മിക്കവാറും കുട്ടികള്‍ക്കും സ്‌കൂളില്‍ പോകാന്‍ തുടങ്ങുന്ന കാലം അത്ര ഇഷ്ടമല്ല. വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നതിന്റെയോ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാത്തതോ ഒക്കെയാകാം ഇതിന് കാരണം. 

എന്നാല്‍ സ്‌കൂള്‍ സമയത്തോട് വിരോധം തോന്നാന്‍ വേറെയുമൊരു ജൈവികമായ കാരണമുണ്ടെന്നാണ് ഗവേഷകനും പ്രൊഫസറുമായ ജോര്‍ജ്ജ് ലാന്‍ഡ് പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ നടത്തിയൊരു പരീക്ഷണത്തിന്റെ ഫലം മുന്‍നിര്‍ത്തിയാണ് ലാന്‍ഡ് ഇക്കാര്യം വിശദീകരിക്കുന്നത്.

ഗവേഷകനായ ബെത്ത് ജര്‍മാനുമായി സഹകരിച്ചാണ് ലാന്‍ഡ് 'ക്രിയേറ്റിവിറ്റി ടെസ്റ്റ്' എന്ന പേരില്‍ കുട്ടികളില്‍ പരീക്ഷണം നടത്തിയത്. വര്‍ഷങ്ങളോളം നീണ്ട ഒരു പഠനമായിരുന്നു അത്. അമ്പരപ്പിക്കുന്നതായിരുന്നു അതിന്റെ ഫലങ്ങളെന്ന് ലാന്‍ഡ് ഓര്‍മ്മിക്കുന്നു. മൂന്ന് മുതല്‍ അഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികളില്‍ 98 ശതമാനവും ജന്മനാ ക്രിയാത്മകമായ കഴിവുകളുള്ളവരാണെന്ന് ഇവര്‍ കണ്ടെത്തി. 

എന്നാല്‍ ഇതേ കുട്ടികളെ അവരുടെ പത്താം വയസില്‍ വീണ്ടും ഇവര്‍ പഠനവിധേയമാക്കി. അത്ഭുതം, അവരില്‍ 30 ശതമാനം പേരില്‍ മാത്രമാണ് ക്രിയാത്മകമായ കഴിവുകള്‍ അവശേഷിച്ചിരുന്നുള്ളൂ. 15 വയസായപ്പോള്‍ ഇവരില്‍ 12 ശതമാനം പേര്‍ക്ക് മാത്രമേ ക്രിയാത്മകമായ കഴിവുകളുള്ളതായി കണ്ടെത്തിയുള്ളൂ. 15 വയസും കടന്ന് മുതിര്‍ന്നവര്‍ എന്ന ഘട്ടത്തിലേക്ക് കടക്കുമ്പോഴേക്ക് ഇതിന്റെ അളവ് വീണ്ടും കുറഞ്ഞുവരുന്നതായും പഠനം കണ്ടെത്തി. ഏറ്റവും അവസാനമായി പരിശോധിക്കുമ്പോള്‍ ഇവരില്‍ കേവലം രണ്ട് ശതമാനത്തില്‍ മാത്രമേ ക്രിയാത്മകമായ കഴിവുകള്‍ അവശേഷിക്കുന്നതായി കണ്ടെത്തിയുള്ളൂ. 

ഇതിന് ലാവന്‍ഡ് കണ്ടെത്തിയ കാരണം, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു. സ്‌കൂളില്‍ പോകാന്‍ തുടങ്ങുന്നതോടെ കുട്ടികളില്‍ ജന്മനാ ഉണ്ടായിരിക്കുന്ന കഴിവുകള്‍ ഇല്ലാതാവുകയാണത്രേ ചെയ്യുന്നത്. ജൈവികമായി ഒരാളിലുള്ള കഴഇവുകളെ അടിച്ചമര്‍ത്തി, സാമൂഹികമായി അംഗീകരിക്കപ്പെടുന്ന കഴിവുകള്‍ മാത്രം അവരില്‍ അടിച്ചേല്‍പ്പിക്കാനാണ് സ്‌കൂളുകള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. 

അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും മിക്കവാറും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകുന്നതിനോട് ഇഷ്ടക്കുറവുണ്ടായിരിക്കും. യഥാര്‍ത്ഥത്തില്‍ ഈ അപകടം തിരിച്ചറിയുന്നത് പോലും അവര്‍ മാത്രമാണെന്നാണ് ലാന്‍ഡ് അഭിപ്രായപ്പെടുന്നത്. അടുത്തിടെ നടന്ന ഒരു ചര്‍ച്ചയിലാണ് ലാന്‍ഡ് തന്റെ പഴയ പരീക്ഷണത്തിന്റെ കഥ പങ്കുവച്ചത്. 

ഇതിന്റെ കൃത്യതയെക്കുറിച്ച് ചോദിച്ചവരോട് അദ്ദേഹം മറ്റൊരനുഭവം കൂടി പങ്കുവച്ചു. അതായത് നാസ, നിസ, നിലവാരമുള്ള ശാസ്ത്രജ്ഞന്മാരെയും എഞ്ചിനീയര്‍മാരെയും കണ്ടെത്താനായി ലാന്‍ഡിന്റെ 'ക്രിയേറ്റിവിറ്റി ടെസ്റ്റ്' ആശ്രയിച്ചിട്ടുണ്ടത്രേ. അന്ന് അത് വമ്പിച്ച വിജയമായിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു.