രസകരമായ സംഭാഷണങ്ങള്‍ക്കിടയില്‍ രാഹുല്‍ ഗാന്ധിയോട് ഒരു വിദ്യാര്‍ത്ഥിനി പുഷ് അപ് എടുക്കുമോയെന്ന് ചോദിക്കുകയും അദ്ദേഹം മടി കൂടാതെ അത് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു

വിദ്യാര്‍ത്ഥികളുമായും യുവാക്കളുമായുള്ള സംവാദങ്ങളുടെ കാര്യത്തില്‍ എപ്പോഴും മുന്നിലാണ് കോണ്‍ഗ്രസ് നേതാവ് ( Congress Leader ) രാഹുല്‍ ഗാന്ധി (Rahul Gandhi ). പുതുതലമുറയെ നല്ല രീതിയില്‍ നയിക്കാനായാല്‍ രാഷ്ട്രത്തെ ആരോഗ്യകരമാം വിധം പുനര്‍നിര്‍മിച്ചെടുക്കാമെന്നതാണ് രാഹുലിന്റെ നയം. ഇത് പലപ്പോഴായി അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതുമാണ്. 

അത്തരത്തില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കന്യാകുമാരിയിലെ മുളകുമൂട് സെന്റ് ജോസഫ്‌സ് മെട്രിക്കുലേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാഹുല്‍ നടത്തിയ സന്ദര്‍ശനവും അവിടത്തെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദവും വലിയ തോതില്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. 

രസകരമായ സംഭാഷണങ്ങള്‍ക്കിടയില്‍ രാഹുല്‍ ഗാന്ധിയോട് ഒരു വിദ്യാര്‍ത്ഥിനി പുഷ് അപ് എടുക്കുമോയെന്ന് ചോദിക്കുകയും അദ്ദേഹം മടി കൂടാതെ അത് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. 

ഇപ്പോഴിതാ ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥി സംഘം ദില്ലി സന്ദര്‍ശിക്കുകയും രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും സമയം ചെലവിടുകയും ചെയ്തിരിക്കുന്നു. ഇതിന്റെ വീഡിയോ രാഹുല്‍ ഗാന്ധി തന്നെ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുകയാണ്. 

വിദ്യാര്‍ത്ഥികളുമായുള്ള സംഭാഷണങ്ങളും ഒപ്പം തന്നെ പാട്ടും ഭക്ഷണവുമെല്ലാം വീഡിയോയിലുണ്ട്. താന്‍ പ്രധാനമന്ത്രി ആയാല്‍ ആദ്യം ചെയ്യുകയെന്തായിരിക്കുമെന്ന ചോദ്യത്തിന് സ്ത്രീകള്‍ക്ക് സംവരണം നല്‍കുമെന്നതായിരുന്നു രാഹുലിന്റെ ഉത്തരം. ഒരു കുട്ടിയുണ്ടായാല്‍ അതിനെ പഠിപ്പിക്കുന്ന ഒരു പാഠമെന്തായിരിക്കുമെന്ന ചോദ്യത്തിന് 'വിനയം' എന്നതായിരുന്നു രാഹുലിന്റെ മറുപടി. 

വിനയത്തില്‍ നിന്നാണ് എല്ലാ മനസിലാക്കലുകളും സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംവാദത്തിനൊടുവില്‍ അത്താഴം കഴിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നതും, ചോള ബട്ടൂര ഡിന്നര്‍ ഒരുക്കട്ടെയെന്ന് ചിരിയോടെ വിദ്യാര്‍ത്ഥികളോട് ചോദിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. 

Scroll to load tweet…

തുടര്‍ന്ന് സംഘത്തോടൊപ്പം അത്താഴം കഴിക്കുന്നതും വീഡിയോയിലുണ്ട്. കഴിക്കുമ്പോഴും കൂടെയുള്ളവരുമായി രസകരമായ സംഭാഷണത്തിലേര്‍പ്പെടുന്നുണ്ട് രാഹുല്‍. വിദ്യാര്‍ത്ഥികളുമായി ചേര്‍ന്നുനിന്ന് നൃത്തം ചെയ്യുകയും അവരുടെ പാട്ട് ആസ്വദിക്കുകയും ചെയ്യുന്ന പ്രിയങ്കയും വീഡിയോയുടെ ആകര്‍ഷണകേന്ദ്രമാണ്. 

Also Read:- പുഷ് അപ് എടുത്ത് കാണിക്കാമോ എന്ന് വിദ്യാര്‍ത്ഥിനി; പരസ്യമായി ചലഞ്ച് ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി