സംസ്ഥാനത്ത് കാലവര്‍ഷം ഇന്ന് എത്തിയേക്കും. നാളെ മുതല്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് കാലവര്‍ഷം ഇന്ന് എത്തിയേക്കും. നാളെ മുതല്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂരില്‍ തിങ്കളാഴ്ചയും എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ചൊവ്വാഴ്ചയും റെഡ് അലര്‍ട്ടായിരിക്കും. ഈ ഒരു സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം. 

ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകള്‍...

1. റെഡ്, ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം.

2. എമെർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട വസ്തുക്കൾ

- ടോര്‍ച്ച്
- റേഡിയോ
- 500 ml വെള്ളം
- ORS പാക്കറ്റ്
- അത്യാവശ്യം വേണ്ടുന്ന മരുന്ന്
- മുറിവിന് പുരട്ടാവുന്ന മരുന്ന്
- ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ 
- 100 ഗ്രാം കപ്പലണ്ടി
- 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം
- ചെറിയ ഒരു കത്തി
- 10 ക്ലോറിന് ടാബ്ലെറ്റ്
- ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില് ടോർച്ചിൽ ഇടാവുന്ന ബാറ്ററി
- ബാറ്ററിയും, കോൾ പ്ലാനും ചാര്ജ് ചെയ്ത ഒരു സാധാരണ മൊബൈല് ഫോണ്
- അത്യാവശ്യം കുറച്ച് പണം, ATM

3. സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയർന്ന സ്ഥലത്തു സൂക്ഷിക്കണം. 

4. വെള്ളം, വെളിച്ചം, മരുന്ന് ഉൾപ്പെടെയുള്ളവ കരുതണം.

5. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രിസമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക.

6. വെള്ളം കെട്ടിടത്തിനുള്ളിൽ കയറിയാൽ വൈദ്യുത ആഘാതം ഒഴിവാക്കാൻ മെയിൻ സ്വിച്ച് ഓഫ് ആക്കുക.

7. അടിയന്തര സഹായത്തിന് ജില്ലാ എമർജൻസി ഓപറേഷൻ സെന്റർ നമ്പർ 1077.

8. തൽസമയ മുന്നറിയിപ്പുകൾ ദുരന്ത നിവാരണ അതോറിറ്റിയുടെ ഫെയ്സ്ബുക് പേജിലുണ്ടാകും. https://www.facebook.com/KeralaStateDisasterManagementAuthorityksdma/