രാജ്യത്തെ ഏറ്റവും മികച്ച ടീച്ചർക്കുള്ള അവാർഡ് വാങ്ങുക എന്നത് ഏതൊരു ടീച്ചറുടെയും സ്വപ്നമാണ്. എന്നാൽ ആ അവാർഡിന് കിട്ടുന്ന ശിൽപം കുറച്ച് വിചിത്രമായ ആകൃതിയിലുള്ളതാണെങ്കിലോ? റഷ്യയിലാണ് അത്തരത്തിൽ ഒരു സംഭവം നടന്നത്.

കഴിഞ്ഞ ദിവസം, റഷ്യയിലെ സാഖലിനിൽ മികച്ച അധ്യാപകർക്കുള്ള അവാർഡ് വിതരണം ചെയ്യാൻ നടന്ന ചടങ്ങിൽ ഈ ഗ്ലാസ്  ശിൽപം അതിന്റെ വിചിത്രമായ ആകൃതി കൊണ്ട് ഒരുപാടുപേരുടെ ശ്രദ്ധ ആകർഷിച്ചു. ഈ അവാർഡിന്റെ ചരിത്രത്തിലെ ഒരു ചടങ്ങാണ് അവാർഡ് കിട്ടിയ ആളിന്റെ കയ്യിൽ ഇരിക്കുന്ന ശില്പത്തെ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട മറ്റുള്ള അധ്യാപകർ വന്നു തൊട്ടു തഴുകിയിട്ട് കടന്നു പോവുക എന്നത്. അത് ഇവിടെ നടന്നപ്പോൾ, ഒന്നിന് പിന്നാലെ ഒന്നായി, ചടങ്ങിൽ സംബന്ധിച്ച നാമനിർദേശം ചെയ്യപ്പെട്ട മറ്റുള്ള അധ്യാപകർ ഈ ഗ്ലാസ് ട്രോഫിയെ വന്നു തഴുകി കടന്നു പോയപ്പോൾ, പലരും നെറ്റിചുളിക്കുന്നുണ്ടായിരുന്നു. ചടങ്ങിന്റെ വീഡിയോ പ്രമുഖരിൽ പലരും പങ്കുവെക്കുകയും അത്  വൈറൽ ആവുകയും ചെയ്തു. 

പ്രസിദ്ധ ടിവി ഹോസ്റ്റ് സെർജി മിനായെവ്‌ അവാർഡ് ദാനത്തിന്റെ വീഡിയോ പങ്കിട്ടത് ഇത് കണ്ടിട്ട് ഏതോ പോൺസൈറ്റുകാർ നൽകിയ അവാർഡുപോലെ ഉണ്ടെന്ന കാപ്ഷ്യനോടെയാണ്.

 

ഇന്ത്യയുടെ ഒഎൻജിസി വിദേശ് ലിമിറ്റഡ്, റഷ്യൻ ദേശീയ എണ്ണ പര്യവേക്ഷണ കമ്പനി റോസ് നെഫ്റ്റ്, എക്സൺ മൊബീൽ എന്നിങ്ങനെ പല ഓയിൽ ആൻഡ് ഗ്യാസ് സെക്ടർ സ്ഥാപനങ്ങൾ ചേർന്നാണ് ഈ അവാർഡ് സ്പോൺസർ ചെയ്തിട്ടുള്ളത്. ഇത് ഒരു സ്ഫടികത്തിൽ തീർത്ത പെലിക്കൻ അഥവാ ഞാറക്കൊക്കാണ് എന്നാണ് സമ്മാനം നൽകിയവർ പറയുന്നത്. ഈ സ്ഫടിക കൊക്കിനു പുറമെ ലണ്ടനിൽ പോയി ഇംഗ്ലീഷ് പഠനം പൂർത്തിയാക്കാനുള്ള ഒരു ഓൾ എക്സ്പെൻസ്‌ പെയ്ഡ് സ്‌കോളർഷിപ്പും കമ്പനികളുടെ വക പുരസ്‌കാരത്തിന് അർഹയായി ഐറിന ടീച്ചർക്ക് കിട്ടും.