ഛണ്ഡീഗഢ്: അതിശക്തമായ ശൈത്യത്തെത്തുടര്‍ന്ന് ഹരിയാനയില്‍ ജനജീവിതം ദുസ്സഹമായി തുടരുന്നു. പകല്‍സമയങ്ങളില്‍ പോലും പലയിടങ്ങളും തണുത്ത് മരവിച്ചുപോകുന്ന അവസ്ഥയായതിനാല്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് സര്‍ക്കാര്‍ തീരുമാനം.

ഇതിന് പുറമെ ജനുവരി ഒന്ന് മുതല്‍ 15 വരെയുള്ള സമയം ശൈത്യകാല അവധിയായി പ്രഖ്യാപിച്ച് സ്‌കൂളുകള്‍ അടച്ചിടാനാണ് തീരുമാനം.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹരിയാനയുടെ വടക്കന്‍ പ്രദേശങ്ങളില്‍ സമാനമായ അവസ്ഥ തുടരുകയാണ്. 10 മുതല്‍ 13 ഡിഗ്രി സെല്‍ഷ്യസ് വരെയൊക്കെയാണ് പകല്‍നേരങ്ങളിലെ താപനിലയെത്തുന്നത്. രാത്രിയാകുമ്പോള്‍ സ്ഥിതി കൂടുതല്‍ ദുസ്സഹമാകുന്നു. ഇനി അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി കഠിനമായ ശൈത്യതരംഗം തുടരുമെന്നാണ് കാലാവസ്ഥാവിഭാഗം അറിയിക്കുന്നത്.