വിവാഹ ജീവിതത്തില്‍ വളരെ നാളുകളായി അസ്വാരസ്യം നിലനിൽക്കുന്നു എങ്കിലും കുട്ടികളുടെ ഭാവിയെ കരുതി എങ്ങനെയും വിട്ടുവീഴ്ച്ച ചെയ്ത് മുന്നോട്ടു പോകാം എന്ന് കരുതുന്ന പല ദമ്പതികളും നമ്മുടെ സമൂഹത്തിലുണ്ട്. എന്നാല്‍ ഈ കൊവിഡ് കാലം വീടുകളില്‍ പ്രശ്നങ്ങള്‍ ഗുരുതരമാകുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. അതില്‍ ആത്മഹത്യകളും കൊലപാതകങ്ങളും വരെ ഉണ്ട് എന്നുള്ളത് വളരെ ഗൗരവമുള്ള കാര്യമാണ്. 

വിദേശത്തും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് നാട്ടില്‍ എത്താന്‍ കഴിയാതെ വരുന്നതും സ്കൂള്‍ തുറക്കാത്ത സാഹചര്യത്തില്‍ കുട്ടികളുടെ ഉത്തരവാദിത്വം വീടുകളില്‍ ശരിയായി നിര്‍വ്വഹിക്കാന്‍ കഴിയാതെ വരുന്നതും എല്ലാം ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്ന അവസ്ഥയും ഉണ്ട്.

കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതുമൂലം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഒരു സ്ഥലത്തുനിന്നും കഴിഞ്ഞ ദിവസം ഒരു സ്ത്രീ വിളിക്കുകയുണ്ടായി. മകന്‍ പഠനത്തില്‍ പിന്നോക്കമാണ്. ഇപ്പോള്‍ അവന് 12 വയസ്സുണ്ട് എങ്കിലും അക്ഷരങ്ങള്‍ തെറ്റുകൂടാതെ എഴുതാന്‍ കഴിയുന്നില്ല. പാഠഭാഗങ്ങള്‍ വായിച്ച് മനസ്സിലാക്കാനും ബുദ്ധിമുട്ടുണ്ട്. അല്‍പസമയം അടങ്ങിയിരിക്കാന്‍ അവന് കഴിയില്ല. 

വീട്ടിലെ സാധനങ്ങള്‍ നശിപ്പിച്ചു കളയുക, തുണികളും ചെടികളും എല്ലാം തീ വയ്ക്കുന്ന സ്വഭാവം എന്നിവ അവനുണ്ട്. അവന്‍റെ ഈ പ്രവര്‍ത്തികള്‍ കണ്ട് അവനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന അമ്മയെ അച്ഛന്‍ തടയുന്നു. അവന്‍ കൊച്ചുകുട്ടിയാണ്, ഒറ്റമകനല്ലേ ഉള്ളൂ. അവന് ഇഷ്ടമുള്ളത് പോലെ എന്താണെന്ന് വച്ചാല്‍ ചെയ്തോട്ടെ എന്നാണ് അവന്‍റെ അച്ഛന്‍ പറയുന്നത്. 

ഇപ്പോള്‍ സ്കൂളില്‍ പോകാന്‍ പറ്റാത്ത സാഹചര്യത്തില്‍ മുഴുവന്‍ സമയവും വീട്ടില്‍ തന്നെ ഇരിക്കുമ്പോള്‍ അവന് ദേഷ്യം അധികമാകുന്നു. കൊവിഡ് സാഹചര്യത്തില്‍ വീട്ടില്‍ നിന്നും എപ്പോഴും പുറത്തേക്ക് പോകുന്നത് അപകടമാണെന്ന് പറഞ്ഞിട്ടും അവന്‍ അനുസരിക്കുന്നില്ല. അവന്‍റെ സ്വഭാവം കൂടുതല്‍ അപകടകരമായ നിലയിലേക്ക് പോകുകയാണ്.

സൈക്കോളജിസ്റ്റിനെ സമീപിച്ചു ചികിത്സ തേടണം എന്ന്‍ പല തവണ അമ്മ ആവശ്യപ്പെട്ടെങ്കിലും അച്ഛന്‍ അനുവദിക്കുന്നില്ല. അവനെ ഒരു രോഗിയായി ചിത്രീകരിക്കാനാണ് അവന്‍റെ അമ്മ ശ്രമിക്കുന്നതെന്നും അമ്മയ്ക്ക് അവനോട് സ്നേഹം ഇല്ലാത്തതാണ് കാരണമെന്നുമാണ് അച്ഛന്‍റെ വിശ്വാസം. 

അച്ഛനും അമ്മയും തമ്മില്‍ വിവാഹത്തിന്‍റെ ആദ്യ കാലം മുതലേ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും മകന്‍റെ സ്വഭാവ പ്രശ്നങ്ങള്‍ ഇപ്പോള്‍ അവര്‍ തമ്മിലുള്ള പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാകാന്‍ കാരണമാകുന്നു. അച്ഛന്‍ എല്ലാവരെയും സംശയത്തോടെയാണ് നോക്കുന്നത്. ബന്ധുകളോടുപോലും അധികം സംസാരിക്കാന്‍ അമ്മയെയും മകനെയും അദ്ദേഹം അനുവദിക്കാറില്ല. 

