റോളംഗ് ഗാരോസിലെ ടെന്നീസ് കോര്‍ട്ടില്‍ ഒരു സീബ്രയെ പോലെ ചാടികളിച്ച് സെറീന വില്യംസ്. എന്താ കായിക താരങ്ങള്‍ക്ക് ഫാഷനാകാന്‍ പാടില്ല എന്നുണ്ടോ? തന്‍റേതായ ഫാഷന്‍ സെന്‍സുളള ഒരു ടെന്നീസ് താരമാണ് സെറീന വില്യംസ്. വിവാദങ്ങള്‍ പുറകെയുണ്ടെങ്കിലും ഇത്തവണയും തന്‍റെ ഫാഷന്‍ മാര്‍ക്ക് കാണിക്കാന്‍  സെറീന മറന്നില്ല.

സീബ്ര ഡിസൈനുളള വസ്ത്രം ധരിച്ചാണ് സെറീന വില്യംസ് തിങ്കളാഴ്ച നടന്ന ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്‍റിന്‍റെ  ആദ്യ റൗണ്ടില്‍ റഷ്യന്‍ വിതാലിയ ഡിയാചെങ്കോക്കെതിരെ മത്സരിക്കാനിറങ്ങിയത്. കറുപ്പും വെള്ളയും ചേര്‍ന്ന വസ്ത്രത്തില്‍ ആരാധകരെ ആകര്‍ഷിക്കുകയായിരുന്നു സെറീന. ഡിസൈനര്‍ വിര്‍ജില്‍ ആല്‍ബോ തയാറാക്കിയ വസ്ത്രത്തില്‍ അമ്മ, വിജയി, രാജ്ഞി എന്നര്‍ഥമാക്കുന്ന ഫ്രഞ്ച് വാക്കുകള്‍ പ്രിന്‍റ് ചെയ്തിരുന്നു.

സെറീന തന്നെ തന്‍റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും പങ്കുവെക്കുകയും ചെയ്തു. വസ്ത്രത്തിലെ കോണ്‍ഫിഡന്‍സ് സെറീനയുടെ കളിയിലുമുണ്ടായിരുന്നു. റഷ്യന്‍താരം വിതാലിയയെ തോല്‍പിച്ച് സെറീന വില്യംസും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

 

 
 
 
 
 
 
 
 
 
 
 
 
 

Let the Roland Garros begin. Here is my French Open look designed by @virgilabloh and @nike.

A post shared by Serena Williams (@serenawilliams) on May 26, 2019 at 6:00am PDT

 

അതേസമയം, മുന്‍പ് ഫ്രഞ്ച് ഓപ്പണില്‍ സെറീന ധരിച്ച വസ്ത്രത്തിനെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇറുകിയ വസ്ത്രം ധരിച്ച് കോര്‍ട്ടിലറങ്ങിയ താരത്തിനെ ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ വിലക്കിയിരുന്നു. സെറീന വില്യംസ് ധരിച്ച ബ്ലാക് പാന്തര്‍ ക്യാറ്റ് സ്യൂട്ട് അടുത്ത സീസണ്‍ മുതല്‍ ധരിക്കാനാവില്ലെന്നാണ് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ അറിയിച്ചത്. 

സെറീന ധരിച്ച ബ്ലാക് സ്യൂട്ട് പരിധികള്‍ ലംഘിക്കുന്നതാണെന്ന് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ പ്രസിഡന്‍റ് ബെര്‍ണാഡ് ഗ്യൂഡിസെല്ലി വ്യക്തമാക്കി. ടെന്നീസ് എന്ന കളിയെ ബഹുമാനിക്കണമെന്നും മാന്യമായ വസ്ത്രം ധരിക്കണമെന്നുമാണ് ഫെഡറേഷന്‍ പ്രസിഡന്‍റ് ബെര്‍ണാഡ് താരത്തിന് നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം  പുത്തന്‍ ഫാഷന്‍ നമ്പറുകളൊടൊപ്പം താരം കരിയറിലെ 800-ാം വിജയമായി ടൂര്‍ണമെന്‍റിന്‍റെ ആദ്യ റൗണ്ട് പിന്നിട്ടിരിക്കുകയാണ്.