Asianet News MalayalamAsianet News Malayalam

'പുരുഷന്മാര്‍ക്കെതിരെയുളള വ്യാജ വാര്‍ത്തകള്‍ തടയണം, അവനൊപ്പവും ഉണ്ടാകണം'; പുരുഷദിനത്തില്‍ രാഹുല്‍ ഈശ്വര്‍

  • ഇന്ന് അന്താരാഷ്ട്ര പുരുഷ ദിനം.  
  • 'പുരുഷ് ആയോഗ്' ദില്ലിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ രാഹുല്‍ ഈശ്വര്‍  അഥിതിയാണ്
  • പുരുഷന്മാര്‍ക്ക് പരിഗണന ലഭിക്കുന്നില്ലെന്ന് രാഹുല്‍ ഈശ്വര്‍ 
  • മെന്‍ ടൂ വേണമെന്ന് ആവശ്യം
Rahul Eshwar open up about international men s day
Author
Thiruvananthapuram, First Published Nov 19, 2019, 10:24 AM IST

ഇന്ന് അന്താരാഷ്ട്ര പുരുഷ ദിനം. പുരുഷ ദിനത്തോടനുബന്ധിച്ച് ഒരു സ്വകാര്യ സംഘടനയായ 'പുരുഷ് ആയോഗ്' സംഘടിപ്പിക്കുന്ന പരിപാടിയില്‍ അയ്യപ്പ ധർമ സേനാ പ്രസിഡന്‍റ് രാഹുല്‍ ഈശ്വര്‍ ഒരു  അഥിതിയാണ്. പുരുഷന്‍മാരുടെ സംരക്ഷണത്തെ കുറിച്ചും സുരക്ഷയെ കുറിച്ചും രാഹുല്‍ ഈശ്വര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു. 

പുരുഷന്‍മാരുടെ ദിനം. അങ്ങനെ ഒരു ദിവസത്തിന്‍റെ ആവശ്യകത എത്രത്തോളമാണ് ?

ഒരുപാട് വ്യാജ വാര്‍ത്തകള്‍ പുരുഷന്മാര്‍ക്ക് എതിരെ വരുന്നുണ്ട്.  'പ്രോ വുമണ്‍' അഥവാ സ്ത്രീകള്‍ക്ക് അനുകൂലമായ  നിയമം ആണ് നമ്മുടേത്. ഈ പ്രോ വുമണ്‍ നിയമത്തെ ഒരുപാട് പേര്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. എത്ര മാത്രം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ചോദിച്ചാല്‍ ഒരിക്കല്‍ സുപ്രീം കോടതി പോലും പറയുകയുണ്ടായി ഞങ്ങള്‍ സ്ത്രീകള്‍ക്ക് പരിച ആണ് കൊടുത്തത്. എന്നാല്‍ ചിലരെങ്കിലും അതിനെ വാളായിട്ടാണ് ഉപയോഗിക്കുന്നത് എന്ന്. ഇത്തരത്തില്‍ നിരവധി കള്ളകേസുകള്‍ വരുന്നുണ്ട്. അതുമൂലം ധാരാളം പുരുഷന്മാരുടെ ജീവിതം തന്നെ നഷ്ടപ്പെടുന്നുണ്ട്. ഒരു പുരുഷനെതിരെ വെറുതെ ആരോപണം ഉന്നയിക്കുമ്പോള്‍ അവന് സമൂഹത്തില്‍‌ തലയുര്‍ത്തി നടക്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാകുന്നു എന്നാല്‍ ആ പെണ്‍കുട്ടിയുടെ പേര് പോലും പുറത്തുവരുകയുമില്ല. അതൊരു വ്യാജ വാര്‍ത്തയാണെന്ന് പോലും പുറംലോകം അറിയാറില്ല. മാത്രമല്ല പുരുഷന്മാരാണ് ഏറ്റവും കൂടുതല്‍ മാനസിക സമ്മര്‍ദ്ദവും മറ്റ് പ്രശ്നങ്ങളും കൊണ്ട് ആത്മഹത്യ ചെയ്യുന്നത്. 

