ഭാരമേറിയ കമ്മലുകളും വലിയ ടോപ്പുകളും ഫാഷൻ ലോകത്ത് എന്നും പ്രിയപ്പെട്ടവയാണ്. എന്നാൽ മനോഹരമായ ഈ വലിയ കമ്മലുകൾ സ്ഥിരമായി ഉപയോഗിക്കുന്നത് കാത് തൂങ്ങുന്നതിനും ചെവിയുടെ ചർമ്മം വലിഞ്ഞ് കീറുന്നതിനും കാരണമാകാറുണ്ട്. 

മാക്സിമലിസ്റ്റ് ഫാഷന്റെയും വൈബ്രന്റ് സ്റ്റൈലുകളുടെയും കാലമാണിത്. ജെൻ സി ഫാഷനിൽ ഇന്ന് വലിയ ചങ്കി ഇയർറിംഗുകളും (Chunky Earrings), വിന്റേജ് ഹൂപ്പുകളും വലിയ സ്റ്റേറ്റ്‌മെന്റ് പീസുകളും ഒഴിവാക്കാനാവാത്തതാണ്. എന്നാൽ ഈ കൂറ്റൻ കമ്മലുകൾ കുറച്ചു നേരം കഴിയുമ്പോൾ കാത് വലിഞ്ഞു കീറുന്ന വേദന നൽകുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ കാതുകളുടെ ഹെൽത്ത് കളയാതെ തന്നെ എങ്ങനെ ട്രെൻഡി ആകാം എന്ന് നോക്കാം.

1. സപ്പോർട്ട് പാച്ചുകൾ ഒരു ലൈഫ് സേവർ ആണ്

നിങ്ങൾ ഒരു ഹെവി ജിമിക്കിയോ മെറ്റൽ ഇയർറിംഗോ ആണ് ധരിക്കുന്നതെങ്കിൽ തീർച്ചയായും 'Ear lobe support patches' ഉപയോഗിക്കുക. കാതിന് പിന്നിൽ ഒട്ടിക്കാവുന്ന ഈ ചെറിയ സുതാര്യമായ സ്റ്റിക്കറുകൾ കമ്മലിന്റെ ഭാരം മുഴുവൻ ഏറ്റെടുക്കും. ഇത് നിങ്ങളുടെ കാതിലെ സുഷിരം വലിഞ്ഞ് താഴുന്നത് തടയുന്നു.

2. ഭാരമില്ലാത്ത 'ബിഗ്' ഓപ്ഷനുകൾ

വലുപ്പമുള്ള കമ്മൽ എന്നാൽ ഭാരമുള്ളതാകണം എന്ന് നിർബന്ധമില്ല. ഇന്ന് അക്രിലിക്, ക്ലേ , റെസിൻ, ഫാബ്രിക് എന്നിവയിൽ നിർമ്മിച്ച വമ്പൻ കമ്മലുകൾ ലഭ്യമാണ്. ഇവ കാണാൻ നല്ല ബോൾഡ് ലുക്ക് നൽകുമെങ്കിലും ഭാരം തീരെ കുറവായിരിക്കും. പ്ലാസ്റ്റിക് സ്റ്റഡുകളുള്ള ലൈറ്റ് വെയ്റ്റ് ഹൂപ്പുകൾ തിരഞ്ഞെടുക്കുന്നത് ലോങ് ട്രാവലുകൾക്കും പാർട്ടികൾക്കും ബെസ്റ്റ് ആണ്.

3. ഇയർ ചെയിനുകളും കഫുകളും

ട്രെഡീഷണൽ ലുക്കിനൊപ്പം ഒരു എഡ്ജി വൈബ് വേണമെങ്കിൽ മാറ്റിനി അഥവാ ഇയർ ചെയിനുകൾ പരീക്ഷിക്കാം. ഇത് കമ്മലിന്റെ ഭാരത്തെ ചെവിയുടെ മുകൾ ഭാഗത്തേക്ക് കൂടി ഷിഫ്റ്റ് ചെയ്യുന്നു. അതുപോലെ, കാത് തുളയ്ക്കാതെ തന്നെ ഉപയോഗിക്കാവുന്ന 'ഇയർ കഫുകൾ' (Ear Cuffs) വലിയ കമ്മലുകൾക്കൊപ്പം മിക്സ് ചെയ്ത് ഉപയോഗിക്കുന്നത് കാതിലെ പ്രഷർ കുറയ്ക്കാൻ സഹായിക്കും.

4. ടേപ്പ് ട്രിക്ക്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായ ഒരു ഹാക്ക് ആണിത്. കമ്മലിന്റെ ബാക്ക് പിൻ അല്പം കട്ടിയുള്ളതാണെങ്കിൽ അത് ചർമ്മത്തിൽ ഉരയാതിരിക്കാൻ ചെറിയ സർജിക്കൽ ടേപ്പ് കമ്മലിന്റെ സ്റ്റെമ്മിൽ ചുറ്റുന്നത് വേദന കുറയ്ക്കാൻ സഹായിക്കുമെന്ന് പല ഫാഷൻ ഇൻഫ്ലുവൻസർമാരും സാക്ഷ്യപ്പെടുത്തുന്നു.

5. ഡിറ്റോക്സ് യുവർ ഇയേഴ്സ്

ദിവസം മുഴുവൻ വലിയ കമ്മലുകൾ ധരിച്ച ശേഷം വീട്ടിലെത്തിയാൽ ഉടൻ അവ മാറ്റുക. കാതുകൾക്ക് 'ബ്രീത്തിംഗ് ടൈം' നൽകേണ്ടത് അത്യാവശ്യമാണ്. ആഴ്ചയിലൊരിക്കൽ കുറഞ്ഞത് 24 മണിക്കൂർ നേരമെങ്കിലും കമ്മലുകൾ ഒഴിവാക്കി കാത് ഫ്രീ ആയി വിടുക. കിടക്കുന്നതിന് മുൻപ് ഇത്തിരി മോയ്സ്ചറൈസറോ ഓയിലോ ഉപയോഗിച്ച് കാത് മസാജ് ചെയ്യാൻ മറക്കരുത്.

ഫാഷൻ എന്നത് കംഫർട്ട് കൂടി ചേരുമ്പോഴാണ് പെർഫെക്റ്റ് ആകുന്നത്. നിങ്ങളുടെ പ്രിയപ്പെട്ട വലിയ കമ്മലുകൾ ഇനി പേടി കൂടാതെ അണിയാം.