Asianet News MalayalamAsianet News Malayalam

കൊവിഡ് കാലത്ത് കുട്ടികള്‍ എത്രമാത്രം സുരക്ഷിതരാണ്‌; സൈക്കോളജിസ്റ്റ് എഴുതുന്നു...‌

കൊവിഡ് കാലത്ത് സ്കൂളുകള്‍ അടഞ്ഞു കിടക്കുമ്പോള്‍ അക്രമ സാധ്യത നിലനില്‍ക്കുന്ന വീടുകളില്‍ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം വളരെ അധികമാണ്. കൂട്ടുകാരുടെയോ, അടുത്ത ബന്ധുക്കളുടെയോ ഒക്കെ സഹായം തേടാന്‍ കഴിയാത്ത അവസ്ഥ ഇവര്‍ക്കുണ്ട്. 

priya varghese column about violence against children
Author
Trivandrum, First Published Jun 27, 2020, 4:38 PM IST

എത്ര കുട്ടികളും കൗമാരക്കാരും ഈ കൊവിഡ് കാലത്ത് സ്വന്തം വീടുകളിലും മറ്റിടങ്ങളിലും സുരക്ഷിതരാണ്‌? ഈ കൊവിഡ് കാലത്ത് ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കാണാന്‍ കഴിയുന്നത്‌ ഞെട്ടിക്കുന്ന കണക്കുകളാണ്. ലോകത്താകമാനം രണ്ട് കുട്ടികളില്‍ ഒരാള്‍ വീതം ഓരോ വര്‍ഷവും ഏതെങ്കിലും തരത്തിലുള്ള അക്രമത്തിന് ഇരയാകുന്നു എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക് വ്യക്തമാക്കുന്നത്. 

കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ പല രാജ്യങ്ങളും നിയമങ്ങള്‍ ശക്തമാക്കുന്നില്ല എന്ന കാരണത്താല്‍ ശാരീരിക മാനസിക ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാവുക, പരുക്കുകള്‍ സംഭവിക്കുക, ശാരീരിക വൈകല്യം മുതല്‍ മരണം വരെ സംഭവിക്കാവുന്ന അവസ്ഥ എന്നിവ ലോകത്താകമാനം കുട്ടികള്‍ നേരിടുന്നു. 

 20 വയസ്സില്‍ താഴെയുള്ള 12 കോടി പെണ്‍കുട്ടികള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നു. അക്രമങ്ങള്‍ക്ക് ഇരയായ 0-17 വരെയുള്ള പ്രായക്കാരില്‍ 40,000 പേരാണ് ഓരോ വര്‍ഷവും മരണമടയുന്നത്‌. ഇവയൊക്കെ ശരിവയ്ക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ കേരളത്തിലും ഈ കാലയളവില്‍ കാണാന്‍ കഴിഞ്ഞു.

മാതാപിതാക്കളോ സംരക്ഷകരാകേണ്ട മറ്റാരെങ്കിലുമോ വീടുകളില്‍ തന്നെ കുട്ടികളെ ഉപദ്രവിക്കുക, അവഗണന കാണിക്കുക, ദുരുപയോഗം ചെയ്യുക.‍ കൗമാരക്കാര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ അക്രമങ്ങളായി മാറുക. വാക്കുതര്‍ക്കം, ഭീഷണിപ്പെടുത്തല്‍, പരസ്പരം ശാരീരിക ഉപദ്രവം ഏല്‍പ്പിക്കുക മുതല്‍ കൊലപാതകത്തില്‍ വരെ കൊണ്ടെത്തിക്കുന്ന സംഭവങ്ങള്‍. 

കൗമാരക്കാരിലെ പ്രണയം നിരസിക്കുന്നത് അക്രമത്തിലും കൊലപാതകത്തിലും കലാശിക്കുക. 2014 ലെ 'UNICEF' റിപ്പോര്‍ട്ട്‌ പ്രകാരം 15-19 വയസ്സിനിടയില്‍ പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ ഇത്തരം അക്രമങ്ങള്‍ക്ക് ഇരയാകുന്നു എന്നാണ്.

കൊവിഡ് കാലത്തെ അവസ്ഥ...

