സാധാരണഗതിയില്‍ വളര്‍ത്തുപട്ടികള്‍ എന്ന് പറയുമ്പോള്‍ ഉടമസ്ഥനോടും അയാളുടെ വീട്ടുകാരോടുമെല്ലാം നല്ല തരത്തിലുള്ള ബന്ധം സൂക്ഷിക്കുന്ന, അവരുമായി സ്‌നേഹത്തിലും ചങ്ങാത്തത്തിലുമെല്ലാം തുടരുന്നവരാണ്. അത്തരം 'പെറ്റ് ഡോഗ്‌സി'നെയാണ് നമ്മള്‍ അധികവും കാണാറുള്ളതും. എന്നാല്‍ ഇങ്ങനെയൊന്നുമല്ലാതെ അല്‍പം പ്രശ്‌നക്കാരായ ചിലയിനം വളര്‍ത്തുപട്ടികളും ഉണ്ട്. 

ഇക്കൂട്ടത്തില്‍ പെടുന്നവയാണ് 'റോട്ട്‍വീലര്‍' എന്നറിയപ്പെടുന്ന ഇനം. മുമ്പ് കേരളത്തില്‍ തന്നെ ഈ ഇനത്തില്‍ പെട്ട പട്ടിയുടെ കടിയേറ്റ് വൃദ്ധ മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പട്ടികളെ വളര്‍ത്തുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഉടമസ്ഥനായ ഒരാളോട് മാത്രം കൂറ് പുലര്‍ത്തുകയും മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുകയും ചെയ്യുന്ന സ്വഭാവക്കാരാണേ്രത ഇവ. 

ചില സന്ദര്‍ഭങ്ങളില്‍ ഉടമസ്ഥനെതിരെ തന്നെയും ഇവ തിരിയും. അത്തരമൊരു സംഭവമാണ് ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്നും പുറത്തുവരുന്നത്. തന്റെ വളര്‍ത്തുപട്ടിയുടെ ആക്രമണത്തില്‍ അമ്പത്തിയൊമ്പതുകാരന്‍ വീട്ടനകത്ത് വച്ച് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. റൂം മേറ്റായ ബ്രോഡി ഗാര്‍ഡ്‌നര്‍ എന്ന സുഹൃത്തുമായി എന്തോ കാര്യത്തിന് വഴക്കുകൂടുകയായിരുന്നു ഡേവ് വിറ്റ്‌നി. 

ഇതിനിടെയാണത്രേ പട്ടിയുടെ ആക്രമണമുണ്ടായത്. എന്തുകൊണ്ടാണ് ഇത് ആക്രമിക്കുന്ന മാനസികാവസ്ഥയിലേക്ക് എത്തിയത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്നാല്‍ മുമ്പ് പല തവണയും കോളനിയിലെ കുട്ടികളെ ഈ പട്ടി ആക്രമിച്ചിരുന്നതായും, വിറ്റ്‌നിയേയും സുഹൃത്തിനേയും തന്നെ ആക്രമിച്ചതായും അയല്‍പക്കക്കാര്‍ പൊലീസിനോട് പറഞ്ഞു. 

കുട്ടികളെ പട്ടി ആക്രമിച്ചതിന്റെ പേരില്‍ തങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും പട്ടിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്ന വിറ്റ്‌നിയും സുഹൃത്തും മുമ്പ് മൂന്ന് ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ പറഞ്ഞുവച്ച സംഭവങ്ങളില്‍ നിന്ന് പട്ടി നേരത്തേ മുതല്‍ക്ക് തന്നെ ഉടമസ്ഥന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അക്രമവാസന വച്ചുപുലര്‍ത്തിയിരുന്നു എന്നതാണ് മനസിലാക്കാനാകുന്നതെന്ന് പൊലീസ് പറയുന്നു. 

ഗുരുതരമായി പരിക്കേറ്റ വിറ്റ്‌നി എമര്‍ജന്‍സി സര്‍വീസില്‍ നിന്നുള്ള മെഡിക്കല്‍ സംഘം എത്തിയപ്പോഴേക്ക് മരിച്ചിരുന്നു. വളരെ ദാരുണമായ തരത്തിലായിരുന്നു വിറ്റ്‌നിയുടെ അന്ത്യം സംഭവിച്ചതെന്നും തങ്ങള്‍ക്ക് ഒന്നും ചെയ്യാനുള്ള അവസരം പോലും ലഭിച്ചില്ലെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കുന്നു. വിറ്റ്‌നിയുടെ സുഹൃത്ത് ഗാര്‍ഡ്‌നര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ പരിക്കുകള്‍ സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ടുകളിലെ സൂചന. 

ധാരാളം പേര്‍ വീട്ടാവശ്യങ്ങള്‍ക്കായി വളര്‍ത്തുന്ന ഇനമാണ് 'റോട്ട്‍വീലര്‍'. അതിനാല്‍ തന്നെ വിറ്റ്‌നിക്കുണ്ടായ ദുരവസ്ഥ വ്യാപകമായ തരത്തിലാണ് ശ്രദ്ധ നേടുന്നത്. ഇത്തരം പട്ടികളെ വളര്‍ത്തുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് വീണ്ടും ഓര്‍മ്മിപ്പിക്കുക കൂടിയാണ് ഈ സംഭവം.

Also Read:- ഉടമസ്ഥയായ സ്ത്രീ മരിച്ചു, സങ്കടം സഹിക്കാനാവാതെ വളർത്തുപട്ടി നാലാം നിലയിൽ നിന്ന് ചാടി മരിച്ചു...