#MeToo ക്യാമ്പെയ്നിനെ ബഹുമാനിക്കുന്നു. എന്നാല്‍ അവസരം മുതലാക്കി വാസ്‌തവമല്ലാത്ത മീ റ്റു കേസുകളും വരുന്നുണ്ട്. ഇതിനെതിരെയാണ് 'മെന്‍ ടൂ' എന്ന മൂവ്മെന്‍റ്  വേണമെന്ന് ഞങ്ങള്‍ പറയുന്നത്.  പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രമേ പുരുഷന്‍റെ പേര് പുറത്തുവിടാന്‍ പാടുളളൂ  എന്നാണ് ഞങ്ങളുടെ ആവശ്യം. അല്ലാതെ പറയുന്നത് അന്യായമാണ്. എനിക്ക് എതിരെ ഒരു മീ റ്റു ആരോപണം വന്നിരുന്നു. ഒരു വ്യാജ ഐഡിയില്‍ നിന്ന് ആ വ്യക്തിയുടെ സുഹൃത്തിന് 15 വര്‍ഷം മുന്‍പുള്ള അനുഭവം എന്നാണ് പറഞ്ഞത്.  ഇങ്ങനെയൊക്കെ ആണോ രാഹുല്‍ ഈശ്വരിനെ എതിര്‍ക്കേണ്ടത് എന്നാണ് ഇടതുപക്ഷ നിലപാടുകളുളള മാധ്യമപ്രവര്‍ത്തകര്‍ പോലും ചോദിച്ചത്.  ഒന്ന്- നിയമം ദുരുപയോഗം ചെയ്യരുത്. രണ്ട്- സ്ത്രീകള്‍ക്ക് ചില അവസരങ്ങളില്‍ ഭയങ്കരമായ പ്രത്യേകാവകാശം ഉണ്ട്. കാസ്റ്റിംഗ് കൗച്ച്, പല തരത്തിലുള്ള ചൂഷണം , ലൈംഗിക പീഡനം  തുടങ്ങിയ പല ഗുരുതരമായ പ്രശ്നങ്ങളും സ്ത്രീകള്‍ അനുഭവിക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ നിയമപരമായ പ്രത്യേകാവകാശം  അവര്‍ കാര്യമായി  ദുരുപയോഗം ചെയ്യുന്നുമുണ്ട്. അതൊരു വലിയ പ്രശ്നമാണ്. ഇത്തരം വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് പുരുഷ ദിനത്തിന്‍റെ പ്രാധാന്യം വരുന്നത്. 

സ്ത്രീകള്‍ നേരിടുന്ന പല പ്രശ്നങ്ങളും സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പുരുഷന്മാരുടെ പ്രശ്നങ്ങള്‍ അഡ്രസ്സ് ചെയ്യപ്പെടുന്നില്ല എന്ന് തോന്നുന്നുണ്ടോ?

തീര്‍ച്ചയായും പുരുഷന്മാരുടെ ഇത്തരം പ്രശ്നങ്ങള്‍ അഡ്രസ്സ് ചെയ്യപ്പെടുന്നില്ല. ഇന്ത്യന്‍ ഭരണഘടന ഇന്ത്യയിലെ പുരുഷന്മാരെ  അഡ്രസ്സ് ചെയ്യുന്നില്ല. നമ്മുടെ ഭരണഘടന സ്ത്രീകളെ  അഡ്രസ്സ്   ചെയ്യുന്നുണ്ട്. അങ്ങനെയാണ്  വുമണ്‍സ് റൈറ്റും വനിതാ കമ്മീഷനും ഒക്കെ ഉണ്ടാകുന്നത്. കുട്ടികളെയും അഡ്രസ്സ് ചെയ്യുന്നുണ്ട്. അതിന്‍റെ ഭാഗമായാണ്  ബാലാവകാശ കമ്മീഷന്‍ വന്നത്. മെന്‍സ് റൈറ്റ് കമ്മീഷനും വരണം. അതാണ് പുരുഷ് അയോഗ് സൂചിപ്പിക്കുന്നത്. 

