മാനസിക സമ്മർദം അഥവാ ‘ടെന്‍ഷന്‍’ എന്ന് എല്ലാവരും പറയാറുള്ള അവസ്ഥ നിത്യജീവിതത്തില്‍ അഭിമുഖീകരിക്കുന്നവരാണ് നമ്മൾ എല്ലാവരും. എന്താണ് മാനസിക സമ്മര്‍ദം? മാനസികമോ, ശാരീരികമോ, വൈകാരികമോ ആയ ക്ലേശങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ മനസ്സിലുണ്ടാകുന്ന പ്രതികരണങ്ങളെയാണ്‌ മാനസിക സമ്മർദം (stress) എന്നു പറയുന്നത്. ചെറിയ അളവിലുള്ള മാനസിക സമ്മര്‍ദ്ദം മനുഷ്യന് അനിവാര്യമാണ്.

Eustress അഥവാ ഗുണകരമായ മാനസിക സമ്മർദം ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ സമയത്ത് ചെയ്തു തീര്‍ക്കാന്‍ നമ്മെ സഹായിക്കുന്നു. എന്നാല്‍ മാനസിക സമ്മര്‍ദം ദോഷകരമായ ദുരവസ്ഥയിലേക്ക് (distress) നമ്മെകൊണ്ടുപോയാലോ? മാനസിക സമ്മര്‍ദം കൂടിവരാനുള്ള കാരണങ്ങള്‍ ഇന്നു നിരവധിയാണ്. 

അതില്‍ ഏറ്റവും പ്രധാനമായുളളത് ഏറി വരുന്ന ദാമ്പത്യ പ്രശ്നങ്ങള്‍, വിവാഹ മോചനങ്ങള്‍, ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍, ജോലി നഷ്ടപ്പെടുന്ന അവസ്ഥ, ശാരീരിക രോഗങ്ങള്‍, പ്രകൃതിക്ഷോഭത്തെ തുടര്‍ന്നുണ്ടാകുന്ന നഷ്ടങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവയാണ്. 

മാനസിക സമ്മർദം നമ്മുടെ മനസിനെ മാത്രമല്ല ശരീരത്തെയും രോഗപ്രതിരോധശേഷിയെയും തുടങ്ങി ജീവിതത്തില്‍ വിജയം കൈവരികുന്നതിനുവരെ വിലങ്ങുതടിയായി നില്‍ക്കുന്നതായി കാണാന്‍ കഴിയും. 

ദൈനംദിന പ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിക്കുന്നു?

തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരിക, ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാത്ത അവസ്ഥ, മറവി, ദേഷ്യം എന്നിവയാണ് പ്രധാനമായും വരുന്ന പ്രശ്നങ്ങള്‍.

എങ്ങനെ ചികിത്സിച്ചു മാറ്റാം?

ഇന്ത്യയില്‍ ഏകദേശം 20% ആളുകള്‍ മാനസിക സമ്മര്‍ദ്ദ‌ം മൂലം ബുദ്ധിമുട്ടുന്നുണ്ട് എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള പരിശീലനം (relaxation training), ചിന്തകളെയും പ്രവര്‍ത്തികളെയും കുറിച്ച് അവബോധം ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കുന്ന cognitive behavior therapy,  ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്നിവയാണ് പ്രധാന ചികിത്സാരീതികള്‍.

   പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും പരിഹരിക്കാനുമുള്ള കഴിവ് നമുക്കെല്ലാവര്‍ക്കും ഉണ്ട് എന്നുള്ള തിരിച്ചറിവ് ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം. പ്രശ്നങ്ങള്‍ വരുമ്പോള്‍ ഭയന്ന് അതില്‍ നിന്നും ഒളിച്ചോടുകയല്ല വേണ്ടത് മറിച്ച് എങ്ങനെ അതിനെ നേരിടാം എന്ന് ചിന്തിക്കുകയാണ്. ഇന്നു നാം അഭിമുഖീകരിക്കുന്ന ഭീകരം എന്നുതോന്നുന്ന പ്രശ്നങ്ങൾ കുറച്ചുകാലത്തേക്ക് മാത്രം ഉള്ളതാണ്- അത് എല്ലാ കാലത്തും നീണ്ടു നില്‍ക്കുന്നതല്ല. 

ഇത്തരമൊരു പുതിയ വീക്ഷണം പ്രശ്നങ്ങളെക്കുറിച്ചോര്‍ത്ത് അമിതമായി വിഷമിക്കുന്നതില്‍ നിന്നും നമ്മെ പിന്തിരിപ്പിച്ചേക്കും. നമുക്ക് ജീവിതത്തെ ഒരു എക്സ്പീരിയെന്‍സ് ആയി കാണാം. സുഖദുഃഖ സമ്മിശ്രമായ ഒരനുഭവം. പ്രതിബന്ധങ്ങളെ അതിജീവിച്ച് വിജയിച്ചു മുന്നോട്ടു പോകുകയും സന്തോഷം കണ്ടെത്താന്‍ കഴിയുകയും ചെയ്യുന്നതിനെയാണ്  ‘ജീവിതം’ എന്നുപറയുന്നത് എന്ന് മനസ്സിലാക്കി ധൈര്യപൂര്‍വ്വം മുന്നോട്ടു പോകുവാന്‍ എല്ലാവര്‍ക്കും കഴിയട്ടെ.

എഴുതിയത്:

  പ്രിയ വര്‍ഗീസ്
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
റാന്നി, പത്തനംതിട്ട
PH: 08281933323
Telephone counselling available from 10am to 2pm