നമ്മുടെ മാതൃഭാഷ മലയാളമാണ്. പക്ഷേ കേരളത്തില്‍ തന്നെ ഓരോ സ്ഥലങ്ങളിലേയും മലയാളം വെവ്വേറെയാണ്. കാസര്‍കോഡ് പറയുന്ന മലയാളമല്ല, തിരുവനന്തപുരത്തേത്. അല്ലെങ്കില്‍ കോട്ടയത്തെ മലയാളമല്ല കൊച്ചിയിലേത്. എന്തിനധികം, ഓരോ ജില്ലയിലേയും ഭാഷാവ്യത്യാസങ്ങള്‍ എത്ര ശ്രദ്ധേയമാണ്. 

ഭാഷയിലെ ഈ പ്രാദേശികത, മൃഗങ്ങള്‍ക്കിടയില്‍ കാണുമോ? എപ്പോഴെങ്കിലും ഇങ്ങനെയൊരു ചിന്ത നിങ്ങളുടെ മനസില്‍ വന്നിട്ടുണ്ടോ? 

എന്തായാലും കുരങ്ങുകള്‍ക്കിടയില്‍ അങ്ങനെ ഭാഷാവ്യത്യാസങ്ങളുണ്ടെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. നീ തെക്കനല്ലേ, നീയത് പറയുമെന്ന് വടക്കുള്ള ഒരു കുരങ്ങനും, തിരിച്ച് നീ വടക്കനല്ലേയെന്ന് തെക്കുള്ള കുരങ്ങനും പറയുന്നത് ഒന്ന് സങ്കല്‍പിച്ച് നോക്കൂ.

സംസാരരീതിയില്‍ വ്യത്യാസമുണ്ടെന്ന് മാത്രമല്ല ഇത്തരത്തില്‍ സാമൂഹികമായി അതെപ്പറ്റി ബോധ്യമുണ്ടാവുകയും അതില്‍ മനുഷ്യരെപ്പോലെ തന്നെ വാഗ്വാദങ്ങളും ചര്‍ച്ചകളും കുരങ്ങുകള്‍ക്കുടമിടയിലുണ്ടെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. 

സ്വിറ്റ്‌സര്‍ലാന്‍ഡിലെ 'സൂരിക് യൂണിവേഴ്‌സിറ്റി'യില്‍ നിന്നുള്ള ഗവേഷകരാണ് രസകരമായ ഈ പഠനത്തിന് പിന്നില്‍. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കുടിയേറിപ്പോകുമ്പോള്‍ പുതിയ സ്ഥലത്തെ ഭാഷ സ്വായത്തമാക്കുന്ന പതിവും കുരങ്ങുകള്‍ക്കുണ്ടത്രേ. 

'ശബ്ദത്തിലെ വ്യത്യാസങ്ങള്‍- വെവ്വെറെ സ്ഥലങ്ങളില്‍ ജീവിക്കുന്ന ഒരേ ഇനത്തില്‍പ്പെടുന്ന പക്ഷികളില്‍ നേരത്തേ കണ്ടെത്തിയിട്ടുണ്ട്. ചില സസ്തനികളിലും ഇത് കണ്ടെത്തിയിട്ടുണ്ട്. പാരിസ്ഥിതികമായ വ്യത്യാസം തന്നെയാണ് ഇതിലെ പ്രധാന സ്വാധീനഘടകം. ജനിതകമായ കാരണങ്ങളും ഒരു പരിധി വരെയുണ്ട്...'- പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.ജൂഡിത്ത് ബെര്‍കാര്‍ട്ട് പറയുന്നു. 

എന്തായാലും മനുഷ്യരുടെ ലോകവുമായി ജീവിലോകത്തിന് പല സാമ്യതകളുമുണ്ടെന്ന പല പഠനങ്ങളുടേയും വാദത്തെ ശരിവയ്ക്കും പോലുള്ള കണ്ടെത്തലാണ് ഇതും. മനുഷ്യരെപ്പോലെ തന്നെ സാമൂഹികജീവിതവും ബന്ധങ്ങളും പ്രാദേശികതയും ഒക്കെ അവരിലും കണ്ടുവരുന്നുവെന്ന് പല ഗവേഷകരും മുമ്പും വാദിച്ചിട്ടുണ്ട്. ഈ മേഖലയില്‍ നിരവധി പഠനങ്ങള്‍ ഇപ്പോഴും നടന്നുവരികയാണ്.