പുരുഷന്മാര്‍ ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നുണ്ടോ?

ഗാര്‍ഹിക പീഡനം എന്ന വാക്കിനെക്കാള്‍ നിയമം ദുരുപയോഗം ചെയ്യപ്പെടുന്ന കൊണ്ട്  പുരുഷന്മാര്‍ മാനസിക പീഡനം അനുഭവിക്കുന്നുണ്ട് എന്ന് പറയുന്നതാണ് ശരി. പ്രാഥമിക അന്വേഷണം നടത്താതെ കേസ് ഫയല്‍ ചെയ്യരുത്. 

പുരുഷന്മാര്‍ ഈ സമൂഹത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്?

നിയമത്തിന്‍റെ ദുരുപയോഗം ആണ് പ്രധാനം. മീ റ്റൂ പോലുളള  ക്യാമ്പെയ്നുകള്‍ ദുരുപയോഗം ചെയ്യുന്നു. വിവാഹബന്ധത്തിലുളള പീഡനമാണ് മറ്റൊരു കാര്യം. ഗാര്‍ഹിക പീഡന നിയമം  ആണ് ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്നത്.

ശരിക്കും പുരുഷന്മാരെ വളര്‍ത്തുന്ന രീതിയില്‍ തെറ്റുണ്ട്. ആണ്‍കുട്ടികളെ കയര്‍ ഊരി വിടുന്ന രീതിയുണ്ട്. 'Men are men' എന്ന രീതി.  പെണ്‍കുട്ടികളെ അമിതമായി അച്ചടക്കത്തോടെ വളര്‍ത്തുന്നു. സ്ത്രീക്കും പുരുഷനും അവരുടേതായ വ്യക്തിത്വം ഉണ്ട്. അത് പറഞ്ഞ് കൊടുക്കണം. 

പുരുഷന്മാര്‍ നേരിടുന്ന ലിംഗ വിവേചനം എന്തൊക്കെയാണ് ?

പുരുഷന് വിശ്വസീയത ഇല്ല. സ്ത്രീക്ക് മാത്രമേ വിശ്വസീയതയുള്ളൂ എന്നൊരു ധാരണ  സമൂഹത്തിന് ഉണ്ട്. അതൊരു അര്‍ഥത്തില്‍ ലിംഗ വിവേചനം എന്നു തന്നെ പറയാം. ആണും പെണ്ണും തുല്യരാണ് . നിയമപരമായും പുരുഷന്മാര്‍ക്കും സംരക്ഷണം കിട്ടണം. 

പുരുഷനും സ്ത്രീക്കും മാറിയ കാലത്തില്‍ ഒരുപോലെ വ്യക്തി സ്വാതന്ത്യവും ജോലി ചെയ്യാനുളള സ്വാതന്ത്യ്രവും ഉളളപ്പോള്‍ എന്തിനാണ് സ്ത്രീയെ പണ്ടത്തെ കാഴ്ചപ്പാടുപോലെ അപലയായി കണ്ടുകൊണ്ട് അമിതമായി പ്രൊ വുമണ്‍ നിലപാടിലേക്ക് പോകുന്നത് ?  

പുരുഷസുരക്ഷയ്ക്ക് വേണ്ടി എന്തൊക്കെ ചെയ്യാം ?

ഒന്ന് ശാരീരകമായി ആണിനെയും പെണ്ണിനെയും നോക്കുകയാണെങ്കില്‍ , ആണ്ണാണ് കൂടുതല്‍ ശക്തര്‍. മാനസികമായ സ്ത്രീയാണ് കൂടുതല്‍ ശക്തിതര്‍. ശാരീരകമായ സംരക്ഷണത്തിനെക്കാള്‍ പുരുഷന് വേണ്ടത് മാനസികമായ പിന്തുണയാണ്.  പെണ്‍കുട്ടികള്‍ ചെറുപ്പത്തില്‍ ലൈംഗികമായി പീഡനത്തിന് ഇരയാകുന്ന പോലെ തന്നെ പുരുഷന്മാരും ആകാറുണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് കൃത്യമായ ലൈംഗിക വിദ്യഭ്യാസം നല്‍കണം.  നിയമം പുരുഷനും സ്ത്രീക്കും ഒരുപോലെ സംരക്ഷണം നല്‍കുന്നത് ആയിരിക്കണം. 

