ലോകത്തെയൊട്ടാകെയും പ്രതിസന്ധിയിലേക്ക് തള്ളിയിട്ട കൊറോണ വൈറസ് എന്ന മാരക രോഗകാരിയുടെ ഉറവിടമായ ചൈന, വലിയ ഇടവേളയ്ക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. വര്‍ഷം തോറും ഷാംദോങ് പ്രവിശ്യയിലെ ക്വിങ്ദാവോ എന്ന സ്ഥലത്ത് വച്ച് നടക്കുന്ന 'ബിയര്‍ ഫെസ്റ്റിവല്‍' ഇക്കുറിയും ആഘോഷമായി തുടങ്ങിയിരിക്കുന്നു എന്നത് തന്നെയാണ് ഇതിന് തെളിവ്. 

വെള്ളിയാഴ്ചയാണ് 'ബിയര്‍ ഫെസ്റ്റിവല്‍' തുടങ്ങിയത്. ആഗസ്റ്റ് അവസാനം വരെ മേള തുടരും. ചൈനയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആളുകള്‍ ഇവിടേക്ക് ഒഴുകിയെത്തുന്നതാണ് പതിവ്. എന്നാല്‍ ഇക്കുറി സന്ദര്‍ശകരുടെ എണ്ണം മിതപ്പെടുത്തിയിട്ടുണ്ട്. മുപ്പത് ശതമാനം സന്ദര്‍ശകരേ മേള നഗരിയില്‍ ഒരേസമയം പാടുള്ളൂ എന്നതാണ് കൊവിഡ് കാലത്തെ പുതിയ തീരുമാനം. 

ശരീര താപനിലയുള്‍പ്പെടെ ആരോഗ്യാവസ്ഥ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രമാണത്രേ ആളുകളെ മേളയിലേക്ക് പ്രവേശിപ്പിക്കുന്നത്. ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന നയവും സംഘാടകര്‍ വ്യക്തമാക്കുന്നു. 

എന്നാല്‍ മേളയില്‍ പങ്കെടുക്കാനെത്തിയ ഭൂരിപക്ഷം പേരും മാസ്‌ക് ധരിക്കുന്നില്ല. ഇത് മേളയുടേതായി പുറത്തുവന്ന ചിത്രങ്ങളില്‍ വ്യക്തമാണ്. കടലിനോട് ചേര്‍ന്നുകിടക്കുന്ന ഒരു റിസോര്‍ട്ടാണ് ഇവിടത്തെ പ്രധാന കേന്ദ്രം. വിവിധ രാജ്യങ്ങളില്‍ നിന്നായി ഇറക്കുമതി ചെയ്ത ബിയറുകളടക്കം 1,500 ഇനം ബിയറുകള്‍ മേളയില്‍ ലഭ്യമാണ്. ഇതിനൊപ്പം വിവിധ വിഭവങ്ങളുടെ സ്‌റ്റോറുകളും സ്‌റ്റേജ് ഷോകളും, വര്‍ണ്ണാഭമായ വെടിക്കെട്ടുമെല്ലാം ആഘോഷങ്ങള്‍ക്ക് ലഹരി കൂട്ടുന്നു. 

പല ഘട്ടങ്ങളിലായി നടപ്പിലാക്കിയ ലോക്ഡൗണിലൂടെയാണ് ചൈന കൊവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിച്ചത്. ഇപ്പോഴും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ആകെ അവസ്ഥ, നിയന്ത്രണത്തിലാണെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിശദീകരണം.

Also Read:- 'ബിയര്‍ ടാങ്കില്‍ മൂത്രമൊഴിച്ചു'; വ്യാജവാര്‍ത്തയ്ക്ക് ട്രോളോട് ട്രോള്‍...