Asianet News MalayalamAsianet News Malayalam

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ഭീകരനായ സീരിയല്‍ കില്ലര്‍ക്ക് ജയിലിൽ അന്ത്യം

കുടുംബങ്ങളില്‍ നിന്നും സാമൂഹികജീവിതത്തില്‍ നിന്നുമെല്ലാം മാറി, ജീവിക്കുന്ന സ്ത്രീകളാണ് അധികവും സാമുവലിന്റെ രക്തവെറിക്ക് ഇരകളായത്. അന്വേഷിച്ച് വരാനോ പരാതിപ്പെടാനോ അടുപ്പക്കാരില്ലാത്ത സ്ത്രീകളെ മദ്യവും മയക്കുമരുന്നും നല്‍കി വലയിലാക്കും. പിന്നീട് ബലാത്സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്യും. എല്ലാം കഴിയുമ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തും. മൃതദേഹം ഏതെങ്കിലും വിജനമായ വഴിയിലോ ഓടകളിലോ തള്ളും
 

serial killer samuel little dies in prison
Author
California, First Published Dec 31, 2020, 10:41 AM IST

അമേരിക്കയില്‍ ഇന്നോളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങളുടെ ചരിത്രത്തില്‍ രക്തത്താല്‍ രേഖപ്പെടുത്തപ്പെട്ട പേരാണ് സാമുവല്‍ ലിറ്റില്‍. ലോകത്താകെയും നടന്നിട്ടുള്ള സീരിയല്‍ കില്ലിംഗ് കേസുകളില്‍ തന്നെ ഏറ്റവും ഭീകരനെന്ന് അറിയപ്പെടുന്ന ഈ കൊലയാളി എണ്‍പതാം വയസില്‍ ജയിലിനകത്ത് വച്ച് തന്നെ മരണത്തിന് കീഴടങ്ങിയിരിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.  

മരണകാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലമാണെന്നാണ് പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത്. 

മൂന്ന് കൊലപാതകങ്ങളുടെ പേരില്‍ 2014ല്‍ ശിക്ഷിക്കപ്പെടുമ്പോഴും സാമുവലിന്റെ ഇരുണ്ടതും ചോര മണക്കുന്നതുമായ ഭൂതകാലത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്കോ പൊലീസിനോ അറിയില്ലായിരുന്നു. 

കാലിഫോര്‍ണിയയിലെ ജയിലില്‍ കഴിയവേ 2018ലാണ് പിന്നീട് സാമുവല്‍ തന്റെ പഴയകാലത്തെ കുറിച്ച് കുറ്റസമ്മതം നടത്തുന്നത്. ഞെട്ടിക്കുന്ന സംഭവകഥകളായിരുന്നു സാമുവലിന് പറയാനുണ്ടായിരുന്നത്. 19 സ്റ്റേറ്റുകളിലായി 93 കൊലപാതകങ്ങള്‍ താന്‍ നടത്തിയെന്ന് അയാള്‍ ഏറ്റുപറഞ്ഞു. 

കൗമാരകാലത്ത് തന്നെ ആളുകളെ കൊല ചെയ്യാനുള്ള ആഗ്രഹം തന്നില്‍ ഉദയം കൊണ്ടിരുന്നുവെന്നും മുപ്പത്തിയൊന്നാം വയസില്‍ സാഹചര്യമൊത്ത് വന്നപ്പോഴായിരുന്നു ആദ്യ കൊലപാതകമെന്നും സാമുവല്‍ തുറന്നുപറഞ്ഞു. ആ കൊല സാമുവലിന് പ്രചോദനമായി. തുടര്‍ന്നങ്ങോട്ട് തനിക്കുള്ള ഇരകള്‍ക്കായി വല വിരിച്ച് കാത്തിരിക്കുകയായിരുന്നു സാമുവല്‍. 

കുടുംബങ്ങളില്‍ നിന്നും സാമൂഹികജീവിതത്തില്‍ നിന്നുമെല്ലാം മാറി, ജീവിക്കുന്ന സ്ത്രീകളാണ് അധികവും സാമുവലിന്റെ രക്തവെറിക്ക് ഇരകളായത്. അന്വേഷിച്ച് വരാനോ പരാതിപ്പെടാനോ അടുപ്പക്കാരില്ലാത്ത സ്ത്രീകളെ മദ്യവും മയക്കുമരുന്നും നല്‍കി വലയിലാക്കും. പിന്നീട് ബലാത്സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്യും. എല്ലാം കഴിയുമ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തും. മൃതദേഹം ഏതെങ്കിലും വിജനമായ വഴിയിലോ ഓടകളിലോ തള്ളും. 

