കോര്‍പറേറ്റ് മേഖലകളിലെ ജോലി, വളരെയധികം മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നതാണെന്നാണ് പൊതുവേയുള്ള കാഴ്ചപ്പാട്. അതിനാല്‍ത്തന്നെ, പലരും അത്തരം ജോലികളുപേക്ഷിച്ച് അധ്യാപനത്തിലേക്ക് തിരിയുന്നതായി കാണാറുണ്ട്. 

അധ്യാപനം സത്യത്തില്‍ അത്ര എളുപ്പമുള്ള ജോലിയാണോ? രാവിലെ പോയാല്‍ വൈകീട്ടാകുമ്പോഴേക്ക് വീട്ടിലെത്താം. പൊതുഅവധികളും, ആഘോഷാവധികളുമെല്ലാം കൃത്യമായി എടുക്കാം- അങ്ങനെ പല ഘടകങ്ങളാണ് ഒരു ജോലി എന്ന നിലയ്ക്ക് അധ്യാപനത്തെ തെരഞ്ഞെടുക്കാന്‍ കാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം അധ്യാപനം എളുപ്പമാകുമോ?

അല്ലെന്നാണ് പുതിയൊരു പഠനറിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. 'നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എജുക്കേഷണല്‍ റിസര്‍ച്ച്' നടത്തിയ പഠനമാണ് വളരെയധികം മാനസിക സമ്മര്‍ദ്ദമുള്ള തൊഴിലായി അധ്യാപനത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. അഞ്ചില്‍ ഒരു ടീച്ചര്‍ ജോലിയെച്ചൊല്ലി കടുത്ത സമ്മര്‍ദ്ദമനുഭവിക്കുന്നുവെന്നാണ് ഇവരുടെ കണ്ടെത്തല്‍. 

'ആഴ്ചാവസാനത്തെ അവധി കണക്കാക്കാതെ, വര്‍ക്കിംഗ് ആയിരിക്കുന്ന ആഴ്ച മാത്രം എടുത്താല്‍ തുടര്‍ച്ചയായി മണിക്കൂറുകളോളം നീളുന്ന ജോലിയാണ് അധ്യാപകര്‍ ചെയ്യുന്നത് എന്ന് മനസിലാക്കാനാകും. വര്‍ഷത്തില്‍ കിട്ടുന്ന അവധിയെ ഈ സമയത്തോട് ചേര്‍ത്തുനോക്കിയാല്‍ മറ്റ് മേഖലകളിലെ ജോലിയൊക്കെ പോലെ തന്ന വിഷമതയുള്ളതാണ് അധ്യാപനവും എന്ന് പറയേണ്ടിവരും. 41 ശതമാനം അധ്യാപകരും അവരുടെ തൊഴിലില്‍ അസംതൃപ്തി നേരിടുന്നുണ്ട്..'- റിപ്പോര്‍ട്ട് പറയുന്നു. 

സ്‌കൂളിലോ, കോളേജിലോ പഠിപ്പിക്കുന്ന ഏത് സ്ഥാപനത്തിലോ, ആ സമയത്തിലോ ഒതുങ്ങുന്ന ജോലിയല്ല തങ്ങളുടേതെന്നും വീട്ടില്‍ വന്നാല്‍പ്പോലും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടിവരുന്നത് പലപ്പോഴും വലിയ രീതിയില്‍ കുടുംബജീവിതത്തെയും വ്യക്തിജീവിതത്തെയും പ്രതികൂലമായി ബാധിക്കാറുണ്ടെന്നും റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തി അധ്യാപകര്‍ പ്രതികരിച്ചു. ശരിയാംവണ്ണം ഭക്ഷണം കഴിക്കാനാകിതിരിക്കുക, ഉറക്കം നഷ്ടപ്പെടുക, ഇതുമൂലം ശാരീരികവും മാനസികവുമായ വിഷമതകള്‍ നേരിടുക- ഇതെല്ലാം അധ്യാപകര്‍ക്കിടയില്‍ അപൂര്‍വ്വമല്ലാത്ത അവസ്ഥയാണെന്നും ഇവര്‍ പറയുന്നു.