രാജ്യത്ത് സാധാരണക്കാരുടെ മദ്യപാനികളുടെ 'ലെവല്‍' ഉയര്‍ന്നുതുടങ്ങിയെന്നാണ് പുതിയൊരു കണക്ക് സൂചിപ്പിക്കുന്നത്. ബക്കാര്‍ഡിയുടെ ഉപയോഗത്തില്‍ ലോകത്തില്‍ മൂന്നാംസ്ഥാനത്തായിരുന്ന ഇന്ത്യ ഇതാ ഇപ്പോള്‍ രണ്ടാം സ്ഥാനത്തെത്തി എന്നാണ് റിപ്പോര്‍ട്ട്. 

ഇന്റര്‍നാഷണല്‍ വൈന്‍ ആന്റ് സ്പിരിറ്റ്‌സ് റിസര്‍ച്ച് (ഐഡബ്ല്യൂഎസ്ആര്‍) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുള്ളത്. ആദ്യസ്ഥാനം അമേരിക്ക തന്നെ നിലനിര്‍ത്തി. 64 ലക്ഷം പെട്ടി ബക്കാര്‍ഡിയാണത്രേ പോയ വര്‍ഷം അവിടെ ഒഴുകിയത്. 

മെക്‌സിക്കോയെ വെട്ടിച്ചാണ് രണ്ടാം ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ആകെ 17 ലക്ഷം പെട്ടി ബക്കാര്‍ഡിയാണ് ഒരു വര്‍ഷത്തിനുള്ളില്‍ വിറ്റഴിഞ്ഞത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകളില്‍ നിന്ന് ഒറ്റയടിക്ക് ഇരട്ടിയോളം വര്‍ധനവാണ് ഇന്ത്യയിലുണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

അല്‍പം കൂടി നിലവാരമുള്ള മദ്യം വാങ്ങിക്കഴിക്കുകയെന്ന സംസ്‌കാരത്തിലേക്ക് ഇന്ത്യയിലെ മദ്യപാനികള്‍ എത്തുന്നുവെന്നതിന്റെ സൂചനയാണ് പുതിയ കണക്കെന്നാണ് വിലയിരുത്തലുകള്‍. 

'നിരവധി ഉപഭോക്താക്കള്‍ വില കൂടിയ റം ഉപയോഗിക്കാന്‍ തുടങ്ങിയതായി ഞങ്ങള്‍ മനസിലാക്കുന്നു. റം മാത്രമല്ല, മറ്റ് മദ്യങ്ങളുടെ കാര്യത്തിലും ഈ മാറ്റം വ്യക്തമാണ്. മദ്യവില്‍പനയുടെ കാര്യത്തില്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ മികച്ചൊരു മാര്‍ക്കറ്റായി ഇന്ത്യ മാറിക്കഴിഞ്ഞു. ഇത് ഞങ്ങളെപ്പോലുള്ള കമ്പനികള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. പോയ വര്‍ഷം അതിന് അനുസരിച്ചുള്ള ഒരുപാട് പുതുക്കലുകള്‍ ഞങ്ങളുടെ കമ്പനിക്കകത്ത് നടന്നു. വരും വര്‍ഷവും അത്തരത്തിലുള്ള മാറ്റങ്ങള്‍ ഞങ്ങള്‍ കൊണ്ടുവരും...'- 'ബക്കാര്‍ഡി ഇന്ത്യ'യുടെ എംഡി സഞ്ജിത് രണ്‍ധവ പറയുന്നു.