ഇന്റര്‍നെറ്റ് തുറന്നാല്‍ വൈറല്‍ വീഡിയോകളുടെ ബഹളമാണ്. എന്തെങ്കിലും പുതുമകളോ വ്യത്യസ്തതകളോ ഒക്കെയായിരിക്കും ഓരോ വീഡിയോയും വൈറലാകാന്‍ കാരണമാകുന്നത്. എന്നാല്‍, ഇപ്പോള്‍ ട്വറ്ററില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ഉണ്ട്. 

കാഴ്ചയില്‍ മറ്റ് പ്രത്യേകതകളൊന്നുമില്ലാത്ത തീരെ ചെറിയൊരു സെല്‍ഫി വീഡിയോ ആണ് സംഗതി. ചുമ്മാ പാട്ടും മൂളിക്കൊണ്ട് തന്റെ ചെമ്മരിയാട്ടിന്‍ കൂട്ടത്തെ തെളിച്ച് മുന്നില്‍ നടന്നുപോകുന്ന ഒരു ആട്ടിടയനാണ് വീഡിയോയിലെ ഹീറോ. അത്ര മാത്രമേ ആ വീഡിയോയിലുള്ളൂ. എന്നിട്ടും ഒന്നര ലക്ഷം പേര്‍ ഈ വീഡിയോ കണ്ടു. നൂറുകണക്കിന് പേര്‍ ഇത് റീട്വീറ്റ് ചെയ്തു. നിരവധി പേര്‍ കമന്റുകളുമായി എത്തി. 

എന്തുകൊണ്ടായിരിക്കും ഇത്രയും ചെറിയ- ലളിതമായൊരു വീഡിയോയ്ക്ക് ഇങ്ങനെയൊരു സ്വീകാര്യത കിട്ടാന്‍ കാരണം? ഇതിനുത്തരവും സോഷ്യല്‍ മീഡിയ തന്നെ പറയും.

തൊണ്ണൂറുകളിലെ ഹിറ്റുകളിലൊന്നായ 'ഇന്‍കോ ഹം ലേ കെ ചലേ ഹേ...' എന്ന് തുടങ്ങുന്ന പാട്ട് മൂളിക്കൊണ്ടാണ് ചെമ്മരിയാടുകളെ തെളിച്ച് ആട്ടിടയന്‍ മുന്നില്‍ നടക്കുന്നത്. 'ഞാനിവരേയും കൊണ്ട് എന്റെ പട്ടണത്തിലേക്ക് നടക്കുകയാണ്...' എന്നര്‍ത്ഥം വരുന്ന വരികള്‍ സന്ദര്‍ഭത്തിന് അനുയോജ്യമായി തെരഞ്ഞെടുത്ത് പാടിയ അദ്ദേഹം ചില്ലറക്കാരനല്ലെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. 

മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടുന്ന പ്രത്യേകത അദ്ദേഹത്തിന്റെ ചുണ്ട് അനങ്ങുന്നതിന്റേയും പാട്ടിന്റേയും സമയത്തിലുള്ള കൃത്യതയാണ്. പാട്ടിനിടയ്ക്കുള്ള ചിരി അനുകരിച്ചതാണ് 'കിടിലന്‍' ആയതെന്ന് മറ്റൊരു വിഭാഗം. ഇങ്ങനെ പല കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വ്യാപകമായി വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നത്. 

പ്രത്യഷ രാധ് എന്ന ഐഡിയില്‍ നിന്നാണ് ആദ്യം വീഡിയോ ട്വീറ്റ് ചെയ്തത്. വീഡിയോയില്‍ കാണുന്ന ആട്ടിടയന്റെ പേരോ, നാടോ ഒന്നും ഇതുവരെയും വ്യക്തമായിട്ടില്ല. 

വീഡിയോ കാണാം...