കൊവിഡ് കാലത്ത് സ്കൂളുകള്‍ അടഞ്ഞു കിടക്കുമ്പോള്‍ അക്രമ സാധ്യത നിലനില്‍ക്കുന്ന വീടുകളില്‍ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം വളരെ അധികമാണ്. കൂട്ടുകാരുടെയോ, അടുത്ത ബന്ധുക്കളുടെയോ ഒക്കെ സഹായം തേടാന്‍ കഴിയാത്ത അവസ്ഥ ഇവര്‍ക്കുണ്ട്. 

സാമ്പത്തിക ബുദ്ധിമുട്ടുകള്‍, ജോലി നഷ്ടമാകുന്ന അവസ്ഥ എന്നിവ മാതാപിതാക്കളിലും ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുന്നു. ഇത്തരത്തിലുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദവും ദേഷ്യവും കുട്ടികള്‍ക്ക് നേരെയുള്ള അക്രമമായി മാറാനുള്ള സാധ്യത അധികമാണിപ്പോള്‍. 

അക്രമ സ്വഭാവമുള്ള കുടുംബാംഗത്തിനൊപ്പം വീട്ടില്‍ ക്വാറന്‍ടൈനില്‍ കഴിയേണ്ടി വന്നാല്‍ സ്ഥിതി വളരെ അപകടകരമായി മാറും എന്നാണ് ലോകാരോഗ്യസംഘടനയുടെ ഗ്ലോബല്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 
കൊവിഡ് കാലത്ത് പഠനത്തിന്‍റെ ഭാഗമായും അല്ലാതെയും കുട്ടികളുടെ ഇന്‍റ്ര്‍നെറ്റ് ഉപയോഗം ഉയര്‍ന്നതിനാല്‍ ലൈംഗിക ചൂഷണം, സൈബര്‍ അതിക്രമങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യതയും വര്‍ദ്ധിച്ചിരിക്കുന്നു. 

അതിക്രമങ്ങള്‍ കുട്ടികളുടെ ഭാവിയെ ബാധിക്കുമ്പോള്‍...

കുട്ടികളുടെ ശരീരത്തിന്‍റെയും മനസ്സിന്‍റെയും ആരോഗ്യത്തെ ഇത്തരം അതിക്രമങ്ങള്‍ ദോഷകരമായി ബാധിക്കും. വിഷാദരോഗം, ഉത്കണ്ഠാ രോഗങ്ങൾ, മദ്യത്തിന് അടിമപ്പെടുക, HIV ബാധിക്കുക, ചെറിയ പ്രായത്തിലെ ഗര്‍ഭധാരണം എന്നിവ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അവസ്ഥകളാണ്. 

പരീക്ഷ പേടി, പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നേടുക, പഠനം പാതിയില്‍ ഉപേക്ഷിക്കുക എന്നിവയ്ക്ക് സാധ്യത ഇവരില്‍ അധികമാണ്. 2017ലെ പഠനം പറയുന്നത് 18 വയസ്സിന് മുന്‍പ് ദുരനുഭവങ്ങള്‍ നേരിട്ടവരില്‍ അക്രമസ്വഭാവം, ആത്മഹത്യ എന്നിവയ്ക്കുള്ള സാധ്യത അധികമാണ് എന്നാണ്. ഇവര്‍ ഭാവിയില്‍ ഇവരുടെ പങ്കാളിയെ ആക്രമിക്കാനുള്ള സാധ്യതയും പഠനം പറയുന്നു. 

കുട്ടികളില്‍ അവബോധം ഉണ്ടാക്കിയെടുക്കേണ്ടത് അനിവാര്യം...

ലോകാരോഗ്യസംഘടനയുടെ കൊവിഡിന് മുന്‍പുള്ള കണക്കുകള്‍ പ്രകാരം  ലോകത്താകമാനം 15നും 29നും ഇടയില്‍ പ്രായമുള്ളവരുടെ  മരണങ്ങള്‍ക്കുള്ള രണ്ടാമത്തെ കാരണം ആത്മഹത്യയാണ്. ദേശീയ ക്രൈം റെക്കോര്‍ഡ്‌ ബ്യൂറോയുടെ 2015 ലെ കണക്കുപ്രകാരം ഇന്ത്യയില്‍ ഓരോ മണിക്കൂറിലും ഒരു വിദ്യര്‍ത്ഥി ആത്മഹത്യ ചെയ്യുന്നു. 

