അരിപ്പൊടി മികച്ചതാണെങ്കിലും, അമിതമായാൽ ദോഷകരമാണ്.വരണ്ട ചർമ്മമുള്ളവർ പാൽപ്പാടയോ എണ്ണമയമുള്ള ചേരുവകളോ ചേർക്കാതെ ഉപയോഗിച്ചാൽ ചർമ്മം കൂടുതൽ 'ഡ്രൈ' ആവാൻ സാധ്യതയുണ്ട്…
പഴയതൊന്നും മോശമല്ല. അടുക്കളയിൽ ഒളിപ്പിച്ചുവെച്ച അരിപ്പൊടി, എങ്ങനെ ജെൻ സി-യുടെ പ്രിയപ്പെട്ട 'ഗ്ലോ അപ്പ്' കൂട്ടായി മാറി. ഫിൽട്ടറുകളും കനത്ത മേക്കപ്പും ഉപേക്ഷിച്ച്, ചർമ്മത്തിന്റെ ആരോഗ്യത്തിന് മുൻതൂക്കം നൽകുന്ന ജെൻ സി-യുടെ സ്കിൻകെയർ ഫിലോസഫിയിൽ ഏറ്റവും തിളങ്ങി നിൽക്കുന്നത് അരിപ്പൊടിയാണ്. കൊറിയൻ താരങ്ങളുടെ 'ഗ്ലാസ് സ്കിൻ' കണ്ടിട്ട് വിഷമിച്ചിരുന്നെങ്കിൽ, അതിനുള്ള ഉത്തരം നമ്മുടെ വീട്ടിലെ അരിമാവിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ബ്രാൻഡഡ് സെറങ്ങളെ വെല്ലുന്ന ഈ DIY മാജിക്കിൻ്റെ ഗുണങ്ങളും റെസിപ്പികളും ഇതാ.
ജെൻ സി-യ്ക്ക് അരിപ്പൊടിയോടാണ് പ്രിയം
അരിപ്പൊടിയിൽ അടങ്ങിയിട്ടുള്ള ചില മാന്ത്രിക ചേരുവകളാണ് ഇതിനെ ഒരു 'പവർ പാക്ക്ഡ്' ഉൽപ്പന്നമാക്കി മാറ്റുന്നത്. അരിയിൽ സ്വാഭാവികമായി അടങ്ങിയ വിറ്റാമിൻ ബി3 (നിയാസിനമൈഡ്) പാടുകൾ മായിക്കാനും, ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും സഹായിക്കും. ഇതിലെ ഫെറുലിക് ആസിഡ് സൂര്യരശ്മികളെ പ്രതിരോധിക്കാൻ കഴിവുള്ളതിനാൽ, എളുപ്പത്തിൽ ഉണ്ടാകുന്ന കരുവാളിപ്പ് മാറ്റാൻ ഇത് ഉത്തമമാണ്. കൗമാരത്തിനപ്പുറവും ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഇതിലുണ്ട്.
DIY സ്കിൻ ഗെയിം: അടിസ്ഥാന പാക്ക് തയ്യാറാക്കാം
2 ടേബിൾ സ്പൂൺ അരിപ്പൊടി എടുത്ത്, ആവശ്യത്തിന് റോസ് വാട്ടറോ അല്ലെങ്കിൽ തണുത്ത പാലോ ചേർത്ത് കട്ടയില്ലാതെ പേസ്റ്റ് രൂപത്തിലാക്കുക. ഇതാണ് എല്ലാ പാക്കുകളുടെയും അടിസ്ഥാനം.
തിളങ്ങുന്ന ചർമ്മത്തിനുള്ള അരിപ്പൊടി ഫേസ് പാക്കുകൾ;

മുഖത്തിന് ഇൻസ്റ്റന്റ് തിളക്കംനൽകാൻ ഏറ്റവും ഫലപ്രദമായ പാക്ക് കോമ്പിനേഷനുകൾ താഴെ നൽകുന്നു.
