ചിലരുടെ നഖങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? മഞ്ഞനിറം കയറി, വശങ്ങള്‍ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നത്. മിക്കപ്പോഴും ഇത് ശുചിത്വമില്ലായ്മയുടെ സൂചനയായിട്ടാണ് കണക്കാക്കപ്പെടാറ്. എന്നാല്‍ സത്യാവസ്ഥ അങ്ങനെയായിരിക്കണമെന്നില്ല. പല അസുഖങ്ങളുടെയും പല ശീലങ്ങളുടെയും ഭാഗമായി ഇത് സംഭവിക്കാം. 

ഇങ്ങനെ നഖത്തില്‍ മഞ്ഞനിറം കയറുന്നത്, പലര്‍ക്കും വലിയ രീതിയിലുള്ള ആത്മവിശ്വാസപ്രശ്‌നമാണ് ഉണ്ടാക്കാറ്. സാധാരണഗതിയില്‍ എന്തെല്ലാം കാര്യങ്ങളാണ് നഖങ്ങളില്‍ മഞ്ഞനിറമുണ്ടാകാന്‍ കാരണമാകുന്നത്? നമുക്ക് നോക്കാം...

ഒന്ന്...

നമ്മുടെ പതിവ് ഭക്ഷണരീതി ഒന്ന് ശ്രദ്ധിക്കുക. മിക്കപ്പോഴും ഇന്ത്യന്‍ ഭക്ഷണരീതിയെന്നാല്‍ നിറയെ മസാല ചേര്‍ത്ത 'സ്‌പൈസി'യായ കറികളെല്ലാം അടങ്ങുന്നതാണ്. പതിവായി, ഇത്തരത്തില്‍ മഞ്ഞളും മസാലയും അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ അതിന്റെ നിറം നഖത്തില്‍ കൂടാന്‍ സാധ്യതയുണ്ട്.

അല്ലെങ്കില്‍ പതിവായി പാചകം ചെയ്യുന്നവരിലും ഇത് സംഭവിക്കാം. ഇത് ചെറിയൊരു സാധ്യത മാത്രമാണ് എന്ന് മനസിലാക്കുക. 

രണ്ട്...

സോഡയുടെ ഉപയോഗം ചിലരുടെ നഖങ്ങളെ മഞ്ഞ നിറത്തിലാക്കാറുണ്ട്. തെറ്റിദ്ധരിക്കേണ്ട, സോഡ കഴിക്കുന്ന കാര്യമല്ല പറയുന്നത്. മറിച്ച്, പുറമെ ആകുന്ന കാര്യമാണ് സൂചിപ്പിക്കുന്നത്. ഇത് ഏറെക്കുറെ ജോലിയുമായെല്ലാം ബന്ധപ്പെട്ട് കിടക്കുന്ന സാധ്യതയാണ്. സോഡ, പ്രകൃത്യാ 'ബ്ലീച്ചിംഗ്' കഴിവുള്ള ഒരു പദാര്‍ത്ഥമാണ്. ഇത് ക്രമേണ നഖത്തിന്റെ നിറം മഞ്ഞയാകാനും നഖം പൊട്ടാനും കാരണമാകും. 

മൂന്ന്...

ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഒരു സാധ്യതയാണ് ഇനി പറയാന്‍ പോകുന്നത്. പ്രത്യേകിച്ച് സ്ത്രീകളാണ് ഇത് ശ്രദ്ധിക്കേണ്ടത്. അതായത്, നഖം നിറം പിടിപ്പിക്കുന്നതിനും, അതിളക്കി മാറ്റുന്നതിനുമെല്ലാം വേണ്ടി ഉപയോഗിക്കുന്ന പല ഉത്പന്നങ്ങളും വലിയ തോതില്‍ നഖത്തിന്റെ ആരോഗ്യത്തെ തകര്‍ക്കുന്നവയാണ്. ഉദാഹരണത്തിന്, അസെറ്റോണ്‍, ആല്‍ക്കഹോള്‍... എന്നിങ്ങനെയുള്ള രാസപദാര്‍ത്ഥങ്ങള്‍.

ഇത്തരം ഉത്പന്നങ്ങള്‍ പതിവായി ഉപയോഗിക്കുന്നത് നഖത്തില്‍ നിറം മാറ്റമുണ്ടാകാനും നഖം പൊട്ടിപ്പോകാനുമെല്ലാം കാരണമായേക്കും. അതിനാല്‍ ഇങ്ങനെയുള്ള സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങിക്കുമ്പോള്‍ 'ചീപ്' ആയവ വാങ്ങിക്കാതിരിക്കുക. അല്‍പം പണം അധികം നല്‍കിയാലും ഗുണമേന്മയുള്ളവ മാത്രം തെരഞ്ഞെടുക്കുക. 

നാല്...

ഇനി, ആദ്യം സൂചിപ്പിച്ചത് പോലെ പല തരം അസുഖങ്ങളുടെ ഭാഗമായും നഖത്തില്‍ നിറം മാറ്റമുണ്ടാകാം. തൈറോയ്ഡ്, സോറിയാസിസ്, പ്രമേഹം എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. ലിംഫാറ്റിക് പ്രശ്‌നങ്ങളുള്ളവരിലും ഈ ലക്ഷണം കാണാറുണ്ട്. അതിനാല്‍ നഖത്തിലെ മഞ്ഞനിറം എപ്പോഴും നിസ്സാരമായി കാണുകയും അരുത്. ഒരു ഡോക്ടറെ കണ്ട്, മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പിക്കുന്നതാണ് എപ്പോഴും നല്ലത്.