പ്രണയബന്ധങ്ങളുടെ തകര്‍ച്ച ഏതൊരു വ്യക്തിയേയും ചെറുതല്ലാത്ത തരത്തില്‍ മാനസികമായും ചില സാഹചര്യങ്ങളില്‍ ശാരീരികമായും ബാധിക്കാറുണ്ട്. സ്ത്രീ ആയാലും പുരുഷനായാലും അക്കാര്യത്തില്‍ വ്യത്യാസങ്ങളില്ല. അത്രയും സുപ്രധാനമായ ബന്ധം ആയതിനാല്‍ത്തന്നെ, അതില്‍ നാം നടത്തുന്ന തെരഞ്ഞെടുപ്പിലും അത്രയും തന്നെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

പലപ്പോഴും കാമുകന്റെ, അല്ലെങ്കില്‍ കാമുകിയുടെ യഥാര്‍ത്ഥ സ്വഭാവം തിരിച്ചറിയുന്നത് പ്രണയവുമായി ഏറെ മുന്നോട്ടുപോയ ശേഷമായിരിക്കും. ഒരുപക്ഷേ എളുപ്പത്തില്‍ അതില്‍ നിന്ന് പുറത്തുകടക്കാന്‍ പോലും കഴിയാത്ത സാഹചര്യവും അപ്പോഴേക്കും വന്നിരിക്കും. അതിനാല്‍ പ്രണയബന്ധം തുടങ്ങും മുമ്പോ, അല്ലെങ്കില്‍ ആദ്യഘട്ടത്തിലോ തന്നെ പങ്കാളിയുടെ വ്യക്തിത്വത്തെ സൂക്ഷമമായി പരിശോധിക്കുകയും ആരോഗ്യകരമായ ബന്ധം സാധ്യമാണോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്.

അത്തരത്തില്‍ ശ്രദ്ധിക്കേണ്ട ഏഴ് പ്രധാന വിഷയങ്ങളെക്കുറിച്ച് റിലേഷന്‍ഷിപ്പ് വിദഗ്ധര്‍ സൂചിപ്പിക്കുന്നു

ഒന്ന്...

വൈകാരികമായ വിഷയങ്ങള്‍ വച്ച് 'ബ്ലാക്ക്‌മെയില്‍' ചെയ്യുന്ന സ്വഭാവമുള്ള വ്യക്തിയാണ് നിങ്ങളുടെ പങ്കാളിയെങ്കില്‍ ശ്രദ്ധിക്കുക. ഉദാഹരണത്തിന്, എന്നോട് സ്‌നേഹമുണ്ടെങ്കില്‍ അത് ചെയ്യരുത് എന്നെല്ലാം വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നത്. നിങ്ങളുടെ സ്‌നേഹത്തെ എത്തരത്തില്‍ ഉപയോഗിക്കണമെന്ന് അവര്‍ക്ക് അറിയാം എന്നാണ് ഇത്തരം 'ഡിമാന്‍ഡുകള്‍' സൂചിപ്പിക്കുന്നത്.

 

 

സ്വാഭാവികമായും ഇത് പിന്നീട് വലിയ പ്രശ്‌നങ്ങളിലേക്കേ ബന്ധത്തെ കൊണ്ടെത്തിക്കൂവെന്ന് വിദഗ്ധര്‍ പറയുന്നു.

രണ്ട്...

ഏതൊരു ബന്ധത്തിന്റേയും അടിസ്ഥാനം വിശ്വാസമാണെന്ന് നമ്മള്‍ പറയാറുണ്ട്. ഇത് വിശാലമായ അര്‍ത്ഥത്തില്‍ ശരി തന്നെയാണ്. എന്നാല്‍ ചിലര്‍ എപ്പോഴും സംശയം പ്രകടിപ്പിക്കുന്ന സ്വഭാവക്കാരായിരിക്കും. നിങ്ങള്‍ എവിടെ പോകുന്നു, ആരെ കാണുന്നു, ആരോടെല്ലാം സംസാരിക്കുന്നു എന്നെല്ലാം അന്വേഷിച്ചുകൊണ്ടിരിക്കുന്ന പങ്കാളി തീര്‍ച്ചയായും അത്തരത്തിലുള്ള ഒരാളാണെന്ന് മനസിലാക്കുക. ഇത് 'കെയര്‍' ആണെന്നും സ്‌നേഹമാണെന്നും അവര്‍ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തേക്കാം. എന്നാല്‍ ഇത് സംശയം തന്നെയാണെന്ന് നിങ്ങള്‍ മനസിലാക്കണം. ഒട്ടും ആരോഗ്യകരമായ സ്വഭാവമല്ല ഇതെന്നും തിരിച്ചറിയുക.

