Asianet News MalayalamAsianet News Malayalam

വിവാഹ ജീവിതം വിജയകരമായി മുന്നോട്ട് കൊണ്ട് പോകുവാന്‍; സൈക്കോളജിസ്റ്റ് എഴുതുന്നത്

നിങ്ങളുടെ ജീവിതപങ്കാളിയെ ആദ്യമായി കണ്ടപ്പോള്‍ ആ വ്യക്തിയുടെ എന്തു പ്രത്യേകതയാണോ നിങ്ങള്‍ ആ വ്യക്തിയെ ഇഷ്ടപ്പെടാന്‍ കാരണമായത് എന്നോർത്ത് നോക്കുക. യാത്ര ചെയ്യുവാന്‍ ഇഷ്ടപെടുന്നവരാണ് ഇരുവരും എങ്കില്‍ അതിനായി ഒരുമിച്ചു സമയം കണ്ടെത്താം.

priya varghese column about successful marriage life
Author
Trivandrum, First Published Nov 15, 2019, 11:27 AM IST

നിങ്ങളുടെ വിവാഹജീവിതത്തിന്റെ ഭാവി എന്താകും എന്ന ആശങ്കയിലാണോ നിങ്ങള്‍? നിങ്ങളുടെ അതേ മാനസികാവസ്ഥയിലുള്ള അനവധി പേര്‍ ഇന്നു നിങ്ങൾക്ക് ചുറ്റും ഉണ്ട് എന്നതാണ് വാസ്തവം. ഭാര്യാ ഭർത്താക്കന്മാര്‍ തമ്മില്‍ വഴക്കുകളും പിണക്കങ്ങളും ഉണ്ടാവുമെന്ന് ഉറപ്പാണ്‌. 

എന്നാൽ നിസാര കാര്യങ്ങൾ പോലും കാലങ്ങളോളം മനസ്സില്‍ സൂക്ഷിച്ചുവച്ച് മനസ്സിന്റെ സമാധാനം ഇല്ലാതെയാക്കുക എന്നത് ഒഴിവാക്കേണ്ട കാര്യമാണ്. അത്തരം ചിന്തകള്‍ ഒഴിവാക്കാനായാല്‍ അതാവും വിവാഹജീവിതത്തിന്റെ  മുന്നോട്ടുള്ള പ്രയാണത്തിന് നിങ്ങൾക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യം.

വിവാഹജീവിതത്തില്‍ ഉറപ്പായും പ്രശ്നങ്ങളുണ്ടാവും. അതിനെ ഭാര്യാ ഭർത്താക്കന്മാർക്ക്  പരസ്പരം ചർച്ച ചെയ്തു പരിഹരിക്കാൻ എത്രമാത്രം കഴിയുന്നു എന്നതിനെ ആശ്രയിച്ചാണ് അവരുടെ വിവാഹത്തിന്റെ‍ നിലനിൽപ്പ് തന്നെ. ചില സമയത്ത് ആരെങ്കിലും ഒരാളാണ് കേൾക്കാൻ മനസ്സുകാണിക്കാത്തത് എങ്കില്‍, മറ്റു ചിലപ്പോള്‍ രണ്ടുപേരും ഒരേപോലെ നിസ്സഹകരണ മനോഭാവം പ്രകടമാക്കിയെന്നും വരാം.

വലിയ പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ സമാധാനമായി മുന്നോട്ടു പോകണം എന്ന ചിന്തയില്‍ വാക്കുതര്‍ക്കങ്ങള്‍ എല്ലാം ഒഴിവാക്കാൻ പരസ്പരം അധികം സംസാരിക്കാതെ ഒതുങ്ങികൂടുന്നവരുമുണ്ട്. പുറമേ കാണുമ്പോള്‍ അവരാണ് മാതൃകാ ദമ്പതികള്‍ എന്നു തോന്നാം. എന്നാൽ കലഹിക്കുകയും പിണങ്ങിയവര്‍ തമ്മില്‍ അധികം വൈകാതെ ഇണങ്ങുകയും, പരസ്പരം തങ്ങളുടെ രണ്ടുപേരുടെയും വ്യക്തിത്വത്തിലുളള വ്യത്യാസങ്ങള്‍ അംഗീകരിക്കാന്‍ മനസ്സുകാണിക്കുകയും ചെയ്യുന്ന ദമ്പതികളാണ് യാഥാർത്ഥത്തിൽ സന്തോഷകരമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.

എങ്ങനെ വഴക്കു കൂടണം, ഏതു ലെ‌വൽ വരെ വഴക്കുകളെ കൊണ്ടുപോകണം എന്ന കൃത്യമായ ബോധ്യം ഇല്ലാതെ വരുമ്പോള്‍ പ്രശ്നങ്ങള്‍ ആരംഭിക്കും. പരസ്പരം ദേഹോപദ്രവം ഏൽപ്പിക്കുക, മന:പൂർവ്വം  മനസ്സു വേദനിപ്പിക്കുന്ന വാക്കുകള്‍ ഉപയോഗിക്കുക എന്നീ അവസ്ഥകളിലേക്കു പോകുമ്പോള്‍ ഒരുമിച്ചു മുന്നോട്ടുള്ള ജീവിതം പ്രതിസന്ധിയിലാവും.

