Asianet News MalayalamAsianet News Malayalam

എപ്പോഴും നെ​ഗറ്റീവ് ചിന്തകളാണോ മനസിലേക്ക് കടന്നു വരാറുള്ളത്...?

സ്വയം വിമർശനം അതിര് കടക്കുമ്പോള്‍ ആത്മവിശ്വാസത്തെ അതു കെടുത്തിക്കളയും. അത് ക്രിയാത്മകമായി ചിന്തിക്കുന്നതിന് തടസ്സം സൃഷ്ടിക്കും. ജോലിയില്‍ അഭിവൃദ്ധിയില്ലായ്മ, വ്യക്തിജീവിതത്തിലെ താളപ്പിഴകള്‍ എന്നിവയാകും പിന്നീടു സംഭവിക്കുക.

priya varghese column about self criticism and negative thoughts
Author
Trivandrum, First Published Oct 30, 2019, 5:14 PM IST

സ്വയം മനസ്സില്‍ സംസാരിക്കുക എന്നത് നാമെല്ലാവരും ചെയ്യാറുള്ളതാണ്. ഓരോ കാര്യങ്ങളും പ്ലാന്‍ ചെയ്യുമ്പോള്‍, ടെൻഷൻ വരുമ്പോള്‍, ഭയം തോന്നുമ്പോള്‍, സ്വയം പ്രചോദനം നൽകാന്‍ ഒക്കെ സ്വയം സംസാരിക്കുന്നത് ഗുണം ചെയ്യും. എന്നാല്‍ സ്വയം വിമർശിക്കാനും, മനസ്സിന്റെ ധൈര്യം കെടുത്താനും നിരന്തരം ചില വാചകങ്ങള്‍ മനസ്സിലേക്കു കടന്നുവരുന്ന അവസ്ഥ ഒരു വ്യക്തിയുടെ ജീവിതത്തെ ദോഷകരമായി ബാധിക്കും.

സ്വയം വിമർശനം അതിര് കടക്കുമ്പോള്‍ ആത്മവിശ്വാസത്തെ അതു കെടുത്തിക്കളയും. അത് ക്രിയാത്മകമായി ചിന്തിക്കുന്നതിന് തടസ്സം സൃഷ്ടിക്കും. ജോലിയില്‍ അഭിവൃദ്ധിയില്ലായ്മ, വ്യക്തിജീവിതത്തിലെ താളപ്പിഴകള്‍ എന്നിവയാകും പിന്നീടു സംഭവിക്കുക.

നിങ്ങളുടെ മനസ്സിങ്ങനെയൊക്കെ പറയാറുണ്ടോ?

“എന്റെ ജീവിതം ഒരു പരാജയമാണ്”
“എനിക്കൊന്നിലും വിജയിക്കാന്‍ കഴിയില്ല”
“എന്റെ കഴിവിനപ്പുറമാണ് എല്ലാം”
“പരാജയപ്പെട്ടാല്‍ ഞാന്‍ എന്തുചെയ്യും”

സ്വയം വിമർശനം അമിതമായാല്‍ സംഭവിക്കുന്നത്‌...

1.    സ്വന്തം കഴിവില്‍ വിശ്വാസമില്ലാത്ത അവസ്ഥ ജീവിതത്തില്‍ വിജയങ്ങള്‍ നേടുന്നതിനു തടസ്സം സൃഷ്ടിക്കും.
2.    മറ്റുള്ളവരുടെ കഴിവുകളെ അംഗീകാരിക്കുകയും സ്വയം വിലകുറച്ചു കാണുകയും ചെയ്യും
3.    എന്തെങ്കിലും നേട്ടങ്ങള്‍ കൈവരിച്ചാല്‍ അതെല്ലാം ഭാഗ്യം കൊണ്ടു മാത്രമാണെന്നും, ഇതൊക്കെ ആ‌ർക്കും കഴിയുന്നതെ ഉള്ളു എന്ന നിലയിൽ നിസ്സാരമായി കാണും
4.    പരാജയ ഭീതിമൂലം ഒന്നും ചെയ്യാതെ മാറിനിൽക്കും 
5.    പരാജയം സംഭവിച്ചാല്‍ മറ്റുള്ളവര്‍ അതിനെ എങ്ങനെ കാണും എന്ന്‍ ചിന്തിച്ച് അമിതമായി ഉത്‌ക്കണ്‌ഠപ്പെടും
6.    ഇഷ്ടമില്ലാത്ത ജോലിയാണ് ചെയ്യുന്നതെങ്കിലും മറ്റൊന്നിനായി ശ്രമം നടത്താതെ ഇരിക്കും.

എങ്ങനെ പരിഹരിക്കാം?

ദോഷകരവും അശുഭവുമായ ചിന്തകള്‍ മാത്രമാണോ നിങ്ങളുടെ മനസ്സിലേക്കു സദാ കടന്നു വരുന്നതെന്നു പരിശോധിക്കുക. അങ്ങനെയെങ്കില്‍ ഉത്‌ക്കണ്‌ഠ, വിഷാദരോഗം എന്നിവ നിങ്ങളെ ബാധിച്ചിട്ടുണ്ടോ എന്നു മനസ്സിലാക്കാന്‍ മന:ശാസ്ത്ര വിദഗ്ദ്ധരുടെ സഹായം തേടാം. യാഥാർത്ഥ്യവുമായി ബന്ധമുള്ള ഭയങ്ങളാണോ നിങ്ങളുടെ മനസ്സിലുള്ളത് എന്നു പരിശോധിക്കാം. 

മനസ്സിനെ ശുഭ ചിന്തകളാല്‍ നിറയ്ക്കാം. ചെറുപ്പകാലം മുതലേ മാതാപിതാക്കളില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ടാകാം. അതും നിങ്ങളുടെ ഇപ്പോഴത്തെ മാനസികാവസ്ഥയ്ക്കും സ്വയം വിലയില്ലായ്മയ്ക്കും കാരണമാണ്. എന്നാല്‍ ഇവയെല്ലാം നാം മനസ്സുവെച്ചാല്‍ മാറ്റിയെടുക്കാന്‍ കഴിയുന്നതെയുള്ളൂ. അതിനുള്ള ശ്രമം ഈ നിമിഷം മുതല്‍ ആരംഭിക്കാം.

കടപ്പാട്:

പ്രിയ വര്‍ഗീസ്(M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്(RCI Registered)
റാന്നി, പത്തനംതിട്ട
PH: 8281933323
Telephone counselling also available from 10am to 2pm

Follow Us:
Download App:
  • android
  • ios