പരാജയ ഭീതിമൂലം എല്ലാത്തില്‍ നിന്നും ഭയന്നു പിന്മാറുന്ന അവസ്ഥയുണ്ടോ? പുതിയതായി പല കാര്യങ്ങളും ചെയ്യണം എന്ന ആഗ്രഹമുണ്ട് എങ്കിലും വരാന്‍ സാധ്യതയുള്ള കുഴപ്പങ്ങളെപ്പറ്റി മാത്രം അമിതമായി ചിന്തിച്ച് അതില്‍ നിന്നും പിന്മാറുന്ന ആളാണോ നിങ്ങള്‍?

പരാജയപ്പെടാന്‍ ഇഷ്ടപ്പെടുന്നവരായി ആരുമില്ല. എന്നാല്‍ ചിലര്‍ക്ക് ജോലിയില്‍ ചെറിയ ഒരു പിഴവു വരുന്നതു പോലും വലിയ രീതിയില്‍ അവരുടെ മനസ്സിനെ തകര്‍ത്തു കളയുന്ന അവസ്ഥയുണ്ട്. വിജയത്തില്‍ എത്തിച്ചേരാനുള്ള ഉള്‍പ്രേരണയിലും അധികമായി പരാജയം ഒരിക്കലും സംഭവിക്കാതെയിരിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതി ചിലര്‍ക്കുണ്ട്.. 

പ്രധാനമായും പരാജയം കൊണ്ടുണ്ടാകുന്ന നാണക്കേടിനെയാണവര്‍ വല്ലാതെ ഭയക്കുന്നത്. പരാജയം ഉണ്ടാക്കുന്ന ദു:ഖമോ, നിരാശയോ ഒന്നും മറ്റുള്ളവര്‍ അതിനെ എങ്ങനെ കാണും എന്ന ഭയത്തോളം വലുതായി തോന്നില്ല. എന്തെങ്കിലും ഒരു തീരുമാനത്തില്‍ എത്തിച്ചേരും മുന്‍പേ നിര്‍ബന്ധമായും അതിന്‍റെ എല്ലാ വശങ്ങളെപ്പറ്റിയും ചിന്തിക്കാന്‍ കഴിഞ്ഞിരിക്കണം. 

അമിത ആത്മവിശ്വാസം കുഴപ്പങ്ങളില്‍ കൊണ്ടെത്തിക്കുന്ന അവസ്ഥയും ദോഷകരമാണ്. എന്നാല്‍ നൂറുശതമാനം കൃത്യത എല്ലാ കാര്യത്തിലും സാധ്യമാകണം എന്നില്ല. അങ്ങനെയുള്ളവയെ പൂര്‍ണ്ണമായും ഒഴിവാക്കി പോകുന്ന രീതി ജീവിതത്തില്‍ വിജയം കൈവരിക്കുന്നതിന് തടസ്സം സൃഷ്ടിച്ചെന്നുവരാം. 

പരാജയം സംഭവിക്കാതെയിരിക്കാന്‍ നിരന്തരമായ ശ്രമങ്ങള്‍ അനിവാര്യമാണ്. പരാജയം ഭയന്ന് യാതൊരു ശ്രമങ്ങളും നടത്താതെ ഇരിക്കുന്നതും, നിരന്തരമായ പ്രയത്നത്തിലൂടെ വിജയം കൈവരിക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്.

പരാജയഭയം ഉണ്ടാവാനുള്ള കാരണങ്ങള്‍....

•    ചെറിയ പ്രായം മുതലേ ചെറിയതെറ്റുകള്‍ക്കു പോലും മാതാപിതാക്കളില്‍നിന്നും കഠിനമായ ശിക്ഷ നേരിടുക
•    നൂറുശതമാനം കൃത്യത എല്ലാ കാര്യത്തിലും കൂടിയേ തീരൂ എന്ന നിര്‍ബന്ധമുള്ള (പെര്‍ഫെക്ഷനിസം) വ്യക്തിത്വം
•    പരാജയം സംഭവിക്കുമ്പോഴും താന്‍ എത്ര മാത്രം ശ്രമിച്ചു, പരാജയത്തിന്‍റെ കാരണം എന്താണ്, ഇനി വിജയത്തിനായി എന്തെല്ലാം ചെയ്യേണ്ടതുണ്ട് എന്നെല്ലാം ചിന്തിക്കാന്‍ ശ്രമിക്കാത്ത അവസ്ഥ
•    ആത്മവിശ്വാസമില്ലായ്മ
•    പരാജയമെന്നാല്‍ അവിടെ എല്ലാം അവസാനിക്കുകയാണ് എന്ന അടിയുറച്ച വിശ്വാസം മൂലം പുതിയതായി ഒന്നും ചെയ്യാതെ പിന്മാറുന്ന സ്വഭാവരീതി.

സ്ഥിരമായി വിജയങ്ങള്‍ മാത്രം കൈവരിച്ചു മുന്‍പോട്ടു പോകുന്നവരില്‍ പരാജയമെന്നതിനെ കുറിച്ചുള്ള ചിന്തകള്‍ പോലും ഇല്ലാതെയായി തീരും. എന്നാല്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ പരാജയം സംഭവിച്ചേക്കാം. ആ സമയം ജീവിതം അവിടെ അവസാനിച്ചു എന്ന തോന്നലിനെ അതിജീവിച്ച് എങ്ങനെ ഈ അവസ്ഥയെ മറികടക്കാം എന്ന രീതിയില്‍ ക്രിയാത്മകമായി ചിന്തിക്കുന്നവര്‍ക്ക് മാത്രമേ മാനസിക സമ്മര്‍ദ്ദങ്ങളെ നേരിട്ടു മുന്നോട്ടു പോകാനാവൂ. 

കുട്ടികളിലും മുതിര്‍ന്നവരിലും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന പല ആത്മഹത്യകള്‍ക്കും കാരണം പലപ്പോഴും ‘പരാജയം നേരിട്ടു’ എന്ന കാരണമാണ്. അതിനെ തടയാന്‍ ജയ-പരാജയങ്ങളെപ്പറ്റി വളരെ വിശാലമായ ഒരു വീക്ഷണവും മാനസിക സമ്മര്‍ദ്ദം എങ്ങനെ കുറയ്ക്കാം എന്ന അറിവു നേടിയെടുക്കലും ഓരോ വ്യക്തിക്കും ആവശ്യമാണ്‌. 

ഇതിനായി സ്കൂളുകളിലും ജോലിസ്ഥലങ്ങളിലും എല്ലാം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ മാനസികാരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ പരിശീലനം ഉറപ്പാക്കാന്‍ വരും കാലങ്ങളില്‍ കഴിയട്ടെ.

എഴുതിയത്: 
പ്രിയ വര്‍ഗീസ്(M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്(RCI Registered)
റാന്നി, പത്തനംതിട്ട
PH: 8281933323
Telephone counselling also available from 10am to 2pm