കരുതലും സ്നേഹവും നല്‍കാന്‍ കൂടെ ഒരാള്‍ ഉണ്ടാവുക എന്നത് എല്ലാ മനുഷ്യരുടെയും ആഗ്രഹമാണ്. വിവാഹ ജീവിതം സന്തോഷകരമായി മുന്നോട്ടു കൊണ്ടുപോകണം എന്ന് ആഗ്രഹിക്കുന്നെങ്കില്‍ അതിനു മറ്റേതു കാര്യത്തിലും അധികമായ പ്രാധാന്യം കൊടുക്കേണ്ടതായുണ്ട്. സമയമില്ല എന്ന ന്യായം ഒഴിവാക്കി കുടുംബത്തിനായി സമയം കണ്ടെത്തിയേ മതിയാവൂ. 

നിങ്ങളുടെ ജീവിതപങ്കാളിയെ ആദ്യമായി കണ്ടപ്പോള്‍ ആ വ്യക്തിയുടെ എന്തു പ്രത്യേകതയാണോ നിങ്ങള്‍ ആ വ്യക്തിയെ ഇഷ്ടപ്പെടാന്‍ കാരണമായത് എന്നോർത്ത് നോക്കുക. യാത്ര ചെയ്യുവാന്‍ ഇഷ്ടപെടുന്നവരാണ് ഇരുവരും എങ്കില്‍ അതിനായി ഒരുമിച്ചു സമയം കണ്ടെത്താം. അതല്ല മറ്റെന്തു സമാന ഇഷ്ടങ്ങളാണോ ഉള്ളത് അവയ്ക്കായി സമയം കണ്ടെത്തേണ്ടത്‌ വിവാഹജീവിതത്തിന്റെ ഊഷ്മളത നിലനി‌ർ‌ത്താൻ അത്യാവശ്യമാണ്.

ജീവിതപങ്കാളിയെ നിങ്ങള്‍ അംഗീകരിക്കുന്നു, പ്രാധാന്യം കൊടുക്കുന്നു എന്നെല്ലാം അവർക്ക് മനസ്സിലാകുന്ന തരത്തിലുള്ള പ്രവ‌ർത്തികൾ വിവാഹത്തിന്റെ ആദ്യ നാളുകളില്‍ മാത്രമല്ല ജീവിതത്തില്‍ ഉടനീളം അവര്‍ പ്രതീക്ഷിക്കും. പരസ്പരസ്നേഹം നിലനിൽക്കാൻ ഇതു സഹായിക്കും.

പങ്കാളിയോടുള്ള സ്നേഹം പ്രകടമാക്കുക എന്നാല്‍ ലൈംഗികത മാത്രമല്ല. അവരോടുള്ള കരുതലും അവരോടു സംസാരിക്കുന്നതും എല്ലാം അതില്‍ ഉൾപ്പെടും. സ്ത്രീകള്‍ പൊതുവേ ഭർത്താവ് തന്നോടു കൂടുതല്‍ സമയം സംസാരിക്കണമെന്നും, കൂടുതല്‍ പ്രാധാന്യം തനിക്കു നൽകണമെന്നും ആഗ്രഹിക്കും.

 പുരുഷന്മാർ ലെെം​ഗികതയെ സ്നേഹത്തിന്റെ പ്രകടനമായി കാണുമ്പോള്‍ സ്ത്രീക്ക് പുരുഷനിൽ ആശ്വാസവും സ്നേഹവും രൂപപ്പെട്ടു കഴിഞ്ഞതിനു ശേഷമേ അത്തരം കാര്യങ്ങൾക്ക് പ്രാധാന്യം ഉണ്ടാകുന്നുള്ളൂ.

രണ്ടുപേരുടെയും ചിന്താഗതികളിലുള്ള വ്യത്യസ്ഥതകള്‍ പരസ്പരം മനസ്സിലാക്കി മുന്നോട്ടുപോകാന്‍ കഴിയുന്നതാണ് ദാമ്പത്യ ജീവിതത്തിന്റെ വിജയം .എപ്പോഴും ഏതു സമയത്തും എനിക്കെന്തു പ്രശ്നം വന്നാലും എനിക്കൊപ്പം ഒരാള്‍ ഉണ്ടാകും എന്ന ദൃഢമായവിശ്വാസമാണ് ഓരോ ഭാര്യയും ഓരോ ഭർത്താവും ആഗ്രഹിക്കുന്നത്.

കടപ്പാട്:
പ്രിയ വര്‍ഗീസ്(M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്(RCI Registered)
റാന്നി, പത്തനംതിട്ട
PH: 8281933323
Telephone consultation (10am to 2pm)


 

Follow Us:
Download App:
  • android
  • ios