ആദ്യമായി ജോലി കിട്ടിയ സമയം. ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ് നഴ്സിംഗ് കോളേജിന്റെ  ഹോസ്റ്റലിലായിരുന്നു അന്ന് താമസം. ഒരു ദിവസം രാത്രി ഒരു എട്ടു മണിയായിക്കാണും. ഒരു ബഹളം കേട്ടു നോക്കുമ്പോള്‍ ഹോസ്റ്റലില്‍ എല്ലാവരും കൂടിതാഴത്തെ നിലയിലെ ഒരു മുറി ലക്ഷ്യമാക്കി ഓടുന്നതു കണ്ടു. 

കാര്യം അന്വേഷിച്ചു ഞാനും അങ്ങോട്ടു ചെന്നു. ചുറ്റുംകൂടി നിൽക്കുന്നവരെ വകഞ്ഞുമാറ്റി നോക്കുമ്പോള്‍ ആ മുറിയില്‍ കട്ടിലില്‍ ഒരു കുട്ടി വയർവേദന കൊണ്ടു പുളഞ്ഞ് നിലവിളിച്ചു കരയുന്നു. അവളുടെ കൂട്ടുകാര്‍ ആകെ വിഷമത്തിലായിരുന്നു.

 അവളുടെ അദ്ധ്യാപികമാരും സംഭവമറിഞ്ഞ് ഓടിവന്നു. അവര്‍ അവളുടെ അടുത്തുചെന്നു വിവരങ്ങള്‍ അന്വേഷിച്ചു. അപ്പോഴും വേദനകൊണ്ടു പുളഞ്ഞ അവൾക്ക് വ്യക്തമായി സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അവിടെ കൂടി നിന്നവരോടെല്ലാം മുറിയുടെ പുറത്തു പോകാന്‍ ആവശ്യപ്പെട്ടു. 

അവളുടെ രണ്ടു സുഹൃത്തുക്കളെ മാത്രം അവിടെ തുടരാന്‍ അനുവദിച്ചു. അതിനു ശേഷം അവളുടെ സുഹൃത്തിനോട് ഒരു ഗ്ലാസ്‌ ചെറു ചൂടുവെള്ളം എടുത്തു കൊണ്ടുവരാന്‍ ഞാന്‍ ആവശ്യപ്പെട്ടു. സംഗതി പിരീഡ്സിന്റെ വയര്‍ വേദനയാണ്. അവളെ എഴുന്നേല്‍പ്പിച്ചു കട്ടിലില്‍ ഇരുത്തി.

നിർബന്ധിച്ച് അവളോട് ആ വെള്ളം കുടിക്കാന്‍ ആവശ്യപ്പെട്ടു. കൂടി നിന്നവരെല്ലാം പോയി വെള്ളവും കുടിച്ചു കഴിഞ്ഞപ്പോള്‍ വേദന കുറഞ്ഞു. അത്രയും കുട്ടികള്‍ ചുറ്റും കൂടിയപ്പോള്‍ അവൾക്ക്  കിട്ടിയ ശ്രദ്ധയും വേദന തീവ്രമായി തോന്നാന്‍ ഒരു കാരണമാണ്.

പൊതുവേ എല്ലാ കാര്യത്തിലും ടെൻഷനുള്ള ഒരു പെൺകുട്ടിയായിരുന്നു അവള്‍. ഒരു ചെറിയ വേദന പോലും സഹിക്കാന്‍ അവള്‍ക്കു കഴിഞ്ഞിരുന്നില്ല. ഒരുറുമ്പു കടിച്ചാൽ പോലും അവളുടെ മാതാപിതാക്കള്‍ അതിന് അമിത പ്രാധാന്യം കൊടുക്കുന്ന രീതി ചെറുപ്പം മുതലേ ഉണ്ടായിരുന്നു എന്ന് പിന്നീട് അറിയാൻ കഴിഞ്ഞു. ടെൻഷനും വിഷാദവുമൊക്കെ വേദന തീവ്രമാകാന്‍ കാരണമാകും എന്നതിന്റെ ഉദാഹരണമായിരുന്നു ആ പെൺകുട്ടി.

കുറച്ചു നാളുകൾക്ക് ശേഷം ചികിത്സയ്ക്കായി വന്ന 55 വയസ്സുള്ള മറ്റൊരു സ്ത്രീയെ കാണാന്‍ ഇടയായി. അവരുടെ ഏക മകളെയും അവളുടെ കുട്ടിയെയും രണ്ടു ദിവസം മുൻപ് കാണാതായിരുന്നു. പൊലീസില്‍ വിവരമറിയിച്ചു. അവരുടെ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത് ഫേസ്ബുക്കില്‍ പരിചയപ്പെട്ട ഒരു പയ്യനൊപ്പമാണ് അവള്‍ പോയിരിക്കുന്നത് എന്നാണ്. 

അവളുടെ ഭർത്താവ് വിദേശത്തു ജോലി ചെയ്യുകയായിരുന്നു. ഈ വിവരങ്ങളെല്ലാം കേട്ട ഷോക്കില്‍ ആ അമ്മ തലചുറ്റി വീണു. അവരെ വേഗം എല്ലാവരും ചേർന്ന് വീടിനടുത്തുള്ള ഒരു ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലെത്തി അൽപം കഴിഞ്ഞ് കണ്ണുകള്‍ തുറന്ന അവര്‍ എന്തൊക്കെയോ സംസാരിക്കാന്‍ ശ്രമിച്ചു എങ്കിലും ശബ്ദം പുറത്തേക്കു വരുന്നുണ്ടായിരുന്നില്ല. 