- അരിപ്പൊടി + തേൻ + പാൽ
അരിപ്പൊടിയിൽ തേനും, പാലും ചേർത്ത് കട്ടിയുള്ള മിശ്രിതം ഉണ്ടാക്കുക. ഈ കോമ്പിനേഷൻ ചർമ്മത്തിന് തിളക്കവും ആഴത്തിലുള്ള ജലാംശവും നൽകാൻ സഹായിക്കുന്നു. പാക്ക് 15 മിനിറ്റ് ശേഷം കഴുകി കളയുക.
- അരിപ്പൊടി + ഓറഞ്ച് പീൽ പൗഡർ + തൈര്
ഈ മൂന്ന് ചേരുവകളും യോജിപ്പിച്ച് പുരട്ടുന്നത് വിറ്റാമിൻ സി ധാരാളമായി നൽകുന്നു. ഇത് ചർമ്മത്തിലെ പാടുകൾ കുറയ്ക്കുകയും ഇൻസ്റ്റന്റ് ബ്രൈറ്റ്‌നെസ്സ് കൂട്ടുകയും ചെയ്യുന്നു. ഉണങ്ങുമ്പോൾ ചെറുതായി മസാജ് ചെയ്ത് കഴുകുക.
- അരിപ്പൊടി + പാൽ
അരിപ്പൊടിയിൽ പാൽ മാത്രം ചേർത്ത് നേർത്ത പാളിയായി പുരട്ടുക. പാൽ ഒരു മികച്ച ക്ലെൻസറും മോയിസ്ചറൈസറുമാണ്. ഇത് ചർമ്മത്തിന് മൃദുത്വവും തിളക്കവും നൽകാൻ സഹായിക്കുന്നു.
- അരിപ്പൊടി + പപ്പായ പൾപ്പ്
നന്നായി പഴുത്ത പപ്പായ ഉടച്ച് അരിപ്പൊടിയിൽ ചേർത്ത് പുരട്ടുക. പപ്പായയിൽ അടങ്ങിയ എൻസൈമുകൾ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് ഗ്ലോ കൂട്ടാൻ സഹായിക്കുന്നതിനാൽ ഇത് ഒരു മികച്ച എക്സ്ഫോളിയേറ്റർ പാക്ക് ആണ്.
വരണ്ട ചർമ്മത്തിന് വേണ്ടിയുള്ള മോയിസ്ചറൈസിംഗ് പാക്കുകൾ

വരണ്ട ചർമ്മത്തെ സംരക്ഷിക്കാൻ ഈ ഹൈഡ്രേറ്റിംഗ് കോമ്പിനേഷനുകൾ തിരഞ്ഞെടുക്കാം.
- അരിപ്പൊടി + പഴം + തേൻ
നന്നായി പഴുത്ത പഴം ഉടച്ച് തേനും അരിപ്പൊടിയും ചേർത്ത് കട്ടിയുള്ള പേസ്റ്റ് ആക്കുക. ഈ പാക്ക് ചർമ്മത്തിന് കട്ടിയുള്ള മോയിസ്ചറൈസിംഗ് പാളി നൽകുന്നു, ഇത് വരണ്ട ചർമ്മത്തിന് ആശ്വാസമേകും.
- അരിപ്പൊടി + അവോക്കാഡോ + ഒലിവ് ഓയിൽ
ഈ മൂന്ന് ചേരുവകളും യോജിപ്പിച്ച് 20 മിനിറ്റ് വെച്ച് കഴുകുന്നത് അതിതീവ്രമായ മോയിസ്ചറൈസേഷൻ നൽകുന്നു. ഏറ്റവും വരണ്ട ചർമ്മത്തിന് പോലും ആഴത്തിലുള്ള പോഷണം ലഭിക്കാൻ ഇത് സഹായിക്കും.
