regret)അനുഭവപ്പെടുന്നതിനാല്‍ ഇപ്പോള്‍ ജോലിയിലും ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലേ?

ഇത്തരം ചിന്തകള്‍ മനസ്സിലേക്ക് കടന്നുവരാറുണ്ടോ?

•    “അന്നു ഞാന്‍ ആ ജോലി തിരഞ്ഞെടുത്തിരുന്നു എങ്കില്‍ ഇപ്പോള്‍ ഒരു മെച്ചപ്പെട്ട അവസ്ഥയില്‍ എനിക്ക് എത്താമായിരുന്നു”.
•    “ഈ വിവാഹാലോചന ആദ്യം വന്നപ്പോഴേ എന്റെ മനസ്സു പറഞ്ഞതാ വേണ്ട എന്ന്, പക്ഷേ അന്നു ഞാന്‍ അതു വീട്ടില്‍ ആരോടും പറഞ്ഞില്ല”.
•    “ഇതെനിക്ക് പഠിക്കാന്‍ പറ്റാത്ത കോഴ്സ് ആണെന്നു ഞാന്‍ പറഞ്ഞിട്ടും വീട്ടില്‍ ആരും കേട്ടില്ല, ഇതു തിരഞ്ഞെടുക്കെണ്ടായിരുന്നു”.
•    “അന്നു ഞാന്‍ അവരോട് എതിർത്ത് പറഞ്ഞിരുന്നു എങ്കില്‍ ഇന്നവര്‍ എന്നോടിങ്ങനെ സംസാരിക്കില്ലായിരുന്നു”.
ഓഫര്‍ സമയത്ത് ഷോപ്പിംഗ്‌ ചെയ്തില്ല എന്നതു മുതല്‍ കുട്ടികളുടെ സ്കൂള്‍ തിരഞ്ഞെടുത്തതും ജീവിതപങ്കാളിയെ തിരഞ്ഞെടുത്തതും ഒക്കെയായി ചെറുതും വലുതുമായ പല കാര്യങ്ങളില്‍ തെറ്റുപറ്റി എന്ന ചിന്ത മനസ്സില്‍ കുറ്റബോധം ഉണ്ടാകാന്‍ കാരണമാകാം.

നമ്മള്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ശരിയാകണം എന്നില്ല. തെറ്റായ തീരുമാനങ്ങൾ മനസിന്റെ സമാധാനം വല്ലാതെ നഷ്ടപ്പെടുത്തുകയും കുറ്റബോധം അനുഭവപ്പെടാന്‍ കാരണമാകുകയും ചെയ്യും. തെറ്റായ തീരുമാനങ്ങള്‍ മാത്രം അല്ല, തെറ്റായ പ്രവർത്തികളും ചില സാഹചര്യങ്ങളില്‍ ഒന്നും മിണ്ടിയില്ല എന്നതും എല്ലാം തെറ്റായിപ്പോയി എന്ന ചിന്ത പിന്നീട് മനസ്സിനെ അസ്വസ്ഥമാക്കാന്‍ ഇടയുണ്ട്. 

സ്വയംകുറ്റപ്പെടുത്തുന്ന രീതിയും മറ്റൊരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥയും ഇതു സൃഷ്ടിക്കും. പക്ഷേ ഇത് ഏതളവുവരെ പോകുന്നു എന്നുള്ളത് പ്രധാനമാണ്. ഈ ചിന്ത മനസ്സിനെ വല്ലാതെ ബാധിച്ച് വിഷാദഅവസ്ഥയിലേക്കുപോകുന്നുണ്ടോ? ഈ വിഷാദം രണ്ടാഴ്ചയില്‍ അധികം നീണ്ടുനിൽക്കുമ്പോള്‍ വിഷാദരോഗത്തിലേക്കു കൊണ്ടെത്തിക്കുന്നുണ്ടോ എന്നതു തിരിച്ചറിയേണ്ടത് പ്രധാനമാണ്.

വ്യത്യസ്തമായസ്വഭാവം ഉള്ള ആളുകളെ വ്യതസ്ത രീതിയിലാവും ഇത്തരം ഘട്ടത്തില്‍ ചിന്തിക്കുക. അങ്ങേയറ്റം കൃത്യമായി എല്ലാകാര്യങ്ങളിലും ചിന്തിക്കാനും തീരുമാനം എടുക്കാനും കഴിയണം എന്ന നിർബന്ധം ഉള്ള വ്യക്തികളില്‍ തീരുമാനങ്ങള്‍ തെറ്റിപ്പോവുക എന്നത് വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കും. ഇവര്‍ മറ്റുള്ളവരുമായി തങ്ങളെ എപ്പോഴും താരതമ്യം ചെയ്യുകയും എപ്പോഴും തങ്ങള്‍ മറ്റുള്ളവരേക്കാള്‍ മികച്ചവര്‍ ആകണം എന്നു വാശിപിടിക്കുകയും ചെയ്യും.

 എന്നാല്‍ തങ്ങൾക്ക് ഉള്ളവയില്‍തൃപ്തരായ ആളുകള്‍ ഇത്തരം പിഴവുകളെ അംഗീകരിക്കാന്‍ തയ്യാറാവും.
നിങ്ങള്‍ ഇതില്‍ ഏതു രീതി പിന്തുടരുന്ന ആളാണ്‌? ഒരു തീരുമാനം എടുത്തതിനുശേഷം മറ്റൊരു രീതിയില്‍ തീരുമാനം എടുത്ത വ്യക്തിക്ക് എങ്ങനെയാണു അതിന്റെയ ഫലം വരുന്നത് എന്നതിനെപ്പറ്റി അറിയാന്‍ അമിതമായ ആഗ്രഹം തോന്നാറുണ്ടോ? 

തീരുമാനം ശരിയാണ്‌ എങ്കിൽ തന്നെയും മനസ്സിനുതൃപ്തി തോന്നുന്നില്ലേ? ജീവിതത്തില്‍ നഷ്‌ടമായ അവസരങ്ങളെപ്പറ്റി എപ്പോഴും ചിന്തിക്കുന്നുണ്ടോ? ഇത്തരം ചിന്തകള്‍ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നവയാണ് എന്നതിനാല്‍ നിങ്ങളുടെ ചിന്താഗതിയില്‍ മാറ്റം വരുത്തേണ്ട സമയമാണോ ഇതെന്നു തിരിച്ചറിയുക.

കൗമാരക്കാർ എന്തുകൊണ്ട് അപകടസാധ്യതയുള്ള കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നു?

എഴുതിയത്:
പ്രിയ വർ​ഗീസ്  (M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
Consultation near TMM Hospital, Thiruvalla
Telephone consultation available
For appointments call: 8281933323