ഇതു കണ്ടു നിന്ന അവരുടെ ഭർത്താവും മറ്റു ബന്ധുക്കളും വല്ലാതെ പരിഭ്രമിച്ചു. വേഗം ഡോക്ടറെ അവര്‍ വിവരമറിയിച്ചു. ഡോക്ടറുടെ പരിശോധനയില്‍ അവരുടെ മനസ്സിനേറ്റ ആഘാതമാണ് ഈ അവസ്ഥയ്ക്കു കാരണമെന്ന് മനസ്സിലാക്കാന്‍ കഴിയുകയും, അദ്ദേഹം ആ അമ്മയെ മന:ശാസ്ത്ര ചികിത്സയ്ക്കായി അയക്കുകയുമായിരുന്നു.

ചികിത്സയില്‍ ഉടനീളം അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഭർത്താവിന്റെ ഭാഗത്തു നിന്നുമുള്ള സഹകരണം എടുത്തു പറയേണ്ടതാണ്‌. മാനസിക സമ്മർദ്ദം കുറയ്ക്കാന്‍ സഹായിക്കുകയായിരുന്നു ചികിത്സയുടെ ആദ്യഘട്ടം. സാവധാനം യാഥാർത്ഥ്യത്തെ അംഗീകാരിക്കുന്ന നിലയിലേക്ക് ആ അമ്മയെ എത്തിച്ചു. ആ അമ്മ കുറേ നേരം പൊട്ടിക്കരഞ്ഞു. തുടർന്നുള്ള ദിവസങ്ങളില്‍ അവര്‍ സംസാരിച്ചു തുടങ്ങി.

എപ്പോഴും വലിയ ഒരു നഷ്ടം ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ ആദ്യം സത്യത്തെ അംഗീകരിക്കാതെ നിഷേധിക്കുകയാണ് സാധാരണ നിലയില്‍ എല്ലാവരും ചെയ്യുക. പിന്നീട് ദേഷ്യം, നമ്മുടെ ഭാഗത്തുനിന്നു ചെയ്യാന്‍ കഴിയതെ പോയവയുടെ കുറ്റബോധം, വല്ലാത്ത വിഷമം എന്നിവയിലൂടെ എല്ലാം കടന്നുപോയതിനു ശേഷമാണ് ഒടുവില്‍ നാം ആ യാഥാർത്ഥ്യം അംഗീകരിക്കുന്ന മാനസികാവസ്ഥയിലേക്ക് എത്തുക.

ഈ വ്യക്തികളില്‍ രണ്ടു പേരിലും മാനസിക സമ്മർദ്ദമാണ് യഥാർത്ഥത്തിൽ അവര്‍ പ്രകടമാക്കിയ ലക്ഷണങ്ങളുടെ കാരണം. രണ്ടിലും നടന്നത് അത്ഭുത രോഗശാന്തി അല്ല. പലപ്പോഴും സോഷ്യല്‍ മീഡിയയിലും മറ്റും ഇത്തരം സംഭവങ്ങളെ പ്രത്യേക കഴിവുകളുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തികൾ നൊടിയിടയിൽ ഇല്ലാതെയാക്കുന്നു എന്നു സ്ഥാപിക്കുന്ന വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. 

അവയെല്ലാം എത്രമാത്രം വിശ്വസനീയമാണ്? മന:ശാസ്ത്ര ചികിത്സയ്ക്ക് വരുന്ന പലരും അത്തരം ജാലവിദ്യകള്‍ പ്രതീക്ഷിച്ചാണ് വരിക. എന്തെങ്കിലും മായാജാലം കാട്ടി താനറിയാതെ തന്റെ് മനസ്സിനെ മാറ്റിമറിക്കുന്ന മാജിക്കല്ല, സ്വയം തിരിച്ചറിയാനും, ചിന്തകളില്‍ വരുത്തേണ്ട വ്യത്യാസങ്ങൾ എന്താണെന്ന് മനസ്സിലാക്കാനും, മനസ്സിനെ ശാന്തമാക്കാനുമുള്ള മാർ​​ഗങ്ങൾ നിർദേശിക്കുകയുമാണ്‌ മന:ശാസ്ത്ര ചികിത്സയില്‍ സംഭവിക്കുക. 

അതിനാല്‍ വ്യാജഅവകാശവാദങ്ങള്‍ നടത്തുന്ന ‘ചികിത്സകര്‍’ എന്നവകാശപ്പെടുന്നവരുടെ കെണിയില്‍ വീഴാതെ സൂക്ഷിക്കേണ്ടതായുണ്ട്. എന്തു ചികിത്സ സ്വീകരിക്കുമ്പോഴും രോഗം സുഖപ്പെടാന്‍ സമയം അനുവദിക്കേണ്ടതായുണ്ട്. ക്ഷമയും ചികിത്സയോടുള്ള പ്രതിബദ്ധതയും കൂടിയേ തീരൂ.

കടപ്പാട്:

പ്രിയ വര്‍ഗീസ്(M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്(RCI Registered)
റാന്നി, പത്തനംതിട്ട
PH: 8281933323