ലൈംഗികത ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്. ലൈംഗിക വിദ്യാഭ്യാസം ആവശ്യമാണെന്ന വസ്തുത അംഗീകരിക്കുമ്പോള്‍ തന്നെ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അത് എത്രത്തോളം നടപ്പിലാക്കുന്നു എന്നതും നാം അറിഞ്ഞിരിക്കണം. ബയോളജി ക്ലാസ് മുറിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ് പലപ്പോഴും ഈ ലൈംഗിക വിദ്യാഭ്യാസം. ഇന്ത്യയിലെ ഇതേ അവസ്ഥ തന്നെയാണ് ചൈനയിലും.

അവിടെത്തെയും സ്വകാര്യ സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസം ഇതേ അവസ്ഥ തന്നെയാണ്. എന്നാല്‍ ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം ഇന്ന് എത്രത്തോളമുണ്ടെന്ന് ചൈനയിലെ  രക്ഷിതാക്കള്‍ക്കൊരു ധാരണയുണ്ട്. അതിലുപരി  ഈ വിഷയത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് ബോധമുളള ചൈനയിലെ സര്‍ക്കാര്‍ ലൈംഗിക വിദ്യാഭ്യാസ അധ്യാപകര്‍ക്ക് സര്‍ട്ടിഫിക്കേറ്റ് നല്‍കാനും തീരുമാനിച്ചു. 

ഇത്തരത്തില്‍ സര്‍ക്കാരിന്‍റെ ലൈസന്‍സ് ലഭിച്ച അധ്യാപകര്‍ ലൈംഗിക വിദ്യാഭ്യാസം പഠിപ്പിക്കാനായി വേനല്‍ക്കാല ക്യാമ്പുകളും നടത്തിവരുന്നു. പാട്ടും ഡാന്‍സും കളികളുമല്ലാതെ ലൈംഗിക വിഷയങ്ങളെ കുറിച്ച് പഠിപ്പിക്കുന്ന ക്യാമ്പുകളിലേക്ക് രക്ഷിതാക്കളും കുട്ടികളെ വിടുന്ന സാഹചര്യമാണ് ഇപ്പോള്‍ ചൈനയിലുളളത്. 

2018ലാണ് സര്‍ക്കാര്‍ ഈ മാതൃകാപരമായ തീരുമാനം എടുത്തത്. ഇപ്പോള്‍ ചൈനയില്‍ ഇത്തരത്തില്‍ ലൈസന്‍സുളള 330 അധ്യാപകരുണ്ട്. ഒരു കുട്ടി ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് മുമ്പ് തന്നെ ലൈംഗിക വിദ്യാഭ്യാസം നടത്തണമെന്ന് സെക്സോളജിസ്റ്റായ ഫാങ് ഗാങ് പറയുന്നു. ലോകത്ത് എല്ലാ സ്കൂളുകളിലും ഇത് പിന്‍തുടരണമെന്നും അദ്ദേഹം പറയുന്നു. 2013ലാണ് ഫാങ് ആദ്യമായി ലൈംഗിക വിദ്യാഭ്യാസത്തിനായി ക്യാമ്പ് തുടങ്ങിയത്.