മൂന്ന്...

നിങ്ങളുടെ രഹസ്യങ്ങള്‍ ചുഴിഞ്ഞറിയാനുള്ള ത്വര പങ്കാളി കാണിക്കുന്നുണ്ടെങ്കില്‍ അയാളെ ശ്രദ്ധിക്കണം. ഉദാഹരണം, ഫോണ്‍ പാസ്വേര്‍ഡ് ചോദിക്കുന്നു, ഇ-മെയില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പാസ്വേര്‍ഡുകള്‍ ചോദിക്കുന്നു- ഇതെല്ലാം തീര്‍ത്തും അരക്ഷിതാവസ്ഥ അനുഭവിക്കുന്ന ഒരാളാണ് നിങ്ങളുടെ പങ്കാളിയെന്ന് സൂചിപ്പിക്കുന്ന ലക്ഷണമാണ്.

നാല്...

സദാസമയവും നിങ്ങളോടൊപ്പം തുടരുകയും, തിരിച്ച അയാള്‍ക്കൊപ്പം നിങ്ങളോട് തുടരാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു വ്യക്തി ക്രമേണ പ്രശ്‌നക്കാരനോ പ്രശ്‌നക്കാരിയോ ആകാന്‍ സാധ്യതയുള്ള ഒരാളാണെന്ന് മനസിലാക്കുക. എപ്പോഴും 'കെയര്‍' ആവശ്യപ്പെടുക, തീരെ അപ്രസക്തമായ കാര്യങ്ങള്‍ പോലും പങ്കുവയ്ക്കുകയും, തിരിച്ച് പങ്കുവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുക- ഇതെല്ലാം വൈകാരികമായ സ്ഥിരതയില്ലായ്മയായി കണക്കാക്കാവുന്നതാണ്.

അഞ്ച്...

മേല്‍പ്പറഞ്ഞതിന്റെ തുടര്‍ച്ചയാണ് ഇനി പറയുന്നതും. എപ്പോഴും ഫോണില്‍ വിളിച്ച് എന്ത് ചെയ്യുന്നു, എവിടെ നില്‍ക്കുന്നു, ആരുണ്ട് കൂടെ എന്നെല്ലാം അന്വേഷിക്കുന്ന പങ്കാളികളുണ്ട്.

 

അതും ഒട്ടും ആരോഗ്യകരമായ പ്രവണതയല്ല. ഇത് ഒരുതരത്തില്‍ 'ഒബ്‌സഷന്‍' തന്നെയാണ്.

ആറ്...

ഏതെങ്കിലും വിഷയത്തിന്റെ പേരില്‍ നിങ്ങളോട് അസൂയ പ്രകടിപ്പിക്കുന്നയാളാണ് നിങ്ങളുടെ പങ്കാളിയെങ്കില്‍ തീര്‍ച്ചയായും ആ ബന്ധം നിങ്ങള്‍ പുനപരിശോധിക്കുന്നതാണ് ഉത്തമം. ആരെങ്കിലും നിങ്ങളെ കോംപ്ലിമെന്റ് ചെയ്താല്‍ അതില്‍ അസൂയപ്പെടുന്നത്, നിങ്ങള്‍ പങ്കാളിയേക്കാള്‍ ഉന്നതിയിലെത്തുമ്പോള്‍ നിങ്ങളോട് വിരോധം കാണിക്കുന്നത് ഇതെല്ലാം വളരെ അനാരോഗ്യകരമായ പ്രവണതകളാണ്.

ഏഴ്...

എത്ര അടുപ്പമുള്ളവരാണെങ്കിലും പങ്കാളികള്‍ തമ്മില്‍ വ്യക്തിപരമായ 'സ്‌പെയ്‌സ്' അനുവദിക്കേണ്ടതുണ്ട്. എപ്പോഴും നിങ്ങളോടൊപ്പം തന്നെ സമയം ചിലവഴിക്കുന്നയാളാണ് നിങ്ങളുടെ പങ്കാളിയെങ്കില്‍ അല്‍പം കരുതുക. തിരിച്ചും അയാള്‍ അത് ആവശ്യപ്പെടുക കൂടി ചെയ്താല്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക. ഇത് അത്ര ആരോഗ്യകരമായ ലക്ഷണമല്ല. നിങ്ങളുടെ സാമൂഹിക ജീവിതം, സൗഹൃദങ്ങള്‍, കുടുംബബന്ധങ്ങള്‍ എന്നിങ്ങനെയുള്ള തലങ്ങളെല്ലാം അപകടപ്പെടാന്‍ ആ വ്യക്തിയുമായുള്ള പ്രണയം കാരണമായേക്കും.