ലിംഗ സമത്വത്തെത്തെ പ്രോത്സാഹിപ്പിക്കുകയല്ലേ ഇപ്പോള്‍ വേണ്ടത് ?

സ്ത്രീ പുരഷ സഹകരണമാണ് വേണ്ടത്. സ്ത്രീ പുരഷ പാരസ്പര്യമാണ് വേണ്ടത്. 

പുരുഷ് ആയോഗിന്‍റെ അന്താരാഷ്ട്ര പുരുഷ  ദിനാഘോഷത്തില്‍ രാഹുലും അഥിതിയാണല്ലോ. എന്തുകൊണ്ട് രാഹുല്‍?  

എനിക്ക് തോന്നുന്നത് രണ്ട് കാര്യങ്ങളാണ്. സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുകയാണെങ്കില്‍ എന്നും അതിനൊരു മാര്‍ക്കറ്റുണ്ട്. പലപ്പോഴും പുരുഷന്‍റെ വിഷയം പറയുന്നത് എന്തോ മോശം ആണെന്നോ ശരിയല്ലെന്നോ ധാരണയുണ്ട് , പരിഹാസവുമുണ്ട്. ഞാന്‍ പലപ്പോഴും ഈ പരിഹാസം ഒന്നും കണക്കകാതെ ഈ വിഷയം സംസാരിച്ചിട്ടുണ്ട്. ഞങ്ങള്‍ ആവശ്യപ്പെട്ടിട്ട് രണ്ട് എംബിമാര്‍ ലോക്സഭയില്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ അവരെ കളയാക്കി പരിഹസിച്ചും ഇരുത്തി.  വുമണ്‍സ് കമ്മീഷന്‍ പോലെ പുരുഷായോഗ് വേണം  എന്നേ ഞങ്ങള്‍ പറയുന്നുള്ളൂ. ഇത്തരം വിഷയങ്ങളെ പരിഹസിച്ച് പരാജയപ്പെടുത്താന്‍ ആളുകള്‍ ശ്രമിക്കാറുണ്ട്. 

'അവള്‍ക്ക് ഒപ്പം' എന്നത് പോലെ അവന് ഒപ്പവും നമ്മള്‍ ഉണ്ടാകണം. 'അവള്‍ക്ക് ഒപ്പം' എന്നത് വേണം. ഞാന്‍ അതിനോട് യോജിക്കുന്നു, ബഹുമാനിക്കുന്നു. പക്ഷേ അവന് ഒപ്പവും വേണം. 'നിനക്കും അമ്മയും പെങ്ങന്മാരും ഒന്നുമില്ലേ..' എന്ന് ചോദിക്കുന്നത് ഇതേപോലെ 'നിനക്കും അച്ഛനും ആങ്ങളമാരും ഒന്നുമില്ലേ' എന്നും വ്യാജ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളോട് ചോദിക്കാന്‍ പൊതു സമൂഹം തയ്യാറാകണം. 
 

ലോക പുരുഷ ദിനം ആചരിക്കുന്നതിന്‍റെ ലക്ഷ്യങ്ങള്‍ ?

നിയമത്തിന്‍റെ  ദുരുപയോഗം.. അതിനെതിരെയാണ് ഞങ്ങള്‍ ലോക പുരുഷ ദിനം ഞങ്ങള്‍ ആചരിക്കുന്നത്. 

 

Rahul Eshwar open up about international men s day


 

Follow Us:
Download App:
  • android
  • ios