പ്രത്യേകമായ മാനസികാവസ്ഥയായിരുന്നു സാമുവലിന്റേതെന്ന് അയാളെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്തിയ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. താന്‍ കൊന്നുതള്ളിയ ഓരോരുത്തരോടും ഹൃദയം നിറഞ്ഞ സ്‌നേഹമാണ് തനിക്കുള്ളതെന്ന് സാമുവല്‍ പറയുമായിരുന്നുവത്രേ. ആ സ്‌നേഹത്തിന്റെ ഓര്‍മ്മകളാണ് തന്നെ ജീവിപ്പിക്കുന്നതെന്ന് പോലും അയാള്‍ പറഞ്ഞു. 

പത്രപ്രവര്‍ത്തകയായ ജിലിയന്‍ ലോറന്‍ സാമുവലുമായി നടത്തിയ അഭിമുഖത്തിന്റെ വിശദാംശങ്ങളിലാണ് പ്രധാനമായും ഇത്തരം വിവരങ്ങള്‍ അടങ്ങിയിട്ടുള്ളത്. റെയ്‌നോള്‍ഡ്‌സ് എന്ന പട്ടണത്തിലായിരുന്നു സാമുവലിന്റെ ജനനം. നന്നെ ചെറുപ്പത്തില്‍ തന്നെ ആകെയുണ്ടായിരുന്ന അമ്മ സാമുവലിനെ ഉപേക്ഷിച്ച് പോയി. തുടര്‍ന്ന് ഒഹയോയില്‍ ബന്ധുക്കളോടൊപ്പമായിരുന്നു താമസം. 

പ്രശ്‌നഭരിതമായിരുന്ന കൗമാരം, യൗവ്വനം എന്നിവയെല്ലാം കടന്നുപോന്നപ്പോഴേക്കും സ്വയം തന്നെ നിയന്ത്രിക്കാനാകാത്ത വിധം കുറ്റകൃത്യങ്ങളുടെ ലോകത്ത് അയാള്‍ മുങ്ങിപ്പോയിരുന്നു. ആദ്യം സൂചിപ്പിച്ചത് പോലെ, ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകളെ കെണിയിലാക്കി ഇല്ലാതാക്കല്‍ അയാളുടെ വിനോദമായി മാറി. അധികവും കറുത്തവര്‍ഗക്കാരായ സ്ത്രീകളെ ആയിരുന്നു സാമുവല്‍ തെരഞ്ഞെടുത്തിരുന്നത്. 93 കൊലപാതകങ്ങളില്‍ അറുപത്തിയെട്ടും കറുത്ത വര്‍ഗക്കാരായ സ്ത്രീകള്‍ തന്നെ. 

തെളിവുകള്‍ ബാക്കി വയ്ക്കാതെ മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുന്ന സാമുവല്‍ എന്ന സീരിയല്‍ കില്ലറെ കുറ്റാന്വേഷകര്‍ക്കാര്‍ക്കും കണ്ടെത്താനായില്ല. ഒടുവില്‍ കുറ്റം ഏറ്റുപറഞ്ഞിട്ടും, അയാളുടെ കൈകളില്‍ പിടഞ്ഞുതീര്‍ന്ന മുഴുവന്‍ സ്ത്രീകളുടേയും വിശദാംശങ്ങള്‍ കണ്ടെത്താന്‍ പോലും പൊലീസിനായില്ല. ഇനിയും ഇരകളുടെ പട്ടിക പൂരിപ്പിക്കപ്പെടാതെ ബാക്കി കിടക്കുകയാണ്. സാമുവലിന്റെ മരണത്തോടെ ഇനി ആ പൂര്‍ത്തിയാകാത്ത പട്ടിക അതുപോലെ അവശേഷിച്ചേക്കാം.

Also Read:- അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ സീരിയൽകില്ലർ, കൊല്ലുന്നത് മയക്കുമരുന്നിനടിമകളെയും ലൈംഗികത്തൊഴിലാളികളേയും...

Follow Us:
Download App:
  • android
  • ios