കുടുംബ പ്രശ്നങ്ങള്‍ക്ക് പുറമേ ഇപ്പോള്‍ മകനെ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നതും കൂടിയായപ്പോള്‍ അമ്മ വല്ലാത്ത വിഷാദ അവസ്ഥയിലേക്ക് പോയി. അവരുടെ വിവാഹ ജീവിതം പ്രതിസന്ധിയിലാണ്. പക്ഷേ എത്ര ബുദ്ധിമുട്ട് നേരിടേണ്ടി വന്നാലും മകനെയെങ്കിലും എങ്ങനെയും ഭേദമാക്കി എടുക്കണം എന്ന ആഗ്രഹത്തിലാണ് ആ അമ്മ ഇപ്പോള്‍.

വഴക്കുകളും വാഗ്വാദങ്ങളും ഇല്ലാത്ത കുടുംബ ജീവിതം ആര്‍ക്കും ഇല്ല. പക്ഷേ പരസ്പരം എപ്പോഴും കുറ്റപ്പെടുത്തുക മാത്രം ചെയ്യുമ്പോള്‍ അവിടെ സ്നേഹം ഇല്ലാതെയാകും. കഴിഞ്ഞ കാര്യങ്ങളെ വീണ്ടും ഓര്‍ത്തെടുത്ത് പരസ്പരം കുറ്റപ്പെടുത്തി വീട്ടിലെ സാഹചര്യം കൂടുതല്‍ വഷളാക്കുന്ന അവസ്ഥ പരിപൂര്‍ണ്ണമായും ഒഴിവാക്കുക.

 പ്രശ്നങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കഴിയുന്നില്ല എങ്കില്‍ ചികിത്സയിലൂടെ പ്രശ്നപരിഹാരം സാധ്യമാക്കാന്‍ ശ്രമിക്കുക. കുടുംബത്തില്‍ ഏതെങ്കിലും വ്യക്തികള്‍ക്ക് ദേഷ്യം നിയന്ത്രിക്കാന്‍ കഴിയുന്നില്ല ഗാര്‍ഹിക പീഡനം പോലെയുള്ള അവസ്ഥകള്‍ നിലനില്‍ക്കുന്നു എങ്കില്‍ അവ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ തയ്യാറാവുക. 

സാമ്പത്തിക ബുദ്ധിമുട്ടുകള്‍, ജോലി നഷ്ടപ്പെടുന്ന അവസ്ഥ, രോഗം ബാധിക്കുമോ എന്നുള്ള പേടി എന്നിവ നിലനില്‍ക്കുന്ന ഈ കൊവിഡ് കാലത്ത് ആളുകളില്‍ മാനസിക സമ്മര്‍ദ്ദം അധികമാകുന്ന അവസ്ഥയുണ്ട്. പല വ്യക്തികളുടെയും സ്വഭാവത്തിലെ മാറ്റങ്ങള്‍ മാനസിക പ്രശ്നങ്ങളുടെ ലക്ഷണങ്ങള്‍ ആവാം. 

മാനസിക സമ്മര്‍ദ്ദം, നെഗറ്റീവ് ചിന്തകള്‍ ഭാവിയെക്കുറിച്ചുള്ള ആശങ്ക എന്നിവ ചിലര്‍ തുറന്നുപറയാന്‍ മടികാണിക്കുന്നത് ദേഷ്യത്തിന്‍റെ രൂപത്തില്‍ അവ പുറത്തേക്ക് വരാന്‍ കാരണമാകുന്ന അവസ്ഥ ഒഴിവാക്കുക. ടെലി സൈക്കോളജിക്കല്‍ സൗകര്യങ്ങള്‍ ഇപ്പോള്‍ അധികമായി ഉപയോഗിക്കാന്‍ ശ്രമിക്കുക. 

മരുന്നുകള്‍ ആവശ്യമുള്ള സാഹചരങ്ങളില്‍ ഒഴികെ ഇവ വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയും. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതാവും ഓരോ ദിവസവും ചികിത്സാ സമയം. ആ സമയം മറ്റു തിരക്കുകള്‍ എല്ലാം മാറ്റിവച്ച് വിശ‍ദമായി പ്രശ്നങ്ങള്‍ എന്താണെന്ന് പറയാനും കൃത്യമായി രോഗ വിവരങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും മനസ്സിലാക്കിയെടുക്കാനും ശ്രമിക്കുക. നേരിട്ട് ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ സമീപിക്കുന്നതുപോലെ തന്നെയായിരിക്കും ചികിത്സാ രീതികള്‍. 

മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടാന്‍ ആളുകള്‍ മടികാണിക്കുന്ന രീതിയ്ക്ക് ഈ കൊവിഡ് കാലത്ത് മാറ്റം ഉണ്ടാകേണ്ടത് നമ്മുടെ സമൂഹത്തിന്‍റെ മാനസികാരോഗ്യം കൂടുതല്‍ അപകടകരമായ നിലയിലേക്ക് പോകതെയിരിക്കാന്‍ ശ്രദ്ദിക്കേണ്ട ഏറ്റവും പ്രാധാനപ്പെട്ട കാര്യമാണ്. മറ്റുള്ളവര്‍ അറിയുമെന്ന നാണക്കേടിനെ കുറിച്ചു ചിന്തിക്കുന്നതിലും വളരെ പ്രധാനമാണ് ഒരു കുടുംബത്തിലെ ഓരോ വ്യക്തികളുടെയും മാനസികാരോഗ്യം എങ്ങനെ നിലനിര്‍ത്താം എന്നു ചിന്തിക്കേണ്ടത്.

ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ നിങ്ങളെ 'നെഗറ്റീവ്' ആക്കുന്ന വ്യക്തിയെ തിരിച്ചറിയൂ...

എഴുതിയത്:
പ്രിയ വര്‍ഗീസ് (M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
PH: 8281933323
Telephone consultation only