ഇന്ത്യയില്‍ 13നും 15നും ഇടയില്‍ പ്രായമുള്ള നാലില്‍ ഒരാള്‍ക്ക്‌ വിഷാദരോഗമുണ്ട്. കൗമാരക്കാരുടെ വിഷാദരോഗത്തിനും ആത്മഹത്യയ്ക്കും ഒക്കെ കാരണമായി മാറുന്നത് അവര്‍ നേരിടുന്നതും എന്നാല്‍ തുറന്നു പറയാന്‍ ധൈര്യമില്ലാതെ പോകുന്നതുമായ ദുരനുഭവങ്ങള്‍ ആണോ എന്നുകൂടി ഈ കൊവിഡ് കാലത്ത് നാം ശ്രദ്ധ നല്‍കേണ്ടതായുണ്ട്.

വളരെ കൃത്യമായ ആസൂത്രണവും ശക്തമായ നടപടികളും വഴി ചില രാജ്യങ്ങളില്‍ 20-50% വരെ അക്രമങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെയും കൗമാരക്കരുടെയും ആരോഗ്യവും മനസ്സിന്‍റെ സുസ്ഥിതിയും സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ സമൂഹത്തിന്‍റെ നല്ല ഭാവിക്കായി ചെയ്യേണ്ട വളരെ പ്രധാനപ്പെട്ട കാര്യമാണ്.

നിയമ നടപടികള്‍ ശക്തമാക്കുന്നതിനോടൊപ്പം കുടുംബാംഗങ്ങളില്‍ വ്യക്തിത്വ വൈകല്യം, സംശയരോഗം, മദ്യാസക്തി എന്നിവയ്ക്കുള്ള ചികിത്സ ഉറപ്പുവരുത്തേണ്ടതും ഇത്തരം അക്രമങ്ങള്‍ നടക്കാതെ തടയാന്‍ ആവശ്യമാണ്. 
മാനസികാരോഗ്യം എന്നാല്‍ എന്താണ്, വിവിധ സാഹചര്യങ്ങില്‍ സ്വയം സുരക്ഷ ഉറപ്പുവരുത്താന്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങള്‍, ചൂഷണം നേരിട്ടാല്‍ സഹായം തേടേണ്ടത് എവിടെ എന്നീ കാര്യങ്ങള്‍ ചെറിയ ക്ലാസ്സ്‌ മുതല്‍ ഓരോ പ്രായത്തിനും അനുയോജ്യമായ രീതിയില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുക എന്നത് കാലത്തിന്‍റെ അനിവാര്യതയാണ്. 

പ്രത്യേകിച്ചും ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ ഭാഗമായി കുട്ടികള്‍ ഫോണും കമ്പ്യൂട്ടറുമൊക്കെ കൂടുതല്‍ സമയം ഉപയോഗിക്കുമ്പോള്‍ ഇന്‍റര്‍നെറ്റിലൂടെ ചൂഷണത്തിന് ഇരയാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അവരെ പറഞ്ഞ് മനസ്സിലാക്കുക. പൊതുവേ കുട്ടികള്‍ അതിക്രമങ്ങള്‍ക്ക് ഇരയാവുമ്പോള്‍ ഭയന്നു പോകുകയും ആരോടും ഒന്നും തുറന്നു പറയാതെ ഇരിക്കുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കാന്‍ ഇത്തരം കാര്യങ്ങളില്‍ വ്യക്തമായ അവബോധം അവരില്‍ ഉണ്ടാക്കിയെടുത്തേ മതിയാവൂ.

പ്രമേഹ രോഗികളില്‍ കാഴ്ച നഷ്ടപ്പെടുന്നത് തടയാന്‍ ഈ വിറ്റാമിന് കഴിയുമെന്ന് പഠനം...

എഴുതിയത്:

പ്രിയ വര്‍ഗീസ് (M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
PH: 8281933323
Telephone consultation only

Follow Us:
Download App:
  • android
  • ios