എപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന സെലിബ്രിറ്റി കുട്ടിയാണ് സെയ്ഫ് അലിഖാന്‍റെയും കരീനയുടെയും മകനായ തൈമൂര്‍. തൈമൂര്‍ ജനിച്ച അന്ന് മുതല്‍ അവന്‍റെ പിന്നാലെ ക്യാമറകണ്ണുകളുണ്ട്. തൈമൂറിന്‍റെ ഓരോ ചലനവും ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കാറുണ്ട്. തൈമൂറിന്‍റെ ഫോട്ടോകളെല്ലാം സാമൂഹ്യമാധ്യമത്തില്‍ വൈറലുമാണ്. അത്രമാത്രം ആരാധകരാണ് തൈമൂറിന്. 

എന്നാല്‍  മകന്‍റെ പിന്നാലെ പാപ്പരാസികള്‍ നടക്കുന്നതില്‍ പലപ്പോഴും താരദമ്പതികള്‍ അസ്വസ്ഥത പരസ്യമായി പ്രകടിപ്പിക്കാറുമുണ്ട്. ഇപ്പോള്‍ അതിരുവിട്ട് പൊട്ടിത്തെറിച്ചിരിക്കുകയാണ് സെയ്ഫ്. 'എന്‍റെ വീടിന്‍റെ മുന്നില്‍ നിന്ന് പോകൂ' എന്ന് മാധ്യമപ്രവര്‍ത്തകരോട് സെയ്ഫ് പറയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ആദ്യമായാണ് സെയ്ഫ് ഇത്തരത്തില്‍ പ്രതികരിക്കുന്നത്. 

മുംബൈയിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. പിന്നീട് തൈമൂറിനെ തോളിലേറ്റിയെത്തിയ സെയ്ഫ് വീടിന് മുന്നില്‍ നില്‍ക്കുന്നവരോട് ഇവിടം വിട്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. അപ്പോഴും ക്യാമറകളെ നോക്കി കൈവീശുന്ന തൈമൂറിനെയും വീഡിയോയില്‍ കാണാം.