ഇന്‍റര്‍നെറ്റും സ്മാർട് ഫോണുകളും വ്യാപകമായതോടെ ഇന്ത്യക്കാരുടെ ജീവിതരീതികളും മാറി. ഇന്ന് ഡേറ്റിങ് ആപ്പുകളുടെ എണ്ണവും അവ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഡേറ്റിങ് ആപ്പുകളിലൂടെ പങ്കാളിയെ കണ്ടെത്താന്‍ അത്ര എളുപ്പവുമാണ്. ടിന്റെര്‍ പോലുള്ള ഡേറ്റിങ് ആപ്ലിക്കേഷനുകളില്‍ സ്ത്രീകള്‍ ഇടക്കിടെ സന്ദര്‍ശിക്കുന്നത് അവര്‍ സുന്ദരിയാണെന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണ് എന്നാണ് ഒരു പഠനം പറയുന്നത്.

അതേസമയം പുരുഷന്മാര്‍ ഇത്തരം ആപ്ലിക്കേഷനുകളെ ആശ്രയിക്കുന്നതാകട്ടെ കുറച്ചുകാലത്തേക്കുള്ള സ്ത്രീ സൗഹൃദങ്ങള്‍ക്കും ലൈംഗികതയ്ക്കും വേണ്ടിയും. ഇതില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴിയെ കുറിച്ച് പല സ്ത്രീകള്‍ക്കും വലിയ ധാരണ ഒന്നുമില്ല. ഡേറ്റിങ് ആപ്പുകളിലൂടെ പങ്കാളിയെ തേടിയിറങ്ങിയ സ്ത്രീകളില്‍ 31 ശതമാനം പേരും ബലാത്സംഗം ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്  എന്നാണ് പുതിയ ഒരു പഠനം പറയുന്നത്. 

ഡേറ്റിങ് ആപ്പുകളില്‍ ലൈംഗിക കുറ്റവാളികള്‍ ഒളിഞ്ഞിരിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്ന ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡേറ്റിങ് ആപ്പുകള്‍ ഒരിക്കലും അതില്‍ അംഗമാകുന്നവരുടെ പശ്ചാത്തലം പരിശോധിക്കാറില്ല. അതും കുറ്റകൃത്യങ്ങള്‍ കൂടുന്നതിന് പ്രധാന കാരണമാകുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സ്ത്രീകള്‍ ഒരാളെ കാണാനിറങ്ങുന്നതിന് മുന്‍പ് അയാളെ കുറിച്ച് സോഷ്യല്‍ മീഡിയയിലടക്കം കിട്ടാവുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായും പരിശോധിക്കണമെന്നാണ് ഇതേ കുറിച്ച് ജൂലി സ്പിറാ എന്ന എഴുത്തുകാരി പറയുന്നത്. ഡേറ്റിങ് ആപ്പ് വഴി ഒരാളെ ആദ്യമായി കാണാന്‍ ശ്രമിക്കുന്നെങ്കില്‍ അതിന് പൊതു സ്ഥലം തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും സുരക്ഷിതം എന്നും അവര്‍ പറയുന്നു. സ്വകാര്യ സ്ഥലത്തേക്ക് ഒറ്റയ്ക്ക് പോകാതിരിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത രീതിയിലുള്ള പെരുമാറ്റം ഉണ്ടായാല്‍ രക്ഷപ്പെടാനുള്ള മാര്‍ഗവും കൂടി കണ്ടെത്തുക. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട വ്യക്തിയെ കുറിച്ചും കൂടിക്കാഴ്ചയെ കുറിച്ചും ഏറ്റവും അടുത്ത ഒരു സുഹൃത്തിനോടെങ്കിലും പറയുക എന്നതും നല്ലതാണ്.  Columbia Journalism Investigations (CJI) ആണ് ഈ റിപ്പോര്‍ട്ടിന് പിന്നില്‍.