വമ്പിച്ച രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ് അമേരിക്കയിപ്പോള്‍. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജോ ബൈഡനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപും തമ്മിലാണ്  കടുത്ത പോരാട്ടം നടന്നത്. ബൈഡന്‍ തന്റെ വിജയമുറപ്പിക്കുമ്പോള്‍ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സംശയങ്ങളും ചോദ്യങ്ങളുമുന്നയിച്ച് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ് ട്രംപ്. 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചൂടന്‍ ചര്‍ച്ചകള്‍ അങ്ങനെ കൊടുമ്പിരി കൊണ്ടിരിക്കെ, അമേരിക്കയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നൊരു രസകരമായ സര്‍വേ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഒരു വിഭാഗം പേര്‍ ചര്‍ച്ച ചെയ്യുന്നത്. 

രാഷ്ട്രീയവും സെക്‌സും തമ്മിലെന്താണ് ബന്ധമെന്ന് ചോദിച്ചാല്‍, പ്രത്യക്ഷത്തില്‍ അങ്ങനെ വലിയ ബന്ധമൊന്നും ഇല്ലെന്ന് പറയേണ്ടിവരും. എന്നാലോ, അതിലും ചില ഉള്‍വലിഞ്ഞിരിക്കുന്ന ഘടകങ്ങളെല്ലാമുണ്ടെന്നാണ് 'SKYN' എന്ന കമ്പനി നടത്തിയ സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 

ആളുകളുടെ ലൈംഗികാരോഗ്യം, ലൈംഗികതയുമായി ബന്ധപ്പെടുന്ന മറ്റ് വിഷയങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി 'SKYN' ഒരു സര്‍വേ നടത്തുകയുണ്ടായി. രണ്ടാഴ്ച മുമ്പാണ് ഇതിന്റെ ഫലം പുറത്തുവന്നത്. കൗതുകം ജനിപ്പിക്കുന്നൊരു വിവരം ഈ റിപ്പോര്‍ട്ടിലടങ്ങിയിരുന്നു. 

ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരാണോ, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരാണോ സെക്‌സില്‍ കൂടുതല്‍ 'ആക്ടീവ്' എന്നതായിരുന്നു വിഷയം. ഇടതുപക്ഷക്കാരും 'ലിബറലുകള്‍'ഉം ആയതിനാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരായിരിക്കും 'സെക്‌സി'ല്‍ മുന്‍പന്തിയിലെന്ന് ഏവരും കണക്കുകൂട്ടിയേക്കാം. 

എന്നാല്‍ നേരെ തിരിച്ചാണ് സര്‍വേ ഫലം. 'യാഥാസ്ഥിതികര്‍' എന്നറിയപ്പെടുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരാണത്രേ ഇക്കാര്യത്തില്‍ ഡെമോക്രാറ്റുകളെക്കാള്‍ മുമ്പില്‍. 42 ശതമാനം റിപ്പബ്ലിക്കന്‍സും മാസത്തില്‍ എട്ട് തവണയോ അതിലധികമോ സെക്‌സ് ചെയ്യുന്നുണ്ടെന്നും എന്നാല്‍ ഡെമോക്രാറ്റുകളുടെ കാര്യത്തിലെത്തുമ്പോള്‍ ഇതില്‍ 35 ശതമാനം മാത്രമേയുള്ളൂവെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. 

ലൈംഗികതയുമായി ബന്ധപ്പെട്ട ശുചിത്വം, പോണ്‍ സൈറ്റ് സന്ദര്‍ശനം, കോണ്ടം ഉപയോഗം എന്നിങ്ങനെ പല വിഷയങ്ങളിലും സര്‍വേ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സെക്‌സിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് മറ്റ് പലയിടങ്ങളിലും കല്‍പിക്കപ്പെട്ടിട്ടുള്ള രഹസ്യ സ്വഭാവം അത്രകണ്ട് അമേരിക്കയില്‍ കാണാന്‍ കഴിയാറില്ല. സാംസ്‌കാരികമായി ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയം എന്ന നിലയ്ക്ക് തന്നെയാണ് പൊതുവേ അമേരിക്കയില്‍ 'സെക്‌സ് ചര്‍ച്ചകള്‍' കണക്കിലെടുക്കാറും. 

Also Read:- 37കാരന്‍ വളര്‍ത്തു കോഴികളുമായി സെക്സിലേർപ്പെട്ടു, മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് കോടതി...