അമിത എണ്ണമയം, മുഖക്കുരു, വീക്കം എന്നിവ നിയന്ത്രിക്കാൻ

- അരിപ്പൊടി + റോസ് വാട്ടർ + മൾട്ടാണി മിട്ടി
മൂന്ന് ചേരുവകളും മിക്സ് ചെയ്യുക. ഇത് ചർമ്മത്തിലെ എണ്ണമയം വലിച്ചെടുക്കാനും സുഷിരങ്ങൾ ചെറുതാക്കാനും സഹായിക്കുന്നു. പാക്ക് ഉണങ്ങുമ്പോൾ കഴുകി കളയുക.
- അരിപ്പൊടി + ഗ്രീൻ ടീ
ഈ റെസിപ്പിയിൽ വെള്ളത്തിന് പകരം തണുപ്പിച്ച ഗ്രീൻ ടീ ഉപയോഗിച്ച് പേസ്റ്റ് ഉണ്ടാക്കുക. ഗ്രീൻ ടീയിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ ശാന്തമാക്കാനും എണ്ണമയം നിയന്ത്രിക്കാനും സഹായിക്കുന്നു.
- അരിപ്പൊടി + ആര്യവേപ്പ് പൊടി + റോസ് വാട്ടർ
മുഖക്കുരു കൂടുതൽ ഉള്ളവർക്ക് ഈ പാക്ക് ഫലപ്രദമാണ്. ആര്യവേപ്പ് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നു. ഈ പാക്ക് ആഴ്ചയിൽ രണ്ട് തവണയിൽ കൂടുതൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
പെർഫെക്റ്റ് ആപ്ലിക്കേഷൻ: ശ്രദ്ധിക്കേണ്ട 3 കാര്യങ്ങൾ
ഒരു പാക്ക് ഇടുന്നത് വെറുമൊരു ക്രീം പുരട്ടുന്നത് പോലെയല്ല.
നേർത്ത പാളിയായി പുരട്ടുവൻ ശ്രദ്ധിക്കുക. കട്ടിയുള്ള പാളി ആവശ്യമില്ല. കണ്ണിന് താഴെയുള്ള ഭാഗം ഒഴിവാക്കുന്നതാണ് നല്ലാത്.
പാക്ക് പൂർണ്ണമായും ഉണങ്ങി 'ഇറുകിപ്പിടിക്കാൻ' കാത്തുനിൽക്കരുത്. 80% ഉണങ്ങുമ്പോൾ തന്നെ മസാജ് ചെയ്ത് കഴുകുക.
പാക്ക് കഴുകിയ ഉടൻ തന്നെ നിങ്ങളുടെ ഇഷ്ടപ്പെട്ട മോയിസ്ചറൈസർ പുരട്ടുന്നത് ചർമ്മം വരളാതെയിരിക്കാൻ അത്യാവശ്യമാണ്.
അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
അരിപ്പൊടി മികച്ചതാണെങ്കിലും, അമിതമായാൽ ദോഷകരമാണ്.വരണ്ട ചർമ്മമുള്ളവർ പാൽപ്പാടയോ എണ്ണമയമുള്ള ചേരുവകളോ ചേർക്കാതെ ഉപയോഗിച്ചാൽ ചർമ്മം കൂടുതൽ 'ഡ്രൈ' ആവാൻ സാധ്യതയുണ്ട്. ആദ്യമായി ഉപയോഗിക്കുമ്പോൾ, കൈത്തണ്ടയിലോ ചെവിക്ക് പിന്നിലോ അല്പം പുരട്ടി അലർജിയില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം മുഖത്ത് ഉപയോഗിക്കുക.
ഇനി "സെറങ്ങളും ക്രീമുകളും മാറ്റിവെച്ച്, ആഴ്ചയിൽ രണ്ട് തവണയെങ്കിലും അരിപ്പൊടിക്ക് അവസരം നൽകു.


